നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കാക്കനാട് മയക്കുമരുന്ന് കേസ്: ചെന്നൈ സ്വദേശികളായ സ്ത്രീയും പുരുഷനും നിരീക്ഷണത്തിൽ; സുസ്മിത ടീച്ചറുമായി ബന്ധമുള്ളവരെ വിളിച്ചു വരുത്തും

    കാക്കനാട് മയക്കുമരുന്ന് കേസ്: ചെന്നൈ സ്വദേശികളായ സ്ത്രീയും പുരുഷനും നിരീക്ഷണത്തിൽ; സുസ്മിത ടീച്ചറുമായി ബന്ധമുള്ളവരെ വിളിച്ചു വരുത്തും

    ചെന്നൈയിലെ ലഹരി മാഫിയ സംഘങ്ങൾക്ക് വലിയ സ്വാധീനമുള്ളതിനാൽ ഇവരെ കസ്റ്റഡിയിൽ എടുക്കാൻ തമിഴ്നാട് പോലീസിൻറെ സഹായം തേടുകയാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം.

    Kakkanad_Drug-Case

    Kakkanad_Drug-Case

    • Share this:
    കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ  ചെന്നൈ സ്വദേശികളായ സ്ത്രീയും പുരുഷനും നിരീക്ഷണത്തിൽ. മയക്കുമരുന്ന് ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് എക്സൈസ് ക്രൈം ബ്രാഞ്ചിന് കേസ് സംബന്ധമായ നിർണായക വിവരങ്ങൾ ലഭിച്ചത്. രാസ ലഹരി എത്തിയത് ചെന്നൈയിൽ നിന്നാണെന്ന്  ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട് . ചെന്നൈ ട്രിപ്ലിക്കെയിനിലെ ഏജൻ്റുമാരായ സ്ത്രീയും പുരുഷനുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് ക്രൈം ബ്രാഞ്ച് സംഘം. എന്നാൽ  ഇതിന്  തമിഴ്നാട് പോലീസിൻറെ അടക്കം സഹായം വേണ്ടി വരും.

    ചെന്നൈയിൽ ലഹരി മാഫിയ സംഘങ്ങൾക്ക് വലിയ സ്വാധീനവും ഗുണ്ടകളുടെ സംരക്ഷണവും ഉണ്ട് .  പലരും തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കൈകാര്യം ചെയ്യുന്നവരുമാണ്. അതുകൊണ്ട്  കൃത്യമായ ആസൂത്രണത്തോടെ മാത്രമേ  ഇവരെ കസ്റ്റഡിയിൽ എടുക്കാൻ കഴിയുകയുള്ളൂ. ഇതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ കേരളത്തിലെ അന്വേഷണസംഘം .

    ശ്രീലങ്കയിൽ താമസിക്കുന്ന മലയാളിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികളുമായി ഇയാൾ നിരന്തര ബന്ധം പുലർത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ലഹരി മരുന്ന് സംഘത്തിലെ  ടീച്ചർ എന്ന  സുസ്മിതാ ഫിലിപ്പിനെ  ചോദ്യം ചെയ്തതിൽ നിന്ന്  ലഭിച്ച  വിവരങ്ങളുടെ അടിസ്ഥാനത്തിൽ  കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. ഇവരുമായി ബന്ധമുള്ളവരെ  തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ വിളിച്ചു വരുത്തും. എറണാകുളം, ഇടുക്കി  ജില്ലകളിൽ നിന്നുള്ളവരാണ് സുസ്മിതയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇവർ മയക്കുമരുന്ന് ഇടപാടുകാർ ആയിരിക്കാം എന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയം.

    കൊച്ചി നഗരത്തിലെ ഭൂരിഭാഗം ലഹരി പാർട്ടികളും നടന്നിരുന്നത് ടീച്ചർ എന്നും അക്കയെന്നും വിളിപ്പേരുള്ള ഇവരുടെ മുഖ്യ പങ്കാളിത്തത്തോടെയാണെന്ന് വ്യക്തമായി. കൊച്ചിയിലെ ഇടപാടുകൾ നിയന്ത്രിച്ചത് അറസ്റ്റിലായ സുസ്മിത ഫിലിപ്പാണ്.

    Also read- കൊച്ചി കാക്കനാട് ലഹരി കടത്ത്: 'ടീച്ചർ' സുസ്മിത ജുഡീഷ്യൽ കസ്റ്റഡിയിൽ

    കേസിലെ 12-ാം പ്രതിയായ സുസ്മിത ഫിലിപ്പ് മയക്കുമരുന്ന് സംഘത്തിനിടയിൽ അറിയപ്പെട്ടത് ടീച്ചർ എന്ന പേരിലാണ്. കോട്ടയത്തെ ഒരു സ്കൂളിൽ കുറച്ചുനാൾ ഇവർ ജോലി ചെയ്തിരുന്നു. ഇവർ കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തിയതായും ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയതായും ചോദ്യം ചെയ്യലിൽ വിവരം ലഭിച്ചു.

    വ്യാജ രേഖകൾ ഉണ്ടാക്കിയാണ് സുസ്മിതയും സംഘവും നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മുറിയെടുത്തതെന്ന്  അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് . എറണാകുളം എം ജി റോഡിലെ ഹോട്ടലിൽ സുസ്മിതക്കൊപ്പം താമസിച്ചിരുന്ന ഷമീർ റാവുത്തർ മരിച്ചു പോയൊരാളുടെ തിരിച്ചറിയൽ രേഖയാണ് നല്കിയത്. ജൂൺ 4 മുതൽ 8 വരെയാണ് ഇവർ ഈ ഹോട്ടലിൽ തുടങ്ങിയത്. ഷമീറിനെ എക്സൈസ് ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഹാജരായിട്ടില്ല. ഹോട്ടലിൽ പാർട്ടി നടത്തുന്നതിനാണ് ഇവർ എത്തിയതെന്നാണ് സംശയം.

    Also read-  കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട; ഐ ടി കമ്പനി മാനേജരടക്കം 7 പേര്‍ പിടിയില്‍; പിടിച്ചത് വിവിധയിനം ലഹരി

    അതേസമയം, കാക്കനാട് മയക്കുമരുന്ന് കേസിൽ പ്രതികൾക്കെതിരെ പോലീസും കേസെടുത്തു.  വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതിനാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത്.  മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സുസ്മിതാ ഫിലിപ്പ് , മുഹമ്മദ് ഫവാസ്, ഷബ്ന എന്നിവർക്കെതിരെയാണ് കേസ്.
    Published by:Naveen
    First published:
    )}