'പഴയ അനന്തപുരിയല്ല പുതിയ തിരുവനന്തപുരം; പ്രതികാരത്തിന്റെ കണക്കുപുസ്തകം തുറക്കുന്ന തലസ്ഥാനം'

ഇത് കൊച്ചിയല്ല, തിരുവനന്തപുരമാണ്. കൊച്ചിയെ മമ്മൂട്ടി കഥാപാത്രം ബിലാൽ മാർക്ക് ചെയ്തതു പോലെ തിരുവനന്തപുരത്തെ ഇപ്പോ ആർക്കും മാർക്ക് ചെയ്യാം.'പഴയ അനന്തപുരിയല്ല പുതിയ തിരുവനന്തപുരം'

news18-malayalam
Updated: October 22, 2019, 1:25 PM IST
'പഴയ അനന്തപുരിയല്ല പുതിയ തിരുവനന്തപുരം; പ്രതികാരത്തിന്റെ കണക്കുപുസ്തകം തുറക്കുന്ന തലസ്ഥാനം'
പ്രതീകാത്മക ചിത്രം
  • Share this:
പിള്ളേ‌ർ വളർന്നു, ക്വട്ടേഷൻ സംഘങ്ങൾ പലതുണ്ട് തലസ്ഥാനത്ത്. പൊലീസിന് കൃത്യമായ വിവരമുള്ള ഗ്രൂപ്പുകളും തിരെ അറിയാത്ത ഗ്രൂപ്പുകളും ഉണ്ടെന്നതാണ് സത്യം. അരുതാത്തത്
സംഭവിച്ചു കഴിയുമ്പൊഴാണ് ചില ഗ്രൂപ്പുകളുടെ ഉള്ളറകളെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിനുപോലും വിവരം ലഭിക്കുന്നത്. ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നതാകട്ടെ സമീപകാല സംഭവങ്ങളും.

കൊല്ലുന്നവർക്ക് പറയാനുള്ളത് കുടിപ്പകയുടെ കഥ

ആനയറയിലെ സ്വകാര്യ ആശുപത്രിയ്ക്ക് സമീപം രണ്ട് ദിവസം മുമ്പ് ഓട്ടോ തൊഴിലാളിയായ ചാക്ക സ്വദേശി വിപിൻ കൊല്ലപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന കുടിപ്പകയുടെ കഥ വീണ്ടും പുറം ലോകം അറിയുന്നത്. ബാറിൽ വച്ചുണ്ടായ വാക്കുതർക്കവും അടിപിടിയുമാണ് വിപിനെന്ന കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്താൻ തരാതമ്യേന കുപ്രസിദ്ധരല്ലാത്ത കൊലയാളി സംഘത്തെ പ്രേരിപ്പിച്ചത്.

മാർച്ചിൽ മാർച്ച് പോലെ നീണ്ട കൊലപാതക പരമ്പര

കഴിഞ്ഞ മാർച്ചിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് കൊലപാതകങ്ങളാണ് അരങ്ങേറിയത്. മാർച്ച് 12 നാണ് കൊഞ്ചിറവിളയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നുമണിക്കൂറോളം മൃഗീയമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ആ കൊടും ക്രൂരതയുടെ നടക്കും മാറും മുന്നേ ശ്രീവരാഹം കുളത്തിന് സമീപം നടുറോഡിൽ പുന്നപുരം സ്വദേശി ശ്യാമിനെ കുത്തുകൊന്നു. മാർച്ച് 24 ന് രാത്രി ബാർട്ടൺഹില്ലിലാണ് ഓട്ടോ ഡ്രൈവറും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ അനി കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്.

പക തീർക്കുന്ന ഉറ്റബന്ധുക്കൾ

സെപ്തംബർ 21ന് പോത്ത് ഷാജിയെന്ന കുപ്രസിദ്ധ ക്രമിനൽ കൊല്ലപ്പെട്ടതാകട്ടെ അടുത്ത ബന്ധുവിന്റെ ആക്രമണത്തിലും. പിതൃസഹോദരീ പുത്രന്റെ വെട്ടേറ്റാണ് പോത്ത് ഷാജി കൊല്ലപ്പെട്ടത്.

അവസരം കാത്തിരുന്ന് മുതലാക്കുന്ന ചെറു സംഘങ്ങൾ

വർഷങ്ങൾ കാത്തിരുന്ന് അവസരം കിട്ടുമ്പോൾ പക തീർക്കുന്ന സംഭവങ്ങളാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പല സംഭവങ്ങളും. ആനയറയിൽ നടന്ന കൊലപാതകത്തിന്റെ പിന്നിൽ കുടിപ്പകയാണെന്നാണ് കീഴടങ്ങിയ പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.

പകയും പിഴയ്ക്കാത്ത സ്കെച്ചും

2014ൽ കാരാളി അനൂപിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിപിൻ. ചാക്ക മുരുകന്റെ അടുത്ത സുഹൃത്തായിരുന്നു അനൂപ്. രണ്ട് മാസം മുൻപ് ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെ വിപിനും മുരുകനും തമ്മിലുണ്ടായ തർക്കം സംഘട്ടനത്തിലെത്തിയിരുന്നു. മുരുകന്റെ കൂടെയുണ്ടായിരുന്ന വൈശാഖിന് കുത്തേൽക്കുകയും ചെയ്തു. ഈ സംഭവത്തിൽ വിപിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും രണ്ടാഴ്ച മുൻപ് ജാമ്യത്തിലിറങ്ങി. ഇക്കാര്യം ചാക്ക മുരുകൻ മണത്തറിഞ്ഞിരുന്നു. പിന്നീട് കൃത്യമായി സ്കെച്ച് ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയതെന്ന് പൊലീസ് പറയുന്നു.

പൊലീസ് വീഴ്ചകൾ

ക്രിമിനൽ മാഫിയ സംഘങ്ങളുടെ രഹസ്യ നീക്കങ്ങൾ അറിയുന്നതിലും തടയുന്നതിലും പൊലീസിന് വീഴ്ച പറ്റുന്നുണ്ടെന്നതിന്റെ തെളിവുകളാണ് ഈ കൊലപാതകങ്ങളെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

Also Read- മടവൂർ രാജേഷ് കൊലക്കേസ്: ഒന്നാം പ്രതിയെ പിടികൂടാനാകാതെ കുറ്റപത്രം

 
First published: October 22, 2019, 1:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading