കാസർകോട്: കാസര്‍കോട് ചീമേനിയില്‍ റിട്ട.അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നും മൂന്നും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ രണ്ടാം പ്രതിയെ വെറുതെവിട്ടു. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കൊലപാതകം, കൊലപാതക ശ്രമം,കവർച്ച, ഭവന ഭേദനം, ഗൂഢാലോചന എന്നിവയാണ് പ്രതികൾക്കെതിരെ തെളിഞ്ഞ കുറ്റങ്ങൾ. 2017 ഡിസംബർ 13ന് രാത്രിയാണ് പുലിയന്നൂർ ഗവ. എൽ.പി. സ്കൂളിലെ റിട്ട. അധ്യാപികയായ പൊതാവൂരിലെ കളത്തേര വീട്ടിൽ ജാനകിയെ മൂന്നംഗ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ജാനകിയുടെ ഭർത്താവ് കളത്തേര വീട്ടിൽ കൃഷ്ണനും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമിസംഘം അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം വീട്ടിനകത്ത് നിന്നും 13 പവൻ സ്വർണ്ണാഭരണങ്ങളും 50,000 രൂപയുമാണ് കവർച്ച ചെയ്തത്. ജാനകിയുടെ ശിഷ്യന്മാരായിരുന്ന പുലിയന്നൂർ ചീർക്കളം വലിയ വീട്ടിൽ വി.വി. വൈശാഖ് (30), ചീർക്കളം തലക്കാട്ട് വീട്ടിൽ ടി. റിനേഷ് (23), ചീർക്കളം അള്ളറാട്ട് വീട്ടിൽ അരുൺ കുമാർ (28) എന്നിവരടങ്ങിയ സംഘമാണ് അധ്യാപികയെ കൊലപ്പെടുത്തി കവർച്ച നടത്തിയത്.
മുഖംമൂടി അണിഞ്ഞെത്തിയ കവർച്ചാ സംഘത്തെ അധ്യാപിക തിരിച്ചറിഞ്ഞതാണ് കൊലയിലേക്ക് നയിച്ചത്. ടീച്ചറുടെ വീട്ടിലെത്തിയ സംഘം കോളിംഗ് ബെല്ലടിച്ചതിനെ തുടർന്ന് ടീച്ചറുടെ ഭർത്താവ് കൃഷ്ണൻ വാതിൽ തുറക്കുകയായിരുന്നു. ആക്രമണം തുടങ്ങിയതോടെ ശബ്ദം കേട്ട് കേട്ട് ഓടിയെത്തിയ ജാനകി ടീച്ചർ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈശാഖിന്റെയും റിനേഷിന്റെയും സംസാരത്തിൽ നിന്ന് ഇരുവരെയും തിരിച്ചറിഞ്ഞു. ഇതാണ് അരും കൊലയിലേക്ക് എത്താൻ കാരണം.
അരുണാണ് കത്തി ഉപയോഗിച്ച് ജാനകിയുടെ കഴുത്ത് മുറിച്ചത്. കൃഷ്ണൻ മാസ്റ്ററെ വൈശാഖ് കണ്ണുംപൂട്ടി കത്തിവീശുകയായിരുന്നു. പൊലീസിനെ വട്ടം കറക്കിയ കേസിൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് കേസിലെ യാഥാർത്ഥ പ്രതികളെ കണ്ടെത്തിയത്.
പ്രതികളിൽ ഒരാളുടെ പിതാവ് നൽകിയ സൂചനയാണ് കൊലയാളി സംഘത്തെ പിടികൂടാൻ സഹായകമായത്. പ്രതികളിൽ ഒരാളുടെ വീട്ടിൽ ബാങ്കിൽ സ്വർണം പണയം വച്ച രസീത് കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പിതാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി. സൈമൺ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ആയിരുന്ന കെ. ദാമോദരൻ, നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ പി. ഉണ്ണിക്കൃഷ്ണൻ, ചീമേനി എസ്.ഐ. രമണൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ചീമേനി ജാനകി വധക്കേസ് തെളിയിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.