• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയുടെ സ്ഥാപനം തകർക്കാൻ മോഷണത്തിന് ക്വട്ടേഷൻ: ഭർത്താവ് അറസ്റ്റിൽ

ഭാര്യയുടെ സ്ഥാപനം തകർക്കാൻ മോഷണത്തിന് ക്വട്ടേഷൻ: ഭർത്താവ് അറസ്റ്റിൽ

അകന്നുകഴിയുന്ന ജീവിത പങ്കാളിയുടെ സ്ഥാപനത്തോടുള്ള ശത്രുതയാണ് മോഷണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

  • Last Updated :
  • Share this:
ഭാര്യയുടെ വ്യാപാര സ്ഥാപനം തകർക്കുന്നതിനായി  മോഷണം നടത്താൻ ക്വട്ടേഷൻ നൽകിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.  പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി നേതാവ് ആറുമുഖൻ പത്തിച്ചിറ അറസ്റ്റിലായത്. ഭാര്യ അർസാദിന്റെ പോത്തമ്പാടം ഹാപ്പി ഹെർബൽ എന്ന സ്ഥാപനത്തിൽ ഓഗസ്റ്റ് 13 -ന് പുലർച്ചെനടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇപ്പോൾ അകന്നുകഴിയുന്ന ജീവിത പങ്കാളിയുടെ സ്ഥാപനത്തോടുള്ള ശത്രുതയാണ് മോഷണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഓഗസ്റ്റ് 13-ന് പുലർച്ചെ രണ്ടോടെയാണ് സ്ഥാപനത്തിന്റെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടുതകർത്ത് കവർച്ച നടന്നത്. മൂന്ന് ഹാർഡ് ഡിസ്കുകൾ, ഏഴ് പെൻഡ്രൈവ്, അഞ്ച് എസ്.ഡി. കാർഡുകൾ, സ്മാർട്ട് ടി.വി., ഇൻറർനെറ്റ് മോഡം, പാസ് വേഡുകൾ എഴുതിയ ബുക്ക്, ആയുർവേദ ഉത്പന്നങ്ങളുടെ ചേരുവകൾ എഴുതിയ ഫയലുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും സി.സി.ടി.വി. പരിശോധനയിലും  രണ്ടുപേരെ  കണ്ടെത്തിയിരുന്നു.

ചിറ്റൂർ  നാട്ടുകൽ സ്വദേശി ഷമീർ, പൊന്നാനി സ്വദേശി ഓട്ടോ സുഹീൽ എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം ആറുമുഖനിലേക്ക് എത്തിയത്.  വനിതാ സുഹൃത്തിൻ്റെ ഭർത്താവിനെ വെട്ടിയ കേസിൽ അറസ്റ്റിലായി ചിറ്റൂർജയിലിലായ ആറുമുഖൻ നടത്തിയ ഗൂഢാലോചനയാണ് മോഷണമെന്ന് തെളിഞ്ഞു.

Also Read:-കോഴിക്കോട് കൊലപാതകകേസില്‍ കോടതി വെറുതേവിട്ട 'കുപ്രസിദ്ധ പയ്യൻ' POCSO കേസില്‍ അറസ്റ്റില്‍

കാമ്പ്രത്ത്ചള്ള പെട്രോൾ പമ്പിൽനടന്ന മോഷണക്കേസിൽ റിമാൻഡിലായിരുന്ന സുഹീലുമായും കൊഴിഞ്ഞാമ്പാറയിലെ വധശ്രമക്കേസിൽ റിമാൻഡിലായ ഷമീറുമായും സൗഹൃദം സ്ഥാപിച്ചു. ജാമ്യത്തിലിറങ്ങിയശേഷം ഷമീറും സുഹീലും ചേർന്ന് മോഷണം നടത്തുകയായിരുന്നു. ഈ സമയത്ത് ആറുമുഖനും ജയിൽ മോചിതനായിരുന്നു.കഴിഞ്ഞ ദിവസം തൃശൂർ പാവറട്ടിയിൽ ഓട്ടോ സുഹൈലിനെ മോഷണ കേസിൽ പിടികൂടിയിരുന്നു. ഷമീറിനെ കൊഴിഞ്ഞാമ്പാറ പൊലീസും പിടികൂടി. ഇതോടെ ഇരുവരെയും കൊല്ലങ്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആറുമുഖനെതിരെ പ്രതികൾ മൊഴി നൽകിയത്‌.

ഭാര്യയുമായി പിണങ്ങി പിരിഞ്ഞ നേരം ആറുമുഖൻ മറ്റൊരു സ്ഥാപനം തുടങ്ങിയെങ്കിലും വേണ്ടത്ര ബിസിനസ് ലഭിച്ചിരുന്നില്ല. ഇതോടെയാണ് ലാഭത്തിൽ പ്രവർത്തിച്ചിരുന്ന അർസാദിൻ്റെ സ്ഥാപനം തകർക്കാൻ നീക്കം നടത്തിയത്. കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും പാസ് വേർഡ് എഴുതിയ ബുക്കും മോഷണം പോയപ്പോൾ തന്നെ സ്ഥാപനവുമായി ബന്ധമുള്ള ആളാണ് ഇതിന് പിന്നിലെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയിലിൽനടന്ന ഗൂഢാലോചനയെത്തുടർന്ന് ആറുമുഖന്റെ നിർദേശാനുസരണമാണ് മോഷണമെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

ചിറ്റൂർ ഡിവൈ.എസ്.പി. സി. സുന്ദരന്റെ നിർദേശപ്രകാരം കൊല്ലങ്കോട് ഇൻസ്പെക്ടർ എ. വിപിൻദാസ്, എസ്.ഐ. മാരായ സി.കെ. മധു, കെ. കാശിവിശ്വനാഥൻ, എ.എസ്. ഐ. കെ. രാജേഷ്, എസ്.സി.പി.ഒ. എം. മോഹനൻ, സി.പി.ഒ. മാരായ എസ്. ജിജോ, എസ്. റഫീഖ്, എം. ജിഷ, എസ്. സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്ലാച്ചിമട സമരത്തിൽ മുൻപന്തിയിൽ നിന്നിരുന്ന നേതാവായിരുന്നു ആറുമുഖൻ പത്തിച്ചിറ. എന്നാൽ ഭിന്നതകളെ തുടർന്ന് ഇദ്ദേഹം സമരസമിതിയുമായി അകന്നു നിൽക്കുകയാണ്.
Published by:Arun krishna
First published: