• HOME
  • »
  • NEWS
  • »
  • crime
  • »
  • Hashish Oil | ജയിലിലുള്ള മകന് അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്ന് എത്തിച്ച അമ്മ അറസ്റ്റിൽ

Hashish Oil | ജയിലിലുള്ള മകന് അഞ്ച് ലക്ഷം രൂപയുടെ മയക്കുമരുന്ന് എത്തിച്ച അമ്മ അറസ്റ്റിൽ

ജൂൺ 13നാണ് അമ്മ മകനെ സന്ദർശിക്കാനായി ജയിലിൽ എത്തിയത്. മകനുമായി സംസാരിക്കുന്നതിനിടയിൽ അവർ ഒരു തുണിസഞ്ചി കൈമാറി.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ജയിലിൽ മകന് കൈമാറാൻ മയക്കുമരുന്നുമായി എത്തിയ അമ്മയെ കർണാടക (Karnataka) പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര (Parappana Agrahara) സെൻട്രൽ ജയിലിൽ നിന്നാണ് വെള്ളിയാഴ്ച പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ തന്നെ ശിക്കാരിപാളയ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ജയിലിലുള്ള മകൻെറ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇവർ മയക്കുമരുന്നുമായി എത്തിയത്.

    സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ വീട് കൊള്ളയടിക്കലുമായി ബന്ധപ്പെട്ട ഒരു കേസിൽ 2020ലാണ് കോനൻകുണ്ടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ആ കേസിൻെറ വിചാരണ നടക്കുന്നതിനാൽ ഇയാൾ ജിയിലിലാണ്. ജൂൺ 13നാണ് ബിലാലിൻെറ മാതാവ് ജയിലിൽ മകനെ സന്ദർശിക്കാനായി എത്തിയത്. മകനുമായി സംസാരിക്കുന്നതിനിടയിൽ അവർ ഒരു തുണിസഞ്ചി കൈമാറി.

    ഇതിൽ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ എന്താണ് സഞ്ചിയിലുള്ളതെന്ന് പരിശോധിച്ചു. 200 ഗ്രാം ഹാഷിഷ് ഓയിലാണ് സഞ്ചിയിലുണ്ടായിരുന്നത്. എത്രയും പെട്ടെന്ന് തന്നെ പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

    വളരെ വിദഗ്ദമായിട്ടാണ് സ്റ്റേഷനുള്ളിലേക്ക് മയക്കുമരുന്ന് എത്തിച്ചത്. തുണിസഞ്ചിക്കുള്ളിൽ ഒരു കാർബൺ ഷീറ്റ് ഉണ്ടായിരുന്നു. ഇതിനകത്ത് ഒരു അറയ്ക്കുള്ളിൽ ഒളിപ്പിച്ച മറ്റൊരു ബാഗിലാണ് ഹാഷിഷ് ഓയിലുണ്ടായിരുന്നത്. സംശയകരമായ എന്തോ വസ്തു സഞ്ചിക്കുള്ളിൽ ഉണ്ടെന്ന് മെറ്റൽ ഡിറ്റക്ടർ സൂചന നൽകിയതാണ് പോലീസ് ഉദ്യോഗസ്ഥരെ സഹായിച്ചത്. ഇതോടെയാണ് പെട്ടെന്ന് തന്നെ സഞ്ചി പരിശോധിക്കാൻ തീരുമാനിച്ചത്. സഞ്ചി പരിശോധിച്ച ഉദ്യോഗസ്ഥർ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

    മകൻ ഭീഷണിപ്പെടുത്തിയതിനാലാണ് താൻ ഈ സഞ്ചിയുമായി പോലീസ് സ്റ്റേഷനിലെത്തിയതെന്ന് പിടിയിലായ സ്ത്രീ മൊഴി നൽകി. മറ്റൊരാളുടെ ഫോണിൽ നിന്ന് മകൻ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി. ഒരു സുഹൃത്ത് തരുന്ന ബാഗ് എത്രയും പെട്ടെന്ന് ജയിലിൽ എത്തിക്കാൻ വേണ്ടിയായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് തനിക്ക് പ്രവർത്തിക്കേണ്ടി വന്നു. സഞ്ചിക്കുള്ളിൽ മയക്കുമരുന്ന് ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സ്ത്രീ ചോദ്യം ചെയ്യലിനിടയിൽ പറഞ്ഞു.

    ജയിലിനുള്ളിൽ നിന്ന് ബിലാൽ വിളിച്ച ഫോൺ നമ്പറിൻെറ വിശദാംശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സഞ്ചി കൈമാറിയ സുഹൃത്തിന് വേണ്ടിയുള്ള തിരച്ചിലും പോലീസ് ഉദ്യോഗസ്ഥർ ആരംഭിച്ച് കഴിഞ്ഞു. മുഹമ്മദ് ബിലാൽ മയക്കുമരുന്നിന് അടിമയല്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബോധ്യമായി. ജയിലിനുള്ളിൽ മയക്കുമരുന്ന് വിൽക്കാനായിരുന്നു ഉദ്ദേശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.

    ഇതിനോടകം തന്നെ ജയിലിലേക്ക് മയക്കുമരുന്ന് എത്തിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 11 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപനയിൽ സഹായിച്ചതിന് പോലീസ് ഉദ്യോഗസ്ഥരെ തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് പോലീസ് വ്യക്തമാക്കി.
    Published by:Sarath Mohanan
    First published: