ഓസ്ട്രേലിയൻ നഴ്സിനെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന ഇന്ത്യൻ യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. 2018ലാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ നഴ്സായ രാജ്‌വീന്ദർ സിങ്, ടോയ കോർഡിങ്‌ലെ എന്ന ഓസ്ട്രേലിയൻ യുവതിയെ കൊലപ്പെടുത്തിയത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ (5.23 കോടി രൂപ) ക്വീൻസ്‌ലൻഡ് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ക്വീൻസ്‌ലൻഡ് പൊലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയിൽ ഏറ്റവും വലിയ തുകയാണ് ഇത്.
2018 ഒക്ടോബറിൽ കേൺസിന്റെ വടക്ക് 40 കിലോമീറ്റർ മാറിയുള്ള വാങ്കെറ്റി ബീച്ചിൽ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ ടോയ കോർഡിങ്‌ലെയെ രാജ്‌വീന്ദർ കൊലപ്പെടുത്തുകയായിരുന്നു. കോര്‍ഡിങ്‌ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ ഭാര്യയെയും മൂന്നു മക്കളെയും ഓസ്ട്രേലിയയിൽ ഉപേക്ഷിച്ച് ഇയാൾ നാടുവിട്ടു.
Also Read- കോഴിക്കോട് ബാലവിവാഹം: വരനടക്കമുള്ള പ്രതികളെല്ലാം ഒളിവിൽ, CWC അടിയന്തര റിപ്പോർട്ട് തേടി
കോർഡിങ്‌ലെ കൊല്ലപ്പെട്ടതിനു പിറ്റേന്ന് ഒക്ടോബർ 22ന് കേൺസ് വിമാനത്താവളം വഴി രാജ്‌വീന്ദർ സിങ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. കേൺസിൽനിന്ന് സിഡ്നിയിൽ എത്തിയ ഇയാൾ 23ന് ഇന്ത്യയിലേക്കു പറന്നു. ഇയാൾ ഇന്ത്യയിൽ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2021 മാർച്ചിൽ ഇയാളെ കൈമാറണമെന്ന് ഓസ്ട്രേലിയ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. ഈ മാസമാണ് ഇതിന് അനുമതി ലഭിച്ചത്. പഞ്ചാബ് സ്വദേശിയായ ഇയാൾ ഇന്നിസ്ഫെയ്‌ലിൽ നഴ്സ് ആയാണ് ജോലി നോക്കിയിരുന്നത്.
പാരിതോഷിക പ്രഖ്യാപനത്തിന് പഞ്ചാബിലും പ്രചാരണം നൽകാൻ ക്വീൻസ്ലൻഡ് പൊലീസ് നടപടിയെടുത്തിരുന്നു. ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു അന്വേഷണം. ക്വീൻസ്ലന്റ് പൊലീസ് ഇന്ത്യയിലെത്തി ഇന്ത്യൻ സർക്കാരുമായി സഹകരിച്ചും അന്വേഷണം നടത്തി. ഇതിനു പിന്നാലെയാണ് രാജ്‌വീന്ദർ സിംഗിനെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australian, Nurse