• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

രണ്ടു പെണ്ണുങ്ങളും ഒരു ജയിൽചാട്ടവും: നാടകീയമായ 48 മണിക്കൂറുകൾ 

ചൊവ്വാഴ്ച വൈകിട്ടാണ് ജയിൽ ചാടിയത്.  രണ്ട് രാത്രിയും രണ്ട് പകലും കഴിഞ്ഞ് വെള്ളിയാഴ്ച  പൊലീസ് ഇവരെ പിടികൂടി.

news18
Updated: June 29, 2019, 3:39 PM IST
രണ്ടു പെണ്ണുങ്ങളും ഒരു ജയിൽചാട്ടവും: നാടകീയമായ 48 മണിക്കൂറുകൾ 
സന്ധ്യയും ശിൽപമോളും
 • News18
 • Last Updated: June 29, 2019, 3:39 PM IST IST
 • Share this:
തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിൽ ചാടിയ വനിത തടവുകാരുടെ രണ്ട് ദിവസം നാടകീയത നിറഞ്ഞതായിരുന്നു. ജയിൽ ചാടിയതു മുതൽ പിടിക്കപ്പെടുന്നതു വരെ പലരെയും ഇവർ കബളിപ്പിച്ചു. ഓട്ടോഡ്രൈവർ, മെഡിക്കൽ കോളേജിലെ രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ, സെക്കൻഡ് ഹാൻഡ് വാഹന വിൽപ്പനക്കാരൻ അങ്ങനെ നീളുന്നു 48 മണിക്കൂറിൽ ഇവർ പറ്റിച്ചവരുടെ പട്ടിക.

also read: BREAKING: വാളയാറിൽ വാഹനാപകടത്തിൽ അഞ്ചു മരണം, മരിച്ചവരിൽ മൂന്ന് കുട്ടികൾ

കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു വനിത തടവുകാർ ജയിൽ ചാടുന്നത്. അതുകൊണ്ട് തന്നെ അവരെ എത്രയും പെട്ടെന്ന് തന്നെ കണ്ടെത്തുക എന്നത് പൊലീസിന്റെ അഭിമാന പ്രശ്നം തന്നെയായിരുന്നു. മോഷണക്കേസ് പ്രതികളായ പാലോട് ഊന്നുമ്പാറ സ്വദേശി ശിൽപ, വർക്കല സ്വദേശി സന്ധ്യ എന്നിവർ ചൊവ്വാഴ്ച വൈകിട്ടാണ് ജയിൽ ചാടിയത്.  രണ്ട് രാത്രിയും രണ്ട് പകലും കഴിഞ്ഞ് വെള്ളിയാഴ്ച  പൊലീസ് ഇവരെ പിടികൂടി.

വ്യക്തമായ ആസൂത്രണം

ജയിലിൽ നിന്ന് അടുത്തെങ്ങും മോചനം ഉണ്ടാകില്ലെന്ന ഭയമാണ് ഇവര്‍ ജയിൽ ചാടാൻ കാരണം. തയ്യൽ ജോലിക്ക് ജയിൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പോയപ്പോഴാണ് പരിസരം നിരീക്ഷിച്ചത്. ഇതോടെ ജയിൽ ചാടുന്നത് വ്യക്തമായി ആസൂത്രണം ചെയ്തു.

ചാട്ടം ഇങ്ങനെ

Loading...

ജയിലിനു പുറകു വശത്ത് ശുചിമുറികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മതിൽ ചാടിയാണ് രക്ഷപ്പെട്ടത്. ബയോഗ്യാസ് പ്ലാന്റിലെ മാലിന്യം ഇളക്കാനായി സൂക്ഷിച്ചിട്ടുള്ള ഇരുമ്പ് കമ്പിയിൽ നനഞ്ഞ തോർത്തും സാരിയും ചുറ്റി പടിയുണ്ടാക്കി മതിലിൽ കയറി. മതിലിൽ നിന്ന് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കയറി. കെട്ടിടത്തിന്റെ മതിലും കടന്നാണ് ഇരുവരും പുറത്തു കടന്നത്. സഹതടവുകാരിയുടെ സഹായവും ഇതിന് ലഭിച്ചു.

ആദ്യം മണക്കാട്ടേക്ക്; ഓട്ടോക്കാരനെപ്പറ്റിച്ച് മെഡിക്കൽ കോളേജിൽ

ജയിൽചാടിയ ഇരുവരും ആദ്യം മണക്കാട്ടേക്കാണ് എത്തിയത്. രാത്രി ഏഴരയോടെ ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളേജിൽ എത്തി. ബന്ധുക്കളിൽ നിന്ന് പണം വാങ്ങി വരാമെന്ന് പറഞ്ഞ് ഓട്ടോക്കാരനെ പറ്റിച്ച് മുങ്ങി. രോഗികൾ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ കവർന്ന് വേഷം മാറി. രോഗത്തിന്റെ പേര് പറഞ്ഞ് ആശുപത്രിയിലെത്തിയവരിൽ നിന്ന് ഇവർ പണം വാങ്ങുകയും ചെയ്തു.

ഭർത്താവിന്റെ ബൈക്കിൽ വർക്കലയിലേക്ക്

ഇതിനിടെ സന്ധ്യ ഭർത്താവ് ബിനുവിനെ വിളിച്ചുവരുത്തി. മൂവരും ബിനുവിന്റെ ബൈക്കിൽ വർക്കലയിലേക്ക് പോയി. അവിടെ ബിനു പണി ചെയ്യുകയായിരുന്ന കെട്ടിടത്തിൽ അന്നുരാത്രി കഴിഞ്ഞു. അടുത്ത ദിവസം ബിനു നൽകിയ സ്വർണവുമായി കൊട്ടാരക്കരയിലെത്തി. സ്വർണം പണയംവെച്ച 3000 രൂപയുമായി കാപ്പിലെത്തി. ഇതിനിടെ ഇരുവരെയും കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും കാപ്പിലെത്തി. ഇതോടെ യാത്ര റെയിൽവെ ട്രാക്കിലൂടെയായി. ട്രാക്കിലൂടെ നടന്ന് തലേദിവസം കഴിഞ്ഞ കെട്ടിടത്തിലെത്തി. അവിടെ നിന്ന് പൊലീസിനെ വെട്ടിച്ച് മറ്റൊരു കെട്ടിടത്തിൽ അഭയം തേടി.

ഓട്ടോയിൽ പരവൂരിലേക്ക്

പിറ്റേന്നു രാവിലെ ഓട്ടോയിൽ പരവൂരിലേക്ക് പോയി. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് രണ്ട് കോളുകൾ വിളിച്ചു. ഒരാളുടെ കാമുകനെയായിരുന്നു വിളിച്ചത്.  പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്രൈവർ ബാഹുലേയൻ പാരിപ്പള്ളിയിൽ ഇരുവരെയും ഇറക്കിയശേഷം ഇവർ വിളിച്ച നമ്പറിലേക്ക് വിളിച്ച് കാര്യങ്ങൾ തിരക്കി. ഇക്കാര്യം അദ്ദേഹം പൊലീസിൽ അറിയിച്ചു. അതോടെ പാരിപ്പള്ളിയിലും പരിസരങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി.

സ്കൂട്ടർ കവര്‍ന്ന് നമ്പർ തിരുത്തി

കാമ്പാട്ടുകോണത്തെത്തിയ ഇവർ സെക്കൻഡ്ഹാൻഡ് ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന ബിസ്മി ഓട്ടോ കൺസൾട്ടൻസിയില്‍ വാഹനം വാങ്ങാനെന്ന മട്ടിലെത്തി. ടെസ്റ്റ് ഡ്രൈവിന് വാങ്ങിയ വാഹനവുമായി കടന്നു. കടയുടമ പരാതി നൽകിയതോടെ പൊലീസ് സ്കൂട്ടറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വാഹനവുമായി കടക്കുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചു. ഇതിനിടെ കൺമഷി ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ തിരുത്തി. KL02 AF373 എന്ന നമ്പര്‍ തിരുത്തി 878 ആക്കി.

ഓട്ടം പാലോട്ട് വരെ, ഒടുവിൽ പിടിയിൽ

കവർന്ന സ്കൂട്ടറുമായി പ്രതികളിലൊരാളായ ശിൽപ്പയുടെ പാലോട്ടുള്ള വീട്ടിലേക്കാണ് എത്തിയത്. ഇതിനിടെ പരിചയമുള്ള ഒരാൾ ഇവരെ കണ്ട് പിന്തുടർന്നെങ്കിലും അയാളെ കബളിപ്പിച്ച് കടന്നു. വീടിനു സമീപം സ്കൂട്ടർ ഒതുക്കി രണ്ട് സ്ത്രീകൾ വീടിരിക്കുന്ന ഭാഗത്തേക്ക് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയതോടെ തോട്ടത്തിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.

പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രവും  പാരിതോഷികവും

ജയില്‍ ചാടിയ വനിത തടവുകാരെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രശംസാ പത്രവും  പാരിതോഷികവും പ്രഖ്യാപിച്ചു  .  തടവ് ചാടിയവരെ പിടികൂടുന്നതിന് കാണിച്ച അർപ്പണബോധം പരിഗണിച്ചാണിത്.

തിരുവനന്തപുരം  റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ, പാലോട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ.മനോജ്, പാലോട് എസ്.ഐ. എസ് .സതീഷ് കുമാർ, പാങ്ങോട് എസ്.ഐ ജെ. അജയൻ, ഗ്രേഡ് എസ്.ഐ. എം. ഹുസൈൻ, പാങ്ങോട് ഗ്രേഡ് എ.എസ്.ഐ. കെ. പ്രദീപ്, വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിലീപ് കുമാർ, പാങ്ങോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിസ്സാറുദീൻ ആർ.എസ്  എന്നിവർക്കാണ് പ്രശംസാപത്രം ലഭിക്കുക. എസ്. ഐ റാങ്കിലും അതിനു താഴെയും ഉള്ള ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.

 

First published: June 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...