തമിഴ് സിനിമ രംഗത്തെ പ്രമുഖ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും വീടുകളും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. കണക്കില്‍പ്പെടുത്താത്ത 200 കോടി രൂപയുടെ അനധികൃത സ്വത്ത് റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ 26 കോടി രൂപയും 3 കോടിയലധികം വിലയുള്ള സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. കലൈപുലി എസ് താനു, എസ്.ആര്‍ പ്രഭു, ജി.എന്‍ അന്‍പുചെഴിയന്‍, കെ.ഇ ജ്ഞാനവേല്‍ രാജ, സത്യജ്യോതി ത്യാഗരാജന്‍ എന്നിവരുള്‍പ്പെടെ പത്തോളം പേരുടെ വീടുകളും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്. നിര്‍മ്മാതാക്കള്‍ക്ക് പണം നല്‍കാറുള്ള ഇടപാടുകാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ചെന്നൈ, മധുര, കോയമ്പത്തൂർ, വെല്ലൂർ എന്നിവിടങ്ങളിലായി ഓഗസ്റ്റ് 2 മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്നലെയാണ് പൂര്‍ത്തിയായത്.നിയമലംഘകരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ആദായനികുതി വകുപ്പ് പങ്കുവെച്ചിട്ടില്ല.ഗോപുരം ഫിലിംസ് ആൻഡ് പ്രൊഡക്ഷനും ഗോപുരം സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജിഎൻ അൻപു ചെഴിയന്‍റെ വീട്ടിലും ഓഫീസിലുമാണ് ആദ്യം തിരച്ചിൽ നടത്തിയത്.
നിർമ്മാതാവും വിതരണക്കാരനുമായ കലൈപുലി എസ് താണു, ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ എസ് ആർ പ്രഭു, നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍, സത്യജ്യോതി ത്യാഗരാജൻ എന്നിവരുടെ ഓഫീസുകളിലും വസ്തുവകകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.2020 ഫെബ്രുവരിയിൽ നടൻ വിജയ് നായകനായ 'ബിഗിൽ' റിലീസിന് ശേഷം ചെന്നൈയിലെ അൻപു ചെഴിയന്‍റെ വീട്ടിൽ നടന്ന പരിശോധനയിൽ 77 കോടി രൂപ കണ്ടെടുത്തിരുന്നു.
കോടികളുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്‍റെ ഡിജിറ്റല്‍ രേഖകള്‍, പ്രോമിസറി നോട്ടുകള്‍, നിര്‍മാണ കമ്പനികള്‍ക്ക് പണം കൈമാറിയതിന്‍റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.