ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഒക്ടോബർ മൂന്നു വരെയാണ് ജുഡീഷ്യ കസ്റ്റഡി നീട്ടിയത്. ഡൽഹി പ്രത്യേക കോടതി ജഡ്ജി അജയ് കുമാർ കുഹാറിന്റേതാണ് വിധി. ചിദംബരത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ജുഡീഷ്യൽ റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സി.ബി.ഐയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത്. അറസ്റ്റു ചെയ്ത അതേ സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുന്നതിനെ എതിർത്തു.
തിഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തിന് ഡോക്ടർമാരുടെ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും കപിൽ സിബൽ കോടതിയിൽ സമർപ്പിച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നിർദ്ദേശിച്ചു.
ജയിലിൽ ചിദംബരത്തിന്റെ സെല്ലിനു പുറത്തുണ്ടായിരുന്ന കസേര എടുത്തുമാറ്റിയെന്നും തലയിണ പോലും അനുവദിച്ചിട്ടില്ലെന്നും മനു അഭിഷേക് സിഗ് വിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.