പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു വനിത അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദയാ ഭീൽ (40) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ശരീരത്തിലെ തൊലി ചെത്തിമാറ്റിയ നിലയിൽ ആയിരുന്നെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ രംഗത്തെത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
“സംഭവത്തെക്കുറിച്ചുള്ള പല റിപ്പോർട്ടുകളും ഞങ്ങൾ കണ്ടു. എന്നാൽ കേസിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയില്ല. പക്ഷേ പാകിസ്ഥാൻ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നാണ് ഞങ്ങൾ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. അവരുടെ സുരക്ഷയും ക്ഷേമവും സർക്കാരിന്റെ ഉത്തരവാദിത്തമാണ്,” കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
സംഭവത്തിൽ സിന്ധ് പ്രവിശ്യയിൽ രോഷം ആളിക്കത്തുകയാണ്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ സെനറ്റർ കൃഷ്ണ കുമാരി ദയ ഭീലിന്റെ ഗ്രാമത്തിലെത്തി വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. “ദയാ ഭീൽ എന്ന 40 വയസുള്ള വിധവ ക്രൂരമായി കൊലചെയ്യപ്പെട്ടിരക്കുകയാണ്.
അവളുടെ ശരീരം അത്യന്തം ശോചനീയമായ അവസ്ഥയിലാണ് കണ്ടെത്തിയിരിക്കുന്നത്. തല ശരീരത്തിൽ നിന്ന് വേർപെട്ടിരുന്നു. കാട്ടുമൃഗങ്ങൾ അവളുടെ ദേഹം കടിച്ചുപറിച്ചിരുന്നു. സിൻജോരോ, ഷാപൂർചാകർ എന്നിവിടങ്ങളിൽ പോലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചിരുന്നു”, കൃഷ്ണ കുമാരി ട്വീറ്റ് ചെയ്തു.
“ക്രൂരമായി കൊലചെയ്യപ്പെട്ട ദയാ ഭീലിനെക്കുറിച്ചുള്ള വാർത്ത പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യില്ല. ഇസ്ലാമാബാദിലെ രാഷ്ട്രീയക്കാരോ സിന്ധ് സർക്കാരോ ഇതേക്കുറിച്ച് ഒരു പ്രസ്താവനയും പുറപ്പെടുവിക്കില്ല. സംഭവത്തിലെ യഥാർത്ഥ കുറ്റവാളികളെ പോലീസ് പിടികൂടുമോ? ഹിന്ദുക്കളെ തുല്യ പൗരന്മാരായി പരിഗണിക്കുമോ?”, വാർത്താ സ്ഥാപനമായ ദ റൈസ് ന്യൂസ് ട്വീറ്റ് ചെയ്തു.
പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പല വാർത്തകളും പുറത്തു വരുന്നുണ്ട്. മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയും സ്ത്രീകളെയും നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും വിധേയരാക്കുന്നു എന്നു ചൂണ്ടിക്കാട്ടി മുസ്ലീം പുരോഹിതൻ മിയാൻ അബ്ദുൾ ഹഖിനെതിരെ യുകെ സർക്കാർ ഈ മാസം ഉപരോധം ഏർപ്പെടുത്തിയിരുന്നു.
Also read- പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഇന്റർനാഷണൽ ഫോറം ഫോർ റൈറ്റ്സ് ആൻഡ് സെക്യൂരിറ്റിയും (IFFRAS) പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അപകടകരമായ സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. സിന്ധിൽ നിർബന്ധിത മതപരിവർത്തനങ്ങളും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണങ്ങളും വർദ്ധിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രായപൂർത്തിയാകാത്ത ഹിന്ദു, സിഖ്, ക്രിസ്ത്യൻ പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നത് രാജ്യത്ത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.