കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിക്കെതിരെ(Arjun Aayanki) പൊലീസ് കാപ്പ(KAAPA) ചുമത്തി. കണ്ണൂര്‍ ഡിഐജിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നാട് കടത്താന്‍ ആവശ്യപ്പെടുന്ന കാപ്പ നിയമത്തിലെ 15-ാംവകുപ്പാണ് അര്ജുന് ആയങ്കിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. ഇതോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരും.
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസുകളുള്ള അര്ജുന് ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.അര്ജുന് ആയങ്കിക്കെതിരേ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്.ഇളങ്കോ ഡി.ഐ.ജി രാഹുല്‍ ആര്.നായര്‍ക്ക് ശുപാര്‍ശ നല്‍കിയത്.
നേരത്തെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അര്ജുന് ആയങ്കിക്കെതിരേ ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അര്ജുന്. സിപിഎം- മുസ്ലിം ലീഗ്, സിപിഎം- ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥനാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അര്ജുന് ഇതിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു.
ആയങ്കിക്കെതിരെയും ആകാശ് തില്ലങ്കേരിക്കെതിരെയും ഡിവൈഎഫ്ഐയും പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ കമ്മീഷണര്‍ ശുപാര്‍ശ നല്‍കുന്നത്. ആദ്യ ശുപാര്‍ശയില്‍ കൂടുതല്‍ വ്യക്തവരുത്താന്‍ ഡിഐജി ആവശ്യപ്പെട്ടപ്രകാരം വളപട്ടണം സ്റ്റേഷന് പരിധിയിലെ ക്രിമനല്‍ കേസും സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും ചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 നാണ് അര്ജുന് ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 31ന് അര്ജുന് ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയും അടങ്ങുന്ന സംഘങ്ങള്‍ കൊടും ക്രിമിനലുകളാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arjun Ayanki, Kaapa, Kannur