തിരുവനന്തപുരം: ഐഎസ്ആർഒ ഗുഢാലോചന കേസിൽ സിബി മാത്യൂസിനെതിരെ സിബിഐ ആരോപിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കുന്നതാണോ എന്ന് കോടതി. സിബി മാത്യൂസിനെതിരെ മുൻകൂർ ജാമ്യം നിഷേധിക്കാൻ തരത്തിലുള്ള ഘടകങ്ങൾ എഫ്ഐആറിൽ ഉണ്ടോയെന്നും കോടതി സിബിഐയോട് ആരാഞ്ഞു. എന്നാൽ കേസിലെ നാലാം പ്രതിയായായ സിബി മാത്യൂസിൻ്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ അന്വേഷണ റിപ്പോർട്ടുകൾ കൈവശം ഉണ്ടെന്നും ഇത് കോടതിയിൽ ഹാജരാക്കാൻ തയ്യാറാണെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ചാൽ സിബിഐയുടെ പുതിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്യുമോ എന്ന സിബി മാത്യൂസിൻ്റെ അഭിഭാഷകൻ്റെ ചോദ്യത്തിന് അറസ്റ്റ് ചെയ്യില്ല എന്ന് ഉറപ്പ് നൽകാനാകില്ലെന്നായിരുന്നു സിബിഐ അഭിഭാഷകൻ്റെ മറുപടി. ഇതോടെ സിബിഐ പറഞ്ഞ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു. സിബി മാത്യൂസ്, കെ കെ ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി വരുന്നത് വരെ രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നും സിബിഐയോട് കോടതി നിർദ്ദേശിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ഇവരെ ഒരു ലക്ഷം രൂപയുടെ ജാമ്യ വ്യവസ്ഥയിൽ വിടണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു.
മുൻ പൊലീസ് ഐ ബി ഉദ്യോഗസ്ഥൻമാർ അടക്കം 18 പേരാണ് കേസിലെ പ്രതികൾ. ഗുഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ, കസ്റ്റഡി മർദ്ദനം, അപകീർത്തിപ്പെടുത്തൽ തുടങ്ങി പത്തു വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ചാരക്കേസിൻ്റെ കേസ് ഡയറിയും സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ജയിൻ കമ്മിറ്റി റിപ്പോർട്ടും മുദ്രവച്ച കവറിൽ കോടതിയിൽ സിബിഐ ഹാജരാക്കി. കേസ് ജൂലൈ 26 ന് കോടതി വീണ്ടും പരിഗണിക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.