• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest |ലൈസന്‍സ് നല്‍കാന്‍ 1.5 ലക്ഷം കൈക്കൂലി വാങ്ങി; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

Arrest |ലൈസന്‍സ് നല്‍കാന്‍ 1.5 ലക്ഷം കൈക്കൂലി വാങ്ങി; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

തുക ഒരുമിച്ചു തരാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞ ഉടമയോട് പകുതി തുകയുമായി എത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ബാക്കി തുകയ്ക്ക് 10 ദിവസം അവധിയും നല്‍കി....

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി.എസ്.ബിജു

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി.എസ്.ബിജു

 • Last Updated :
 • Share this:
  കൂത്താട്ടുകുളം: റദ്ദാക്കിയ ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതിനായി ലോഡ്ജ് ഉടമയില്‍ നിന്നും കൈക്കൂലി (bribery case) വാങ്ങിയ കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (Junior Health Inspector) വിജിലന്‍സ് പിടിയില്‍. കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി.എസ്.ബിജുവിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് (arrest) ചെയ്തത്.

  ഇന്നലെ രാത്രി ഹൈസ്‌കൂള്‍ റോഡിലെ വാടക മുറിയില്‍ നിന്ന് ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയാണ് ബിജു.

  ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ നഗരത്തിലെ ചില സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ നടപടി ആരംഭിച്ചിരുന്നു. ഇതില്‍ ആരോഗ്യവിഭാഗം ചുമത്തിയ പിഴ വ്യത്യസ്തമാണെന്ന് ആക്ഷേപം ഉയര്‍ന്നു. മീഡിയ കവലയ്ക്കു സമീപമുള്ള ലോഡ്ജിന് എതിരായ നടപടി ഒഴിവാക്കാന്‍ ഉടമയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി 1.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്.

  തുക ഒരുമിച്ചു തരാന്‍ നിര്‍വാഹമില്ലെന്ന് പറഞ്ഞ ഉടമയോട് പകുതി തുകയുമായി എത്താന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ബാക്കി തുകയ്ക്ക് 10 ദിവസം അവധിയും നല്‍കി. ലോഡ്ജ് ഉടമ വിജിലന്‍സിനെ അറിയിച്ച ശേഷം അവര്‍ നല്‍കിയ കറന്‍സി നോട്ടുകളുമായി എത്തി തുക കൈമാറുകയായിരുന്നു. വെളിയില്‍ കാത്തുനിന്ന വിജിലന്‍സ് സംഘം താമസസ്ഥലം വളഞ്ഞ് ബിജുവിനെ പിടികൂടി. ഇയാളെ കോടതിയില്‍ ഹാജരാക്കും.

  Arrest |പോലീസുകാരുടെ വീടുകളില്‍ തുടര്‍ച്ചയായി മോഷണം; മുന്‍ പോലീസുകാരന്‍ പിടിയില്‍

  കോയമ്പത്തൂര്‍: പോലീസുകാരുടെ വീടുകളില്‍ തുടര്‍ച്ചയായി മോഷണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ പോലീസുകാരനെ സിറ്റിപോലീസ് അറസ്റ്റ് (arrest) ചെയ്തു. കൃഷ്ണഗിരി ഊത്തങ്കര കല്ലാവി സ്വദേശി ശെന്തില്‍കുമാര്‍ (47) ആണ് പിടിയിലായത്.

  2021 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ കോയമ്പത്തൂര്‍ പോലീസ് റിക്രൂട്ട്‌മെന്റ് സ്‌കൂള്‍വളപ്പിലെ പോലീസുകാരുടെ ക്വാര്‍ട്ടേഴ്‌സിലാണ് കവര്‍ച്ച നടന്നത്. ഇതുമായി ബന്ധപ്പെട്ട് കാട്ടൂര്‍ പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേസമയം റേസ്‌കോഴ്‌സ്, കൃഷ്ണഗിരി പോലീസ് പരിധിയിലും കവര്‍ച്ചക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

  പൂട്ടിയിട്ട വീട് കുത്തിത്തുറന്നാണ് ശെന്തില്‍കുമാര്‍ മോഷണം നടത്തിയിരുന്നത്. മോഷണം നടന്ന വീടുകളില്‍ നിന്ന് ലഭിച്ച വിരലടയാളം നോക്കി കുറ്റവാളി ഒരാള്‍ തന്നെയാണെന്ന് മനസ്സിലായി. ഇയാളെ കണ്ടെത്താനായി പ്രത്യേക പോലീസ് സേനയെ നിയോഗിച്ചിരുന്നു.

  1993ലാണ് ഇയാള്‍ പോലീസ് സര്‍വീസില്‍ ചേരുന്നത്. 2009-ല്‍ കൃഷ്ണഗിരിയില്‍ ജോലിചെയ്യുന്നതിനിടെ മേലുദ്യോഗസ്ഥനെ കുടുക്കാനായി പോലീസ് ജീപ്പ് ധര്‍മപുരി കാട്ടില്‍ ഒളിപ്പിച്ചതിനും 2013-ല്‍ കൃഷ്ണഗിരി എ.ആര്‍. ക്യാമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മോഷ്ടിച്ച ശേഷം പാരൂരിലുള്ള തടാകത്തില്‍ തള്ളിയിട്ട കേസിലും ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

  ഇതോടെ ജോലിനഷ്ടപ്പെട്ട ഇയാള്‍ ലോറി ഓടിക്കാന്‍ തുടങ്ങി. ഇതിനിടെ ലോറി അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിക്കുകയും ചെയ്തു. ഈ കേസ് വിചാരണഘട്ടത്തിലാണ്. വരുമാനം നിലച്ചതോടെയാണ് വിവിധയിടങ്ങളില്‍ മോഷണത്തിന് ഇറങ്ങിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

  പ്രതിയില്‍നിന്ന് 30 പവന്‍ സ്വര്‍ണാഭരണം, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു. പുറത്ത് കവര്‍ച്ചനടത്തിയാല്‍ പിടികൂടാനുള്ള സാധ്യത കൂടുതലായതിനാലാണ് എ.ആര്‍. ക്യാമ്പിലെ പോലീസ് ക്വാര്‍ട്ടേഴ്‌സുകളില്‍ മോഷണം നടത്തിയതെന്ന് പ്രതി പറഞ്ഞു.
  ദിവസങ്ങളോളം പോലീസുകാര്‍ പുറംഡ്യൂട്ടിക്ക് പോകുന്നതിനാല്‍ കവര്‍ച്ചനടത്തി സാധനങ്ങള്‍ വേറെ ഏതെങ്കിലും പൂട്ടിയിട്ട ക്വാര്‍ട്ടേഴ്‌സുകളില്‍ വെക്കും. പിന്നീട് ഇവിടെനിന്ന് എടുക്കുന്നതാണ് ഇയാളുടെ രീതി. ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ പോലീസാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു പതിവെന്നും പോലീസ് പറഞ്ഞു.

  Published by:Sarath Mohanan
  First published: