ചെന്നൈ: ബ്ലാക്ക് മാജിക്കിന്റെ പേരിൽ സുഹൃത്തിനെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത കേസിൽ മലയാളിയായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ. ചെന്നൈ സ്വദേശിയായ ഗൗതം ശിവസാമി എന്നയാളാണ് കബളിപ്പിക്കപ്പെട്ടത്. സുബ്രമണി എന്നയാളാണ് ശിവസാമിയെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തത്.
ബ്ലാക്ക് മാജിക്കിലൂടെ മരിച്ചു പോയ ബന്ധുക്കളുടേയും സായ് ബാബയുടേയും ഒരു ആൾ ദൈവത്തേയും കാണാമെന്നും ഇവരുമായി സംസാരിക്കാമെന്നും കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
മന്ത്രവാദം നടത്തിയ സുബ്രമണി സുഹൃത്തായ ഗൗതം ശിവസാമിക്ക് 2019 വരെയുള്ള നാല് വർഷത്തിനിടെ 52 തവണയായി രണ്ട് കോടിയിലധികം രൂപ തട്ടിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മലയാളിയായ സുബ്രമണി തിരുവനന്തപുരം സ്വദേശിയാണ്. മെയ് പത്തിനാണ് കേസിൽ സുബ്രമണിയെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Also Read- ഫാന്‍ വില്‍പ്പനയെ ചൊല്ലി തര്‍ക്കം; കാസർഗോഡ് കടയുടമയ്ക്കും ജീവനക്കാര്‍ക്കും ക്രൂരമര്‍ദനം
ഗൗതം ശിവസാമിയുടെ അമ്മ, അച്ഛൻ, സഹോദരൻ, മകൾ എന്നിവർ നേരത്തേ മരിച്ചിരുന്നു. ഇവരെയെല്ലാം മന്ത്രവാദം നടത്തി വീണ്ടും കാണിക്കാമെന്ന് പറഞ്ഞാണ് സുബ്രമണി ശിവസാമിയിൽ നിന്നും പണം തട്ടിയെടുത്തത്. ബന്ധുക്കളെല്ലാം മരണപ്പെട്ട ശിവസാമി ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്.
Also Read- പെരുമ്പാവൂർ സ്റ്റേഷനിൽ പൊലീസുകാർക്ക് മോഷണക്കേസ് പ്രതികളുടെ മർദനം; എസ്ഐ അടക്കം മൂന്നു പേർക്ക് പരിക്ക്
ആസൂത്രിതമായ പദ്ധതിയിലൂടെയാണ് സുബ്രമണി ശിവസാമിയുടെ വിശ്വാസ്യത നേടിയെടുത്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മന്ത്രവാദം നടത്തുന്നതിനിടയിൽ പ്ലേറ്റുകൾ ചലിക്കുകയും ശൂന്യതയിൽ നിന്ന് നാരങ്ങകൾ പ്രത്യക്ഷപ്പെട്ടുമൊക്കെയായിരുന്നു സുബ്രമണി കബളിപ്പിച്ചത്. ഇത് വെറും തന്ത്രങ്ങളാണെന്നും സുബ്രമണി തന്നെ കബളിപ്പിച്ചതാണെന്നും ഗൗതം ശിവസാമി പിന്നീട് മനസ്സിലാക്കി.
മന്ത്രവാദം നടത്തി ശിവസാമിയുടെ മാതാവുമായി സംസാരിച്ചുവെന്ന് വ്യക്തമാക്കുന്ന ഇ-മെയിലുകളും സുബ്രമണിയുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ശിവസാമിയിൽ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് സുബ്രമണി ഭാര്യയ്ക്ക് സ്വർണാഭരണങ്ങളും വജ്രങ്ങളും വാങ്ങി നൽകുകയായിരുന്നു. കൂടാതെ, മകൾക്ക് ലണ്ടനിൽ ഉപരിപഠനത്തിനു പോകാനുള്ള തുക നൽകിയതും ശിവസാമിയിൽ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ചാണ്. കെമിസ്ട്രി ലാബുകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇയാൾ മന്ത്രവാദം നടത്തിയതെന്നും പൊലീസ് കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Black magic, Black mail case, Crime