ബെംഗളൂരു: മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ചെത്തിയതിനെ തുടർന്ന് വിവാദം ഉടലെടുത്ത കുന്ദാപുരയിലെ കോളേജിന് സമീപത്ത് നിന്നും മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ. ഗംഗോളി സ്വദേശികളായ അബ്ദുൾ മജീദ്(32), റജബ് (41) എന്നിവരെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഉൾപ്പെടെ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് തുടരുകയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം, മാരകയായുധങ്ങളുമായി അറസ്റ്റിലായ അബ്ദുൾ മജീദ് ഏഴ് കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഹിജാബ് വിവാദത്തിൽ പ്രതിഷേധം നടന്ന സ്ഥലത്തായിരുന്നു അഞ്ചംഗ സംഘം കറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. അറസ്റ്റിലായവർക്ക് ഹിജാബ് വിവാദ വിഷയത്തിൽ പ്രതിഷേധ൦ നടത്തുന്ന വിദ്യാർഥികളുമായി ബന്ധമില്ലെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.
'മാരകായുധങ്ങൾ കൈവശം വെച്ചിരുന്ന രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ സംഘത്തിലുമായിരുന്ന ബാക്കി മൂന്ന് പേർ ഒളിവിലാണ്. അവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇവരാരും പ്രദേശവാസികളല്ല, എല്ലാവരും ഗംഗോളിയിൽ നിന്ന് വന്നവരാണ്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.' ഉഡുപ്പി എഎസ്പി. എസ് ടി. സിദ്ധലിംഗപ്പ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ഹിജാബ്-കാവി ഷാൾ വിവാദം കൂടുതൽ കോളേജുകളിലേക്ക് വ്യാപിച്ചതോടെ സംസ്ഥാനത്തെ രണ്ട് കോളേജുകൾ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ചിക്കമംഗളൂരു ഐ ഡി എസ് ജി കോളേജിൽ ഇരു വിഭാഗക്കാർ നേർക്കുനേർ ഏറ്റുമുട്ടൽ നടക്കുമെന്ന സാഹചര്യം കൂടിയുണ്ടായി. ഈ കോളേജിൽ ഹിജാബ് ധരിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് ദളിത് വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. നീല വസ്ത്ര൦ ധരിച്ചാണ് അവർ കോളേജിലേക്ക് എത്തിയത്.
നേരത്തെ ഹിജാബ് വിവാദം ഉടലെടുത്ത കുന്ദാപുര പി.യു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് പ്രത്യേകം ക്ലാസ് മുറി ഒരുക്കി കൊണ്ടാണ് പ്രവേശനം അനുവദിച്ചത്. എന്നാൽ ഇത്തരമൊരു നടപടിയെടുത്തതും തുടർന്ന് ഇവർക്ക് ക്ലാസെടുക്കാതിരുന്നതും വീണ്ടും വിവാദത്തിനിടയാക്കി. കോളേജ് ഗേറ്റിന് പുറത്ത് സംഘംചേരുന്ന സാഹചര്യം ഒഴിവാക്കാനാണ് വിദ്യാര്‍ഥിനികളെ കോളേജിനുള്ളിലേക്ക് പ്രവേശിപ്പിച്ചതെന്നായിരുന്നു കോളേജ് അധികൃതരുടെ വിശദീകരണം. ഹിജാബ് ഒഴിവാക്കിയാൽ മാത്രമേ വിദ്യാര്‍ഥിനികളെ ക്ലാസിൽ ഇരുത്തൂ എന്നായിരുന്നു പ്രിൻസിപ്പാളിന്റെ നിലപാട്. എന്നാൽ വിദ്യാര്‍ഥിനികൾ തങ്ങൾ ഹിജാബ് ഒഴിവാക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു.
Also read- Hijab Row | ഹിജാബ് വിവാദം; ഹര്‍ജി നല്കിയ വിദ്യാര്‍ഥികള്‍ക്കെതിരെ അന്വേഷണവുമായി കര്‍ണാടക സര്‍ക്കാര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, പ്രത്യേകിച്ച് തീരദേശ കർണാടകയിൽ, ഹിജാബ് ധരിച്ച ചില മുസ്ലീം പെൺകുട്ടികളെ ക്ലാസുകളിലേക്ക് പ്രവേശിപ്പിക്കാത്തതും കാവി ഷാളുകൾ ധരിച്ച് പ്രതികരിക്കുന്ന ഹിന്ദു ആൺകുട്ടികളെ ക്ലാസുകളിൽ നിന്ന് വിലക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബെലഗാവിയിലെ രാംദുർഗ് പിയു കോളേജിലും ഹാസൻ, ചിക്കമംഗളൂരു, ശിവമോഗ എന്നിവിടങ്ങളിലെ കോളേജുകളിലും സമാനമായ രീതിയിൽ വിദ്യാർത്ഥികൾ ഹിജാബ് അല്ലെങ്കിൽ കാവി ഷാൾ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിയ സംഭവങ്ങളും മൈസൂരിലും കലബുറഗിയിലും ഒരു കൂട്ടം പെൺകുട്ടികൾ കാവി ഷാള്‍ ധരിച്ച് പ്രകടനം നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.
കുന്ദാപുരയിലെ പി യു കോളേജിൽ ഹിജാബ് വിവാദത്തിനു പിന്നാലെ കാവിഷാൾ അണിഞ്ഞെത്തിയ വിദ്യാർഥികളെയും ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ല. അതിനിടെ, ഹൈക്കോടതിവിധി വരുന്നതുവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾ നിലവിലുള്ള യൂണിഫോംനിയമം നടപ്പാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർദേശം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.