• HOME
  • »
  • NEWS
  • »
  • crime
  • »
  • Dileep case | വധശ്രമ ഗൂഡാലോചന: ദിലീപിനും രാമന്‍പിള്ളയ്ക്കുമെതിരെ മൊഴിനല്‍കാന്‍ സമ്മര്‍ദ്ദമെന്ന് ഐ.ടി. വിദഗ്ദന്റെ പരാതി; ഇടപെട്ട് ഹൈക്കോടതി

Dileep case | വധശ്രമ ഗൂഡാലോചന: ദിലീപിനും രാമന്‍പിള്ളയ്ക്കുമെതിരെ മൊഴിനല്‍കാന്‍ സമ്മര്‍ദ്ദമെന്ന് ഐ.ടി. വിദഗ്ദന്റെ പരാതി; ഇടപെട്ട് ഹൈക്കോടതി

ഫോണിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്തത് രാമന്‍പിള്ളയുടെ നിര്‍ദ്ദേശപ്രകാരണാണെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മർദ്ദം ഏൽപ്പിച്ചതായി ഹർജിയിൽ ആരോപണം

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (female actor assault case) അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന (murder conspiracy) നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി ഐ.ടി. വിദഗ്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് സ്വദേശിയായ സായ് ശങ്കറാണ് പോലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോടതിയെ സമീപിച്ചത്.

മൊബൈല്‍ ഫോണിലെ ഡാറ്റ നശിപ്പിയ്ക്കുന്നതിനായി ദിലീപ് (Dileep) ഇയാളുടെ സഹായം തേടിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദിലീപിനും അഭിഭാഷകന്‍ രാമന്‍പിള്ളയ്ക്കുമെതിരെ മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചൊലുത്തുന്നുവെന്നാണ് സായ് ശങ്കറിന്റെ ആരോപണം.

ഫോണിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്തത് രാമന്‍പിള്ളയുടെ നിര്‍ദ്ദേശപ്രകാരണാണെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മർദ്ദം ഏൽപ്പിച്ചതായും സായ് ശങ്കര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹര്‍ജിയില്‍ കോടതി അടിയന്തിര നടപടിയും സ്വീകരിച്ചു. നോട്ടീസ് നല്‍കാതെ ആരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഇയാള്‍ക്കെതിരെ അന്വേഷണത്തിന് തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഗൂഡാലോചന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കുരുക്കായി ഡിജിറ്റല്‍ തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ദിലീപിന്റെയും സഹോദരന്‍ ശിവകുമാറിന്റെയും (അനൂപ്) സഹോദരി ഭര്‍ത്താവ് സൂരജിന്റെയുമടക്കം ഫോണുകളിലെ വാട്‌സാപ്പ് ചാറ്റുകള്‍ ബോധപൂര്‍വ്വം ഡിലീറ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ ഒരു ഫോണില്‍ നിന്നുമാത്രം 12 വ്യത്യസ്ത നമ്പറുകളിലേക്കുള്ള ചാറ്റുകളാണ് ഡിലീറ്റ് ആയത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണ്ണായക സാക്ഷികളടക്കമുള്ളവരാണ് ഇവര്‍. ജനുവരി 30ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങള്‍ നശിപ്പിക്കപ്പെട്ടത്. നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ക്രൈംബ്രാഞ്ചിന് ലഭിക്കുമെന്നാണ് വിവരങ്ങള്‍.

മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു.

ലാബ് സ്വന്തം നിലയില്‍ തയ്യാറാക്കിയ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലാബിലേക്ക് ഫോണുകള്‍ അയച്ചത്. ഇതിന്റെ രസീതും ലാബില്‍ നിന്ന് കിട്ടി. ഫോണുകളിലെ രേഖകള്‍ ദിലീപിന്റെ അഭിഭാഷകര്‍ നേരിട്ട് കണ്ടതായും ലാബുടമ മൊഴി നല്‍കിയിരുന്നു. ലാബിലെ ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

ദിലീപിന്റെ അഭിഭാഷകര്‍ക്ക് മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയില്‍ താമസിക്കുന്ന മലയാളി വിന്‍സെന്റ് ചൊവ്വല്ലുരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. മുന്‍ ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണറായ വിന്‍സെന്റ് സി.ബി.ഐ. കുറ്റപത്രം നല്‍കിയ അഴിമതി കേസിലെ പ്രതിയാണ്. തന്റെയും ദിലീപിന്റെയും അഭിഭാഷകന്‍ ഒരേ ആളാണെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നല്‍കിയതെന്നും വിന്‍സെന്റ് വ്യക്തമാക്കിയിരുന്നു.

നടി ആക്രമണത്തിനിരയാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിന്‍സെന്റ് പറഞ്ഞു. ദിലീപിന്റെ അഭിഭാഷകര്‍ക്കൊപ്പം ഫോണുകള്‍ വാങ്ങാന്‍ താനും മുംബെയിലെ ലാബില്‍ പോയിരുന്നുവെന്നും വിന്‍സെന്റ് സമ്മതിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ വിസ്താരത്തിന് മുമ്പായും ലാബിലെ ഉദ്യോഗസ്ഥരുടെ സഹായം അഭിഭാഷകര്‍ തേടിയിരുന്നു.
Published by:user_57
First published: