പാലക്കാട് വടക്കഞ്ചേരിയിൽ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കാരപ്പാടം സ്വദേശി ശ്രുതിയുടെ മരണമാണ് ഭർത്താവ് ശ്രീജിത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നതാണെന്ന് തെളിഞ്ഞത്. ഇതോടെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് റിമാൻ്റിൽ കഴിയുന്ന ശ്രീജിത്തിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.
ഭർതൃവീട്ടിൽ നിന്നും തീപൊള്ളലേറ്റ് മരിച്ച കാരപ്പാടം സ്വദേശി ശ്രുതിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഈ കേസിൽ ഭർത്താവ് ശ്രീജിതിനെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ശ്രുതിയെ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മക്കളും സംഭവത്തിന് ദൃക്സാക്ഷികളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
കുട്ടികളും ശ്രീജിതിനെതിരെ മൊഴി നൽകിയിട്ടുണ്ട്. ജൂൺ 18നാണ് വൈകീട്ട് മൂന്നരയ്ക്ക് ശ്രുതിയെ തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുന്നത്. ജൂൺ 21ന് ഇവർ മരിച്ചു. ശ്രുതി സ്വയം ചെയ്തതാണെന്നായിരുന്നു ഇവർ ആദ്യം നൽകിയ മൊഴി. കുട്ടികളും ഇക്കാര്യം ആവർത്തിച്ചു. എന്നാൽ ഇത് ശ്രീജിത്തിൻ്റെ ഭീഷണിമൂലമാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ അന്നേ പൊലീസിൽ പരാതി നൽകിയിരുന്നു.
തീപ്പൊള്ളലേറ്റ സമയത്ത് ഭർത്താവ് ശ്രീജിത്തും എട്ടും നാലും വയസ്സായ രണ്ട് ആൺമക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശ്രുതിയെ ഭർത്താവ് മനപ്പൂർവ്വം തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ചു മാതാപിതാക്കൾ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ മൊഴിയും നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തും ശ്രുതിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വഴക്കുകൾ പതിവായി ഉണ്ടായിരുന്നതായും വെളിവായത്.
ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ശ്രുതി തിരിച്ചറിഞ്ഞതോടെ ഇവരെ ശ്രീജിത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. റിമാൻ്റിൽ കഴിയുന്ന ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.