നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കടമ്പഴിപ്പുറം വൃദ്ധ ദമ്പതികളുടെ കൊലപാതകം: പ്രതിയെ പിടികൂടിയതിൽ ആശ്വാസം; അന്വേഷത്തിൻ്റെ പേരിൽ പൊലീസ് പീഡിപ്പിച്ചതായി നാട്ടുകാർ

  കടമ്പഴിപ്പുറം വൃദ്ധ ദമ്പതികളുടെ കൊലപാതകം: പ്രതിയെ പിടികൂടിയതിൽ ആശ്വാസം; അന്വേഷത്തിൻ്റെ പേരിൽ പൊലീസ് പീഡിപ്പിച്ചതായി നാട്ടുകാർ

  ലോക്കൽ പൊലീസിൻ്റെ മാനസിക പീഡനം മൂലം രണ്ടു പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പ്രതിയെ അറസ്റ്റിലായതോടെ സ്വസ്ഥമായി ഉറങ്ങാമെന്നും നാട്ടുകാർ  

  • Share this:
  പാലക്കാട്:കടമ്പഴിപ്പുറം(Kadampazhipuram) വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍(murder case) കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. 2016 നവംബര്‍ 14 ലാണ് കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശി ഗോപാലകൃഷ്ണനും ഭാര്യ തങ്കമണിയും കൊല്ലപ്പെടുന്നത്.

  സംഭവത്തില്‍ അഞ്ചാമത്തെ വര്‍ഷമാണ് പ്രതി പരിസരവാസിയായ രാജേന്ദ്രനെ പിടികൂടുന്നത്.എന്നാല്‍ കേസില്‍ ആദ്യം അന്വേഷണം നടത്തിയ ശ്രീകൃഷ്ണപുരം പൊലീസിനെതിരെ വലിയ പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. അന്വേഷണത്തിന്റെ പേരില്‍ വലിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

  രണ്ടു പേര്‍ പൊലീസിന്റെ ചോദ്യം ചെയ്യല്‍ പീഡനം സഹിക്കാന്‍ വയ്യാതെ ആത്മഹത്യാ ശ്രമം നടത്തിയതായി നാട്ടുകാര്‍ വെളിപ്പെടുത്തി. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ഇതിന് കുറവ് വന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.

  ഗോപാലകൃഷ്ണന് ഏല്‍ക്കേണ്ടി വന്നത്ക്രൂര പീഡനം, സഹികെട്ടപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  കടമ്പഴിപ്പുറം കേസില്‍ നൂറ് കണക്കിനാളുകളെ ശ്രീകൃഷ്ണപുരം പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം ഏറ്റവും കൂടുതല്‍ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നത് പ്രദേശവാസിയായ ഗോപാലകൃഷ്ണനാണ്. കൊലപാതകം നടന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ കൊല നടന്ന വീട്ടിലെ കിണറ്റില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രദേശവാസിയായ ഗോപാലകൃഷ്ണനാണ് കിണറ്റിലിറങ്ങി ഇവ എടുത്തു കൊടുത്തത്.

  എന്നാല്‍ അതിന് ശേഷം ഗോപാലകൃഷ്ണനെ പൊലീസ് നിരന്തരം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ജോലി പോയാല്‍ അവിടെയും പൊലീസെത്തും. ഇതോടെ ഗോപാലകൃഷ്ണനെ കണ്ടാല്‍ ആളുകള്‍ മിണ്ടാതായി. ചെന്നൈയിലേക്ക് ജോലിയ്ക്ക് പോയപ്പോഴും പൊലീസ് നിരന്തരം വിളിച്ചു. കൊലപാതകത്തിന്റെ അന്ന് രാത്രി താന്‍ മദ്യപിച്ച് കിടന്നിരുന്നു. ഈ കാരണം കൊണ്ടാണ് തന്നെ പൊലീസ് സംശയിച്ച് വിളിച്ചുകൊണ്ടിരുന്നത്.

  ഒടുവില്‍ വല്ലാതെ ഒറ്റപ്പെട്ടതോടെ വിഷം കഴിച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാഗ്യം കൊണ്ടു മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ പ്രതിയെ പിടിച്ചതില്‍ ആശ്വാസവും സന്തോഷവുമുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. തനിക്ക് നേരിട്ട മാനസിക പീഡനങ്ങളില്‍ പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

  രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ ഇരുന്നു, മാനസികമായി തളര്‍ന്ന നാളുകളെന്ന് മോഹന്‍ദാസ്

  കൊല്ലപ്പെട്ട വൃദ്ധദമ്പതികളുടെ വീടിന് സമീപത്താണ് മോഹന്‍ദാസിന്റെയും വീട്. ടാപ്പിംഗ് തൊഴിലാളിയും ഓട്ടോ തൊഴിലാളിയുമായ മോഹന്‍ദാസിനെ രണ്ടു ദിവസമാണ് ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചത്. മോഹന്‍ദാസിന്റെ ഓട്ടോയില്‍ വൃദ്ധ ദമ്പതികള്‍ മുന്‍പ് സഞ്ചരിച്ചിരുന്നോയെന്നും ഇയാള്‍ക്ക് കൊലയില്‍ പങ്കുണ്ടോയെന്നും സംശയിച്ചായിരുന്നു കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വെച്ച് ലോക്കല്‍ പൊലീസ് മര്‍ദ്ദിച്ചതായും മോഹന്‍ദാസ് പറയുന്നു. ഇതിന്റെ പേരില്‍ ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. എന്തായാലും ഇപ്പോഴെങ്കിലും പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്നും മോഹന്‍ദാസ് പറഞ്ഞു.

  ഞങ്ങള്‍ക്കിനി സ്വസ്ഥമായി ഉറങ്ങാം:വിലാസിനി

  പ്രതിയെ പിടികൂടിയതോടെ കടമ്പഴിപ്പുറം കണ്ണുകുറിശ്ശിക്കാര്‍ക്ക് ഇനി സ്വസ്ഥമായി ഉറങ്ങാമെന്ന് മോഹന്‍ദാസിന്റെ സഹോദരി വിലാസിനി പറഞ്ഞു. ഈ കേസിന്റെ പേരില്‍ അത്രയേറെ പീഡനങ്ങളാണ് നാട്ടുകാര്‍ക്ക് ലോക്കല്‍ പൊലീസില്‍ നിന്നും ഏല്‍ക്കേണ്ടി വന്നതെന്ന് ഇവര്‍ വ്യക്തമാക്കി. പൊലീസിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ ചിലര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പറഞ്ഞാല്‍ തീരാത്ത അത്രയും അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. എന്തായാലും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ടെന്നും വിലാസിനി പറഞ്ഞു.
  ഇവരുടെ അഭിപ്രായം തന്നെയാണ് നാട്ടിലെ ഭൂരിഭാഗം പേരും പങ്കുവെച്ചത്. കേസില്‍ പ്രതി രാജേന്ദ്രനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നൂറ് കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. അതുകൊണ്ടു തന്നെ അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
  Published by:Jayashankar AV
  First published:
  )}