ചെന്നൈ: മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് എട്ടാം ക്ലാസുകാരനെ വിഷം കൊടുത്തുകൊന്ന യുവതിയുടെ വീട് അടിച്ചുതകര്‍ത്തു. കാരയ്ക്കല്‍ നെഹ്രുനഗര്‍ സ്വദേശി രാജേന്ദ്രന്-മാലതി ദമ്പതിമാരുടെ മകന് ബാലമണികണ്ഠ(13)നെ കൊലപ്പെടുത്തിയ സഹായമേരി വിക്ടോറിയയുടെ വീടാണ് തകര്‍ത്തത്.
വീട്ടിലേക്കെത്തിയ അജ്ഞാതസംഘം വാതിലും ജനലുകളും തകര്‍ക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Also Read-മകനേക്കാൾ മാർക്ക് വാങ്ങിയ കുട്ടിയ്ക്ക് എട്ടാം ക്ലാസുകാരന്റെ അമ്മ വിഷംകൊടുത്തു
കഴിഞ്ഞ ശനിയാഴ്ചയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠന് മരിച്ചത്. സഹായമേരി സ്കൂളിലെ കാവല്‍ക്കാരന്‍വഴിയാണ് വിഷംകലര്‍ത്തിയ ശീതളപാനീയം നല്‍കിയത്. ബാലമണികണ്ഠന് ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, വിഷം അകത്തുചെന്നിട്ടുണ്ടാവാമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് സ്കൂളിലെ സുരക്ഷാ ജീവനക്കാരന് ജൂസ് നല്‍കിയിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്.
ഇതനുസരിച്ച് സ്കൂളിലെ സുരക്ഷാ ജീവനക്കാരന് ദേവദാസിനെ മാതാപിതാക്കളും സ്കൂള്‍ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ സ്ത്രീയാണ് ജൂസ് പാക്കറ്റ് നല്കാന് ഏല്‍പ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്നു സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയായ സഹായമേരി വിക്ടോറിയ എന്ന സ്ത്രീയാണു സുരക്ഷാ ജീവനക്കാരന് ജൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Tamil nadu