കണ്ണൂർ: തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്നലെ വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തന്റെ കാറിൽ ചാരിനിന്നെന്ന കാരണത്താൽ രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ മുഹമ്മദ് ഷിഹാദ് എന്ന പൊന്ന്യം സ്വദേശിയായ 20 കാരൻ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പൊലീസ് കൃത്യമായ രീതിയിൽ നടപടിയെടുക്കാൻ തയ്യാറായത്.
Also Read- ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ നേത്രരോഗ വിദഗ്ധൻ വിജിലൻസ് പിടിയിൽ
ക്രൂരമായി മർദ്ദനമേറ്റ ആറ് വയസുകാരൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാരിയെല്ലിൽ ചതവുണ്ടെന്നാണ് എക്സ് റേ പരിശോധനയിൽ വ്യക്തമായത്. കാറിൽ വന്നയാൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് കുഞ്ഞ് മാധ്യമങ്ങളോടും പറഞ്ഞത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തുമ്പോഴേക്കും ആക്രമിച്ചയാൾ കടന്നു കളഞ്ഞിരുന്നെന്ന് രക്ഷിതാക്കളും പറഞ്ഞു. തലശ്ശേരി ജനറൽ ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് സ്കാനിംഗ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇടത് ഭാഗത്തെ വാരിയെല്ലിന് ചതവുണ്ടെന്ന് കണ്ടെത്തി. ഇളകാതിരിക്കാൻ കയ്യിൽ സ്ട്രിംഗ് ഇട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ആശുപത്രിയിൽ തുടരാനാണ് ഡോക്ടർമാരുടെ നിർദേശം.
Also Read- അയൽവാസിയുടെ കാറിന് തീയിടുന്നതിനിടെ പൊള്ളലേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ
ഷിഹാദ് കാര്‍ നിര്‍ത്തിയിരുന്നത് നോ പാര്‍ക്കിങ് ഏരിയയിലാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ചവിട്ടാന്‍ കാരണം കാറില്‍ ചാരി നിന്നതിന്റെ വിരോധമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ചവിട്ടേറ്റകുട്ടി കരയുന്നത് കണ്ടാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്. പൊലീസെത്തി അര്‍ദ്ധരാത്രിയോടെ പ്രതിയെ പിടികൂടി പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പുലര്‍ച്ചയോടെ വിട്ടയക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Crime, Kannur, Thalassery