കൊച്ചി : കാക്കനാട് പിടിയിലായ സംഘത്തിന് എംഡിഎംഎ (Kakkanad Drug case) എത്തിച്ചു നല്കിയിരുന്നയാള് അറസ്റ്റില്‍. ചെന്നൈ തൊണ്ടിയാര്‍പെട്ട് സ്വദേശി ഷംസുദീന്‍ സേട്ട് ആണ് പിടിയിലായത്. മധുരയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് എക്സൈസ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
കാക്കനാട് എംഡിഎംഎ കേസില്‍ നിര്‍ണായക അറസ്റ്റാണ് എക്സൈസ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. ഷംസുദ്ദീന് സേട്ട് ആണ് ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു നല്‍കിയിരുന്നത്. അറസ്റ്റിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഷംസുദ്ദീന് സേട്ടിന്റെ അക്കൗണ്ടിലേക്ക് വലിയ തുക കൈമാറിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ലഹരി കടത്തിന്റെ അന്വേഷണം ഇയാളിലേക്ക് നീണ്ടത്.
ഷംസുദ്ദീന് സേട്ടിനെ അന്വേഷിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയില്‍ എത്തിയിരുന്നു. എന്നാല്‍ എക്സൈസ് സംഘം എത്തിയ വിവരം അറിഞ്ഞ ഷംസുദ്ദീന് സേട്ട് ഇവിടെനിന്ന് കടന്നുകളഞ്ഞു. മധുരയിലേക്ക് ആണ് ഇയാള്‍ പോയത്. എക്സൈസ് സംഘം മധുരയിലെത്തി. കുടുംബസമേതം കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എം കാസിമിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുന്നത്.
കാക്കനാട് എംഡിഎംഎ കേസില്‍ 19 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കഴിഞ്ഞ പതിനൊന്നാം തീയതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഷംസുദ്ദീന് സേട്ട് ഉള്‍പ്പെടെ ആറുപേര്‍ ഒളിവില്‍ കഴിയുകയായിരുന്നു. കാക്കനാട് നിന്ന് അറസ്റ്റിലായ സംഘത്തിന് നിരവധിതവണ ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കിയിരുന്നതായി ഷംസുദ്ദീന് സേട്ട് അന്വേഷണ സംഘത്തോട് സമ്മതിച്ചു. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഹാജരാക്കിയ ഷംസുദ്ദീന് സേട്ടിനെ റിമാന്‍ഡ് ചെയ്തു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.