കൊച്ചി: കേരളത്തില്‍ അടുത്തിടെ പോലീസ് നിരവധി കഞ്ചാവ് വേട്ട നടത്തിയിരുന്നു. പോലീസിന്റെ പിടിയില്‍ അകപ്പെടുന്നവരിൽ അധികവും ചെറിയക്കച്ചവടക്കാരായിരുന്നു. വിതരണക്കാരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസം ഒഡീഷയിലെ രായഗഡ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന രണ്ട് പ്രധാന കഞ്ചാവ് കൃഷിക്കാരെ പോലീസ് പിടികൂടിയിരുന്നു. തടിയിട്ടപ്പറമ്പ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) കെഴ്സണ്‍ വി എമ്മിന്റെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
മാര്‍ച്ചില്‍ കഞ്ചാവ് ബീഡിയുമായി ഒരാളെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. കിഴക്കമ്പലം സ്വദേശിയായ ചെറിയാന്‍ ജോസഫിന്റെ പക്കല്‍ നിന്ന് 2.8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നടത്തിയ പരിശോധനയില്‍ വാഴക്കുളത്ത് നിന്ന് 70.4 കിലോയും എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ നിന്ന് 250 കിലോ കഞ്ചാവും പിടികൂടി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായ കബീറിനെയും നജീബിനെയും ചോദ്യം ചെയ്തതില്‍ നിന്ന് ഒഡീഷയില്‍ നിന്ന് 160 കിലോ കഞ്ചാവ് ഇവർ വാങ്ങിയതായി കണ്ടെത്തി. ഇതില്‍ 80 കിലോ പൊള്ളാച്ചിയില്‍ ഇറക്കുകയും ബാക്കി കൊച്ചിയിലെ കളമശേരിയില്‍ ഇറക്കിയെന്നുമാണ് പ്രതികള്‍ നൽകിയ വിവരം.
Also read-തൃശൂരിൽ ചെക്ക് ഡാമിൽ അപ്രതീക്ഷിതമായ ഒഴുക്ക്; അക്കരെ കടക്കുന്നതിനിടെ കാർ ഒഴുകിപോയി
ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷത്തിനൊടുവില്‍ ഒഡിഷയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ ടാങ്കര്‍ ലോറി ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശി സെല്‍വത്തെ പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ഒഡീഷ സ്വദേശിയായ സാംസണ്‍ ഗന്ധ (34) ആണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിലെ പ്രധാനിയെന്ന് മനസിലായത്. ഇതിന് പുറമെ, കേസിലെ പ്രതികള്‍ നടത്തിയ ബാങ്ക് ഇടപാടുകളും പോലീസ് ട്രാക്കു ചെയ്തു.
കേരളത്തിലും തമിഴ്നാട്ടിലും സാംസണിന്റെ ഏജന്റുമാരായി നിരവധി ആളുകള്‍ ഉണ്ടായിരുന്നു. സാംസണിനെ പിടികൂടുന്നതിനായി അന്വേഷണം ഒഡീഷയിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. സാംസണ്‍ ഗന്ധയെയും സഹായി ഇസ്മായില്‍ ഗന്ധയെയും (27) പിടികൂടൂന്നതിനായി തടിയിട്ടപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം രണ്ട് തവണ ഒഡീഷയിലെത്തിയിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താനായില്ല.
Also read-ഭാര്യയുമായുള്ള സ്വകാര്യസംഭാഷണം വൈറലായി; മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
“ഒഡിഷയിലെ ലോക്കല്‍ പോലീസിനെ അറിയിച്ചതിന് ശേഷമാണ് ഞങ്ങള്‍ ഒഡീഷയിലെത്തിയിരുന്നത്. എന്നാല്‍ ഈ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലോക്കല്‍ പോലീസിനെ അറിയിക്കാതെ ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്” അന്വേഷണത്തിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടർന്ന് നവംബര്‍ അവസാന വാരം, എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് നാല് മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ സാംസണെയും ഇസ്മായിലിനെയും ഗ്രാമത്തിലെ രണ്ടിടങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവമറിഞ്ഞ ഇവരുടെ ബന്ധുക്കള്‍ പോലീസിന്റെ വാഹനം തടയാന്‍ ശ്രമിച്ചുവെങ്കിലും പ്രതികളെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും എത്തിക്കുകയായിരുന്നു. കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി കെഴ്സണ്‍ പറഞ്ഞു. അവരുടെ ഗ്രാമത്തില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒരു ഉള്‍പ്രദേശത്താണ് ഇവര്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.