തിരുവനന്തപുരം: പീഡനക്കേസില്‍ പൊലീസ് തിരയുന്ന മുൻ ഇമാമിന് എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ പേര് പറഞ്ഞ് കേസില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇതിനിടെ കഴിഞ്ഞ ദിവസം ഇമാം ഷഫീക് അല്‍ ഖാസ്മി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പിന്നീട് വക്കാലത്ത് മടക്കി വാങ്ങിയ ഇമാം പൊലീസിനു മുന്നില്‍ കീഴടങ്ങിയേക്കുമെന്നാണ് വിവരം.
തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്നും തനിക്കെതിരെ പൊലീസ് കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. കള്ളക്കേസിന് പിന്നില്‍ സി.പി.എം ആണെന്നും ആരോപണമുണ്ടായിരുന്നു. താന്‍ എസ്.ഡി.പി.ഐയുടെ യോഗങ്ങളില്‍ പ്രസംഗിക്കാറുണ്ട്. ഇതേത്തുടർന്നുള്ള വൈരാഗ്യത്തിലാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. സി.പി.എം പ്രാദേശിക നേതാവായ പള്ളിക്കമ്മിറ്റി പ്രസിഡന്റാണ് പരാതി നല്‍കിയതെന്നും ഷഫീക് അല്‍ ഖാസ്മി വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി. വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞ സാഹചര്യത്തിലായിരുന്നു നടപടി.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇമാമിനെതിരെ മൊഴി നല്കാതിരിക്കാന് അമ്മയും ഇളയച്ചനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പീഡന വിവരം പുറത്തു വന്നതിനെ തുടർന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പൊലീസും സമീപിച്ചെങ്കിലും ആദ്യഘട്ടത്തില്‍ പെണ്‍കുട്ടി മൊഴി നല്കാന് തയ്യാറായിരുന്നില്ല. മൂന്ന് ദിവസം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സിലിംഗിന് ഒടുവിലാണ് ഇമാമിനെതിരെ മൊഴി നല്‍കിയത്. ഉമ്മയും ഇളയച്ചനും ഇമാമിനെതിരെ മൊഴി നല്‍കുന്നത് വിലക്കിയെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. നേരത്തെയും ഇമാമില്‍ നിന്നും പീഡനശ്രമം ഉണ്ടായതായും മൊഴിയുണ്ട്.
പീഢനം നടന്ന പേപ്പാറ വനമേഖലയില്‍ ഇന്നലെ പെണ്‍കുട്ടിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ ഒളിവില്‍ കഴിയുന്ന ഇമാം ഇന്നും കീഴടങ്ങാന്‍ തായാറായില്ലെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
Also Read
എസ്.ഡി.പി.ഐ വേദിയിൽ പ്രസംഗിച്ചതിന്റെ വൈരാഗ്യം; CPM കള്ളക്കേസ് എടുത്തെന്ന് മുൻ ഇമാം ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.