Shot Dead| ഇടുക്കി വെടിവെയ്പ്പ്: കണ്ടെടുത്തത് നാടൻ തോക്കല്ല; ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ കമ്പനി നിർമ്മിത തോക്ക്
Shot Dead| ഇടുക്കി വെടിവെയ്പ്പ്: കണ്ടെടുത്തത് നാടൻ തോക്കല്ല; ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ കമ്പനി നിർമ്മിത തോക്ക്
ഒരു വെടിയിൽ ഒട്ടേറെ ചില്ലുകൾ തെറിക്കുന്ന രീതിയിലുള്ളതാണ് ഫിലിപ്പിന്റെ കൈവശം ഉണ്ടായിരുന്ന തോക്ക്. ജനക്കൂട്ടത്തിൽ വെടിവച്ചാൽ ഒട്ടേറെ പേർക്ക് അപകടം ഉണ്ടാകാൻ സാധ്യത ഉള്ളയിനം തോക്കാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്
തൊടുപുഴ: മൂലമറ്റത്ത് സനൽ സാബുവിനെ വെടിവച്ചു കൊന്ന കേസിൽ (Murder Case) പ്രതിയുടെ പക്കൽ നിന്നും പിടികൂടിയ തോക്ക് ലൈസൻസില്ലാത്തതെന്ന് പൊലീസ്. വിദഗ്ദരുടെ പരിശോധനയിൽ നാടൻ തോക്കല്ലെന്നും കമ്പനി നിർമിതമാണെന്നും കണ്ടെത്തി. പ്രതി ഫിലിപ്പ് മാർട്ടിൻ 2014 ൽ കരിങ്കുന്നം സ്വദേശിയായ ഇരുമ്പുപണിക്കാരനിൽ നിന്നും തോക്ക് 1 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്ന് പൊലീസിനു മൊഴി നൽകി. അതേസമയയം പോസ്റ്റുമോർട്ടത്തിനുശേഷം ജനമനാട്ടിലെത്തിച്ച സനലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും.
പ്രതി ഫിലിപ്പ് മാർട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തോക്കിന്റെ ഉറവിടം അറിയുവാൻ കരിങ്കുന്നം പ്ലാന്റേഷനിലെ ഇരുമ്പുപണിക്കാരനെ കുറിച്ച് പൊലീസ് അന്വേഷിച്ചു. ഇരുമ്പുപണിക്കാരൻ രണ്ടുവർഷം മുൻപ് മരിച്ചുപോയെന്ന് സ്ഥിരീകരിച്ചു. ഒരേ സമയം രണ്ട് തിരകൾ നിറയ്ക്കാൻ കഴിയുന്ന ഡബിൾ ബാരൽ വിഭാഗത്തിൽ പെട്ട തോക്കാണ് ഇരുമ്പുപണിക്കാരൻ നൽകിയത്. ഈ തോക്ക് ഉപയോഗിച്ചാണ് ഫിലിപ്പ് മാർട്ടിൻ സനലിന്റെ ജീവനെടുത്തത്.
പ്രതിക്ക് തോക്കിൽ നിറയ്ക്കാനുള്ള തിരകൾ ലഭിച്ചതടക്കം ഉള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. സംഭവ ദിവസം മുട്ടത്തുവച്ച് ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കുമ്പോൾ തോക്കിനുള്ളിൽ രണ്ടു തിരകളും വാഹനത്തിൽ നിന്നും ഒരു തിരയും കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ചും പോലീസ് അന്വേഷിക്കും. അറക്കുളത്തുള്ള തട്ടുകടയുടെ മുൻവശത്തും എകെജി കവലയിലും വച്ച് പ്രതി വെടിയുതിർത്തിരുന്നു.
കൂടുതൽ തിരകൾ പ്രതി സൂക്ഷിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. ഒരു വെടിയിൽ ഒട്ടേറെ ചില്ലുകൾ തെറിക്കുന്ന രീതിയിലുള്ളതാണ് ഫിലിപ്പിന്റെ കൈവശം ഉണ്ടായിരുന്ന തോക്ക്. ജനക്കൂട്ടത്തിൽ വെടിവച്ചാൽ ഒട്ടേറെ പേർക്ക് അപകടം ഉണ്ടാകാൻ സാധ്യത ഉള്ളയിനം തോക്കാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. അതേസമയം മരിച്ച സനലിന്റെ സംസ്കാരം ഇന്ന് നടക്കും. സനലിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പ്രദീപ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.