• HOME
 • »
 • NEWS
 • »
 • crime
 • »
 • ഇന്ത്യൻ-അമേരിക്കൻ വംശജനായ ഊബർ ഈറ്റ്‌സ് ഡെലിവറി ഏജന്റിന് കുത്തേറ്റു; പ്രതി അറസ്റ്റിൽ

ഇന്ത്യൻ-അമേരിക്കൻ വംശജനായ ഊബർ ഈറ്റ്‌സ് ഡെലിവറി ഏജന്റിന് കുത്തേറ്റു; പ്രതി അറസ്റ്റിൽ

പ്രതി തന്നെ കുത്തിയതിന്റെ കാരണം എന്താണെന്നറിയില്ലെന്നും ഒരു വാക്കു പോലും പറയാതെ വീണ്ടും വീണ്ടും കുത്തുകയായിരുന്നെന്നും യുവാവ് പറയുന്നു

 • Share this:
  ഇന്ത്യൻ-അമേരിക്കൻ വംശജനായ ഊബർ ഈറ്റ്‌സ് (Uber Eats) ഡെലിവറി ഏജന്റിന് കുത്തേറ്റതായി റിപ്പോർട്ട്. 100 ​​ലധികം കേസുകളിൽ പ്രതിയായ സീൻ കൂപ്പർ എന്നയാളാണ് കുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ ഭാരത്‍ ഭായ് പട്ടേൽ ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്.

  47 കാരനായ സീൻ കൂപ്പറിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും കൊലപാതക ശ്രമത്തിന് കുറ്റം ചുമത്തുകയും ചെയ്തു. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്നും അതിതീവ്രമായ വേദനയിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും പട്ടേൽ പറഞ്ഞു. കൂപ്പറിന്റെ പക്കൽ നിന്നും പട്ടേലിന്റെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

  പ്രതി തന്നെ കുത്തിയതിന്റെ കാരണം എന്താണെന്നറിയില്ലെന്നും ഒരു വാക്കു പോലും പറയാതെ വീണ്ടും വീണ്ടും കുത്തുകയായിരുന്നെന്നും ഭാരത്‍ ഭായ് പട്ടേൽ പറഞ്ഞതായി ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. സമീപത്തുള്ളവർ നോക്കി നിൽക്കുകയാണ് ചെയ്തതെന്നും ആരും തന്നെ സഹായിക്കാൻ എത്തിയില്ലെന്നും ഭാരത്‍ ഭായ് പട്ടേൽ കൂട്ടിച്ചേർത്തു.

  തന്റെ ബൈക്കോ പണമോ അങ്ങനെ എന്തെങ്കിലുമോ ആയിരിക്കാം പ്രതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ കുത്തിയ ആൾ തന്നോട് ഒന്നും ചോദിച്ചില്ലെന്നും ഇയാൾ പറയുന്നു.

  പുലർച്ചെ മൂന്നു മണിക്കാണ് ആക്രമണം നടന്നത്. അപ്പോൾ തന്റെ സമീപത്ത് മൂന്ന് പേർ ഉണ്ടായിരുന്നതായും അവർ ഒന്നും ചെയ്യാതെ 911 എന്ന നമ്പറിൽ വിളിക്കാൻ തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അവർ മദ്യപിച്ചിട്ടുണ്ടായിരുന്നിരിക്കാം എന്നാണ് തന്റെ നി​ഗമനം എന്നും അക്കൂട്ടത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നതായും പട്ടേൽ പറഞ്ഞു. എല്ലാ സമയത്തും പോലീസ് സാന്നിധ്യം ഉള്ള സ്ഥലമാണ് ഇത്. എന്നാൽ സംഭവം നടക്കുമ്പോൾ അവിടെ പോലീസ് ഉണ്ടായിരുന്നില്ല. പട്ടേലിനെ ബൈക്ക് തടഞ്ഞ് പലതവണ കുത്തിയ അക്രമി ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.

  ചൊവ്വാഴ്ച ന്യൂയോർക്കിലെ ലോവർ ഈസ്റ്റിൽ വെച്ചാണ് സംഭവം നടന്നത്. ക്യൂൻസിൽ താമസിക്കുന്ന മുപ്പത്തിയാറുകാരനായ പട്ടേൽ വിവാഹിതനും ആറു വയസുള്ള കുട്ടിയുടെ പിതാവുമാണ്.

  ബിഗ് കൂപ്പ് എന്ന് വിളിപ്പേരുള്ള സീൻ കൂപ്പർ പോലീസിന്റെ നോട്ടപ്പുള്ളിയായ ക്രിമിനലാണ്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ഇയാളെ വലിയ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നു.

  ത്രികോണ പ്രണയത്തിന്റെ പേരിൽ നിയമ വിദ്യാർത്ഥിയെ സഹപാഠി കുത്തി പരിക്കേൽപ്പിച്ച വാർത്ത ലഖ്നൗവിൽ നിന്നും അടുത്തിടെ പുറത്തു വന്നിരുന്നു. ചന്ദ്രഭൂഷൺ ഭരദ്വാജ് എന്ന 26 വയസ്സുകാരനാണ് കുത്തേറ്റത്. ഭരദ്വാജ് തന്റെ സഹപാഠിയായ അനിമേഷ് കുമാറിനൊപ്പം എൻവയോൺമെന്റൽ സയൻസ് ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. ക്ലാസ് അവസാനിക്കാറായപ്പോൾ ചന്ദൗലി സ്വദേശിയായ പ്രതി സുധാൻഷു ശേഖർ പിന്നിൽ നിന്ന് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.
  Published by:Anuraj GR
  First published: