മലപ്പുറം: പ്രളയകാലത്ത് (Kerala Flood) മുതുക് ചവിട്ടുപടിയാക്കി ആളുകളെ രക്ഷിച്ച് ശ്രദ്ധ നേടിയ പരപ്പനങ്ങാടി ബീച്ച് സ്വദേശി ജയ്സലിനെ പോലീസ് (Kerala Police) അറസ്റ്റ് ചെയ്തു. താനൂർ തൂവൽ തീരം ബീച്ചിൽ ഇരിക്കുകയായിരുന്ന യുവാവിനെയും വനിതാ സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന പരാതിയിൽ ആണ് പോലീസ് നടപടി. 2021 ഏപ്രിൽ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഐപിസി 385 പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.
താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോയെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കൈയിൽ പണമില്ലാതിരുന്നതിനാൽ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 5000 രൂപ നൽകിയതാണ് യുവതിയെയും യുവാവിനെയും പോകാൻ അനുവദിച്ചത്. തുടർന്നു ഇവർ താനൂർ പോലീസിൽ പരാതി നൽകി.
പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ ബുധനാഴ്ച താനൂർ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷകൾ നേരത്തെ കോടതികൾ തള്ളിയിരുന്നു. താനൂർ സി.ഐ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജിത്ത് നരേന്ദ്രൻ, പി.കെ.രാജു, ഇ.എസ്.ഐ റഹീം യൂസഫ് തുടങ്ങിയവർ കേസന്വേഷണം നടത്തി.
Also Read-
ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പ്രളയരക്ഷകന്‍ ജെയ്സലിനെതിരെ കേസ്മുൻപ് കേസ് ഉണ്ടായ സമയത്ത് ആരോപണങ്ങൾക്ക് മറുപടിയുമായി ജൈസൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പങ്ക് വെച്ചിരുന്നു. മലപ്പുറം സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ ആണ് 6 മിനിറ്റിൽ അധികം ദൈർഘ്യം വരുന്ന വീഡിയോയിലൂടെ ജൈസൽ മറുപടി പറയുന്നത്. തൻ്റെ ഗൂഗിൽ പേ നമ്പർ അറിയുന്ന ആർക്കും തനിക്ക് പണം അയക്കാം എന്നിരിക്കെ താൻ ഭീഷണിപ്പെടുത്തിയതിന്റെ എന്ത് തെളിവ് ആണ് ഉള്ളത് എന്ന് ജൈസൽ ചോദിക്കുന്നു. ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ, വീഡിയോ ഉണ്ടോ എന്നാണ് ജൈസലിൻ്റെ ചോദ്യം. താൻ ഇപ്പൊൾ കൊല്ലത്ത് ആണ് എന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ അന്ന് രാത്രി കൊല്ലത്ത് എത്തിയത് ആണ് എന്നും വണ്ടി കേടായി വർക്ക്ഷോപ്പിൽ ആണ് എന്നും ജൈസൽ പറയുന്നു.
Also Read-
ചവിട്ടിക്കയറാൻ സ്വന്തം ചുമല് കാട്ടിക്കൊടുത്ത ജൈസലിനെ ട്രോമാ കെയർ പുറത്താക്കി; കാരണം സദാചാര പൊലീസ് ചമയൽതാനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജൈസൽ താനൂരിനെതിരെ പൊലീസ് കേസെടുത്തത്. താനൂർ തൂവൽ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിൾ പേ വഴി 5000 രൂപ നൽകിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി. ജെയ്സലിനും കണ്ടാൽ തിരിച്ചറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് താനൂർ പൊലീസ് കേസെടുത്തത്.
2018ൽ മലപ്പുറത്തെ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ജെയ്സൽ താരമായി മാറിയ സംഭവം ഉണ്ടായത്. വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിയ സ്ത്രീകൾ ഉൾപ്പടെയുള്ളവരെ രക്ഷപെടുത്താൻ ഫൈബർ വള്ളവുമായി ജെയ്സലും കൂട്ടരും എത്തി. ഇതിനിടെ ഒരു സ്ത്രീ വള്ളത്തിൽ കയറുന്നതിനിടെ വെള്ളത്തിലേക്ക് വീണു. ഇതോടെ പ്രായമായ രണ്ടു സ്ത്രീകൾ വള്ളത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് ജെയ്സൽ കമിഴ്ന്ന് കിടന്ന് മുതുകിൽ ചവിട്ടി കയറാൻ ആവശ്യപ്പെട്ടത്. ഈ ദൃശ്യം സമീപത്തുണ്ടായിരുന്നവർ മൊബൈലിൽ ചിത്രീകരിക്കുകയും വൈകാതെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് ജെയ്സലിന് അഭിനന്ദനവുമായി അന്ന് രംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.