• HOME
  • »
  • NEWS
  • »
  • crime
  • »
  • ഏലയ്ക്കാ കച്ചവടം മുതല്‍ വാഹന തട്ടിപ്പ് വരെ; പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത രാജ്യാന്തര തട്ടിപ്പ് വീരൻ പിടിയില്‍

ഏലയ്ക്കാ കച്ചവടം മുതല്‍ വാഹന തട്ടിപ്പ് വരെ; പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത രാജ്യാന്തര തട്ടിപ്പ് വീരൻ പിടിയില്‍

ഇയാളെ പിടികൂടിയ വാർത്ത വരുന്നതോടുകൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിൽ നിന്ന് പോലും ധാരാളം ആളുകൾ പരാതിയായി വരാൻ സാധ്യത ഉള്ളതായി പോലീസ് അറിയിച്ചു

  • Share this:
നിരവധി ആളുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത രാജ്യാന്തര തട്ടിപ്പുവീരന്‍ തിരുവനന്തപുരത്ത് പിടിയില്‍. കിളിമാനൂര്‍ അടയാമണ്‍ ജിഞ്ചയനിവാസില്‍ ജിനീഷിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റുചെയ്തത്. ഖത്തറിൽ ജോലി ചെയ്തു വരവേ വിദേശ മലയാളിയിൽ നിന്നും 2015ൽ 4.5 കോടി രൂപ തട്ടിയെടുത്തു മുങ്ങിയ ശേഷം ഇന്ത്യയിലുട നീളം വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിവരവെയാണ് പ്രതി കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത് .

മുൻപ് ഗൾഫിൽ ആളുകളെ കബളിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ച പ്രതി കേരളത്തിൽ വന്നതിനുശേഷം തനിക്ക് ഏലക്ക കയറ്റുമതിയുടെയും കുങ്കുമപ്പൂവിന്റെയും ബിസിനസ് ആണെന്നും പറഞ്ഞാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഇടുക്കി ജില്ലയിൽ അങ്ങോളം ഇങ്ങോളം ഉള്ള വൻകിട ഏലക്കാ വ്യാപാരികളിൽ നിന്നും തനിക്ക് എക്സ്പോർട്ട് ബിസിനസ് ആണെന്ന് വിശ്വസിപ്പിച്ച് ചെറിയ തുക അഡ്വാൻസ് നൽകി കോടിക്കണക്കിന് രൂപയുടെ ഏലക്ക വാങ്ങിരുന്നു. ശേഷം പണം ഇടപാടിൽ നിലവിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ബാങ്ക് ഗ്യാരണ്ടി നൽകി കബളിപ്പിച്ച് ലക്ഷങ്ങളുടെയും കോടികളുടെയും ഏലക്കാ വാങ്ങി ബാക്കി പണം നൽകാതെ കബളിപ്പിച്ചു മുങ്ങുകയാണ് പതിവ്.

Also Read-വീട്ടില്‍ നിന്ന് 8 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം 3 പേര്‍ പിടിയില്‍

ഈ രീതിയിൽ കുമളിയിലെ വൻകിട ഏലയ്ക്ക വ്യാപാരിയിൽ നിന്നും 50 ലക്ഷം രൂപയുടെ ഏലക്കായും കട്ടപ്പനയിലെ ഏലക്കാ വ്യാപാരിയിൽ നിന്ന് 70 ലക്ഷം രൂപയുടെ ഏലക്കായും വാങ്ങി കബളിപ്പിച്ചിട്ടുണ്ട്. എക്സ്പോർട്ട് ക്വാളിറ്റി ഏലയ്ക്ക നൽകാമെന്നും പറഞ്ഞ് വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപയും കോട്ടയം ജില്ലയിലെ ഗാന്ധിനഗർ സ്വദേശിയിൽ നിന്നും ഒന്നേ മുക്കാൽ കോടി രൂപയും എറണാകുളത്തുള്ള വിദേശ മലയാളിയിൽ നിന്നും മൂന്നര കോടി രൂപയും കോഴിക്കോടുള്ള വിദേശ മലയാളിയിൽ നിന്നും 60 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു.

ഇതിന് പുറമെ മൂന്നു തിരുവനന്തപുരം സ്വദേശികളിൽ നിന്നും വിദേശത്ത് കൊണ്ടുപോകാം എന്നും പറഞ്ഞു 15 ലക്ഷം രൂപ വാങ്ങുകയും കൂടാതെ വിവിധ മേഖലയിലെ നാല്പതോളം ആളുകളുടെ പാസ്പോർട്ട് സഹിതം ഉള്ള രേഖകൾ വാങ്ങി കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Also Read- സ്വര്‍ണക്കടത്തിന് എത്രയെത്ര വഴികള്‍ ; ചെരിപ്പിലും പാന്‍റ്സിന്‍റെ സിബ്ബിലും കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ സ്വർണം പിടിച്ചെടുത്തു

തിരുവനന്തപുരം സ്വദേശികളായ പലരിൽ നിന്നും രണ്ട് സ്വിഫ്റ്റ് കാറുകളും രണ്ട് ഇന്നോവ കാറുകളും ഒരു മാരുതി SX4 വാഹനവും വാടകയ്ക്ക് എടുത്ത് ഉടമകളെ കബളിപ്പിച്ച് വ്യാജരേഖ ഉണ്ടാക്കി പണയം വെച്ച് പണം തട്ടുകയും വയനാട് ഉള്ള ബ്രഹ്മഗിരി സൊസൈറ്റിയിൽ തനിക്ക് കുരുമുളക് കയറ്റുമതി ആണെന്ന് പറഞ്ഞ് രണ്ടുകോടി രൂപയുടെ കുരുമുളക് വാങ്ങിയശേഷം പണം നൽകാതെ ബാങ്കു ഗ്യാരണ്ടി നൽകി കബളിപ്പിക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

നിരവധി ആളുകളുടെ പരാതിയിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി വരവേ കട്ടപ്പന ഡിവൈഎസ്പിയും സംഘവും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് വാങ്ങുന്നതിന്റെ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രതി പിടിയിലായത്.

ഇയാളെ പിടികൂടിയ വാർത്ത വരുന്നതോടുകൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിൽ നിന്ന് പോലും ധാരാളം ആളുകൾ പരാതിയായി വരാൻ സാധ്യത ഉള്ളതായി പോലീസ് അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ പോലും ഇയാളുടെ തട്ടിപ്പ് പടർന്നു കിടക്കുന്നതായാണ് കരുതുന്നത്. ഇയാളെ ദേശീയ അന്വേഷണ ഏജൻസികൾ പോലും രഹസ്യമായി നിരീക്ഷിച്ചു വരുന്നതായി വിവരമുണ്ട്.  ഡിവൈഎസ്പി വി.എ നിഷാദ് മോൻ, എഎസ്ഐ വിജയകുമാർ എസ് സി പിഒ മാരായ സിനോജ് പി ജെ, ടോണി ജോൺ, ഗ്രേസൺ ആന്റണി, സിപിഒ മാരായ സുബിൻ പി എസ്, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Published by:Arun krishna
First published: