ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിയുടേത് കൊലപാതകം; വാഹനം മനഃപൂര്‍വം ഇടിപ്പിച്ചതിന് തെളിവുണ്ടെന്ന് CBI റിപ്പോർട്ട്
ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിയുടേത് കൊലപാതകം; വാഹനം മനഃപൂര്‍വം ഇടിപ്പിച്ചതിന് തെളിവുണ്ടെന്ന് CBI റിപ്പോർട്ട്
ജൂലൈയിലാണ് പ്രഭാത സവാരിക്ക് ഇറങ്ങിയ ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചത്. ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ മനഃപൂര്‍വം ഇടിപ്പിക്കുകയായിരുന്നു എന്നാണ് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
റാഞ്ചി: ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിയായിരുന്ന ഉത്തം ആനന്ദിന്റെ മരണം കൊലപാതകമാണെന്ന് സി ബി ഐ റിപ്പോർട്ട്. ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി ബി ഐ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രഭാത സവാരിക്ക് ഇറങ്ങിയ ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ചത്. ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ മനഃപൂര്‍വം ഇടിപ്പിക്കുകയായിരുന്നു എന്നാണ് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
അപകടം പുനഃരാവിഷ്കരിച്ചതില്‍നിന്നും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും ഫോറന്‍സിക് തെളിവുകളില്‍നിന്നും ഉത്തം ആനന്ദിനെ മനഃപൂര്‍വം കൊലപ്പെടുത്തുക ആയിരുന്നെന്ന് വ്യക്തമായതായി സി ബി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാന്ധിനഗര്‍, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍നിന്നുള്ള നാല് ഫോറന്‍സിക് സംഘങ്ങളുടെ സഹായത്തോടെയാണ് സി ബി ഐ തെളിവുകൾ വിശകലം ചെയ്തത്. ജഡ്ജിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന സംശയം ശരിവെക്കുന്നതാണ് ഇവരുടെ റിപ്പോര്‍ട്ടുകളെന്നും സി ബി ഐ വ്യക്തമാക്കുന്നു.
കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ ലഖന്‍ വര്‍മയുടെയും സഹായി രാഹുല്‍ വര്‍മയുടെയും ബ്രെയിന്‍ മാപ്പിങ്, നാര്‍ക്കോ അനാലിസിസ് പരിശോധനാഫലങ്ങള്‍ സി ബി ഐ വിശകലനം ചെയ്തുവരികയാണ്. സംഭവം നടന്നതിന്റെ പിറ്റേന്നു തന്നെ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തില്‍വെച്ചാണ് ഇവരുടെ ബ്രെയിന്‍ മാപ്പിങ്, നാര്‍ക്കോ അനാലിസിസ് പരിശോധനകള്‍ നടത്തിയത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി.
ജൂലൈ 28നാണ് 48 കാരനായ ഉത്തം ആനന്ദ് കൊല്ലപ്പെടുന്നത്. പ്രഭാത സവാരിക്കിടെ ആളൊഴിഞ്ഞ റോഡിൽ വെച്ച് ഓട്ടോറിക്ഷ പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ചു കിടന്ന ഉത്തമിനെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിക്കും മുൻപെ മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.