• HOME
  • »
  • NEWS
  • »
  • crime
  • »
  • കടകൾ കുത്തിതുറന്ന് ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്നു; അന്തർസംസ്ഥാന മോഷണ സംഘം വലയിൽ

കടകൾ കുത്തിതുറന്ന് ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്നു; അന്തർസംസ്ഥാന മോഷണ സംഘം വലയിൽ

കൂലിപ്പണിക്കാർ എന്ന വ്യാജേന മാഹിയിൽ വാടക വീട് എടുത്ത് താമസിച്ചാണ് സംഘം കവർച്ച നടത്തിയത്

  • Last Updated :
  • Share this:
അന്തർ സംസ്ഥാന മോഷണ സംഘത്തെ (inter-state theft gang) മാഹി പോലീസ് വലയിലാക്കി. മാഹി പളളൂരിൽ കടകൾ കുത്തിതുറന്ന് ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ മൂന്ന് പേരുടെ സംഘത്തെയാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്.

ബീഹാർ സ്വദേശികളായ രാഹുൽ ജൈസ്വാൾ, ആലാം, ആസാം സ്വദേശി വാസിർ ഖാൻ എന്നിവരെയാണ് ഡൽഹിയിൽ നിന്നും പിടികൂടിയത്. മാഹി പോലീസ് സൂപ്രണ്ട് രാജശേഖര വെള്ളാട്ടിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇ - പ്ലാൻറ് എന്ന ഇലക്ട്രോണിക്സ് സ്ഥാപനത്തിൻറെ പള്ളൂർ ബ്രാഞ്ചിൽ നിന്നും എട്ടു ലക്ഷം രൂപയുടെ മൊബൈൽ ഉപകരണങ്ങളാണ് സംഘം മോഷ്ടിച്ചത്. ഇതുകൂടാതെ ഇരട്ടപ്പിലാക്കൂൽ മൊബി ഹബ് എന്ന കടയിൽ നിന്നും നാല് ലക്ഷം രൂപയുടെ ഫോണുകളും സ്മാർട്ട് വാച്ചുകളും കവർന്നു. കഴിഞ്ഞ ജൂൺ രണ്ടിന് രാത്രിയാണ് സംഘം രണ്ട് കടകളിലെയും മോഷണം നടത്തിയത്.

മോഷണം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. മോഷണസംഘം എത്തിയ ഓട്ടോറിക്ഷയുടെ നമ്പറും സിസിടി വി ക്യാമറയിലെ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അന്വേഷണത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സംഘം എത്തിയത് എന്ന് കണ്ടെത്തി.

ഇതര സംസ്ഥാനങ്ങളിൽ നടത്തിയ സമാനമായ മോഷണ രീതികൾ പോലീസ് പരിശോധിച്ചു. അതിൽ നിന്ന് മോത്തിഹാരി എന്ന സ്ഥലത്തെ കൊള്ളസംഘത്തിന്റെ രീതികളാണ് മാഹിയിലെ മോഷണത്തിലും നടന്നതെന്ന് കണ്ടെത്താനായി.

മോഷണ സ്ഥലത്തുനിന്ന് കിട്ടിയ കൈ രേഖകളിൽ ചിലത് ന്യൂ ഡൽഹിയിലെ ദ്വാരക പോലീസ് സ്റ്റേഷനിലെ കളവു കേസ് പ്രതിയുടെതാണെന്ന് കണ്ടെത്തി. ഇത് വാസിർ ഖാന്റെ ആണ് എന്ന് വ്യക്തമായതോടെ പിന്നീട് പോലീസ് അയാൾക്കുള്ള തിരച്ചിൽ ആരംഭിച്ചു.

മാഹി എസ്.ഐ. ഇളങ്കോവിന്‍റെ നേതൃത്വത്തിലുള്ള സംഘം വാസീർ ഖാന്റെ ഫോൺ നമ്പർ ശേഖരിച്ചു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രതിയുടെ താവളം തിരിച്ചറിഞ്ഞു. കൂട്ടാളികളായ രാഹുൽ ജൈസ്വാൾ, ആലം എന്നിവരെ ക്യാമറയിൽ നിന്ന് ലഭിച്ച ചിത്രങ്ങളിലൂടെയാണ് തിരിച്ചറിഞ്ഞത്.

വാസിർഖാൻ്റെ നേതൃത്വത്തിൽ കൂലി പണിക്കാണെന്ന വ്യാജേന മാഹിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചാണ് സംഘം മോഷണം നടത്തിവന്നത്. കടകളുടെ ഷട്ടറുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത ശേഷമാണ് അകത്ത് കടക്കുന്നത്. മോഷണ ശേഷം പളളൂരിൽ നിന്നും സംഘം കണ്ണൂരിൽ എത്തി ട്രെയിൻ മാർഗ്ഗം ബീഹാറിലേക്ക് പോയി. ബീഹാറിൽ എത്തിയ ശേഷം അവിടെ ഫോണുകൾ വില്പന നടത്തിയതായും പോലീസ് കണ്ടെത്തി.

20 ദിവസം ഡൽഹിയിൽ തന്നെയാണ് മാഹി പോലീസ് സംഘം പ്രതികളെ വലയിലാക്കിയത്. കേസിലെ മുഖ്യപ്രതി വാസിർ ഖാൻ ഇതിനു മുൻപും മൂന്ന് സമാന കേസികളിൽ പ്രതിയാണ്. മാഹി സി.ഐ. ആടൽ അരശൻ, എസ്.ഐ.മാരായ പ്രതാപൻ, ഇളങ്കോ, ക്രൈംസ് ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മാഹി ജുഡീഷ്യൽ മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Published by:user_57
First published: