വയനാടിനെ വിറപ്പിച്ച മോഷണ പരമ്പരകളിൽ ആസാം സ്വദേശികളായ നാല് മോഷ്ടാക്കളെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം അതിസാഹസികമായി പിടികൂടി. മോഷണത്തിനുശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികളെ കാലാവസ്ഥയടക്കമുള്ള പ്രതികൂല സാഹചര്യങ്ങളും ജീവൻപോലും അപകടത്തിലാകുന്ന നിമിഷങ്ങളെയുമെല്ലാം അതിജീവിച്ചാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിലെത്തി കേരള പോലീസ് അറസ്റ്റ്‌ചെയ്തത്. ആസാമിൽനിന്നും അരുണാചൽ പ്രദേശിൽനിന്നുമായാണ് പ്രതികളെ പിടികൂടിയത്. അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമയായ കുറ്റവും ശിക്ഷയും പറഞ്ഞതിന് സമാനമായ രീതിയിലായിരുന്നു അറസ്റ്റ്.
പുൽപ്പള്ളി, നൂൽപ്പുഴ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നടന്ന മോഷണക്കേസുകളിലാണ് അസം സ്വദേശികളായ ബജ്ഭറ സ്വദേശി മൊഹിജുൽ ഇസ്ലാം (22), ടെൻസിപുർ സ്വദേശികളായ ഇനാമുൽ ഹഖ് (25), നൂർജമാൽ അലി (23), സോനിറ്റ്പുർ ഗുരമർഹ് സ്വദേശി ദുലാൽഅലി (23) എന്നിവരെ അറസ്റ്റ്‌ചെയ്തത്. ചൊവ്വാഴ്ച ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.
ഏപ്രിൽ 9, 11 തീയതികളിലാണ് പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതികൾ മോഷണം നടത്തിയത്. ഏപ്രിൽ നാലിനും പത്തിനുമിടയ്ക്കുള്ള ദിവസങ്ങളിലാണ് നൂൽപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാടക്കരയിലും പൂളക്കുണ്ടിലും മോഷണം നടന്നത്. ഇവിടങ്ങളിൽ നിന്ന് 50 പവനോളം സ്വർണവും ഒരുലക്ഷം രൂപയോളവുമാണ് ഇവർ അപഹരിച്ചത്. ബസുകളിൽ യാത്രചെയ്ത് ആൾത്തിരക്കില്ലാത്ത സ്ഥലങ്ങളിലിറങ്ങി, കറങ്ങിനടന്ന് ഗേറ്റ് പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടെത്തിയാണ് ഇവർ മോഷണം നടത്തിയിരുന്നത്. തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ഡോ. അർവിന്ദ് സുകുമാറിന്റെ നിർദേശ പ്രകാരം ബത്തേരി ഡിവൈ എസ് പി കെ കെ അബ്ദുൾ ഷെരീഫ് കേസ് അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് എസ് ഐ എൻ വി ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 13 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.
Also Read- മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം
ജൂൺ 14നാണ് പ്രത്യേകസംഘം പാലക്കാട്ടുനിന്ന് ഗുവാഹാട്ടിയിലേക്ക് യാത്രതിരിച്ചത്. ആസാം പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് മൂന്ന് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തിയിരുന്നത്. ജൂൺ 21ന് പുലർച്ചെയാണ് ടെസ്പുറിലെ ചേരിപ്രദേശത്തുനിന്ന് ദുലാൽഅലിയെ പിടികൂടിയത്. ഇയാളിൽനിന്ന് മറ്റ് പ്രതികൾ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഉടൻതന്നെ 16 കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തിൽനിന്ന് ഇനാമുൽഹഖിനെ പിടികൂടി. പക്ഷേ, പ്രതിയുമായി ഗ്രാമത്തിന് പുറത്തേക്ക് കടക്കാൻശ്രമിച്ച കേരള പൊലീസിനുനേരെ നാട്ടുകാർ തിരിഞ്ഞതോടെ ആസാം പൊലീസ് സഹായത്തിനെത്തി.
നാട്ടുകാരെ ആസാം പൊലീസ് തടഞ്ഞുനിർത്തിയ തക്കത്തിൽ ഒന്നര കിലോമീറ്ററോളം അകലെ നിർത്തിയിട്ടിരുന്ന വാഹനത്തിനടുത്തേക്ക് കേരള പൊലീസ് പ്രതിയുമായി ഓടിരക്ഷപ്പെടുകയായിരുന്നു. മറ്റു രണ്ട് പ്രതികളെ പിടികൂടാനായി പൊലീസ് സംഘം എത്തിയപ്പോഴേക്കും അവർ ഈ സമയം രക്ഷപ്പെട്ടിരുന്നു. പിന്നീട് അന്വേഷണസംഘം രണ്ടായി തിരിഞ്ഞ് ഒരുസംഘം പിടിയിലായ പ്രതികളുമായി നാട്ടിലേക്ക് യാത്രതിരിച്ചു. മറ്റൊരു സംഘം രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ തുടരുകയുംചെയ്തു.
Also Read- കോളേജിൽ നിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിച്ചു; SFI, KSU നേതാക്കൾ അറസ്റ്റിൽ
രക്ഷപ്പെട്ട മൊഹിജുൽ ഇസ്ലാം, നൂർജമാൽ അലി എന്നിവരെ ജൂലായ് മൂന്നിനാണ് അരുണാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽനിന്ന് പ്രാദേശിക പൊലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് പിടികൂടിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഫിനു, ദേവജിത്ത്, അനസ്, നൗഫൽ, സിവിൽ പൊലീസ് ഓഫീസർമാരായ സ്മിജു, ആഷ്‌ലിൻ തോമസ്, ഉനൈസ്, ബിജിത്ത് ലാൽ, പ്രജീഷ്, ജിതിൻ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റുദ്യോഗസ്ഥർ.
ആറര ലക്ഷം ഫോൺ കോളുകൾ
പ്രതികളെക്കുറിച്ച് ഒരു തുമ്പും ലഭിക്കാതിരുന്നത് ആദ്യഘട്ടത്തിൽ പൊലീസിനെ കുഴക്കിയിരുന്നു. പിന്നീട് ബത്തേരി, പുല്‍പ്പള്ളി പ്രദേശങ്ങളിലെ 40 ലേറെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സംശയാസ്പദമായ ചിലരുടെ ചിത്രങ്ങൾ കണ്ടെത്തി. പക്ഷേ, ഇവരുടെ രൂപസാദൃശ്യമുള്ള പ്രതികളാരും പൊലീസിന്റെ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിൽ ഇല്ലാത്തതും പേരുവിവരങ്ങൾ അറിയാത്തതും അന്വേഷണസംഘത്തിന് വെല്ലുവിളിയായി.
ആറരലക്ഷത്തോളം ഫോൺ കോളുകളാണ് അന്വേഷണസംഘം വിശകലനം ചെയ്തത്. ഇതിൽനിന്നാണ് മോഷണം നടത്തിയത് ഇതരസംസ്ഥാന തൊഴിലാളികളായിരിക്കാമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘമെത്തിയത്. അതിഥി തൊഴിലാളികളെ കേരളത്തിലേക്കെത്തിക്കുന്ന ഏജന്റുമാരുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചു. ഇതിലൊരു ഏജന്റ് ഒന്നാംപ്രതിയായ മൊഹിജുൽ ഇസ്ലാമിന്റെ ചിത്രം തിരിച്ചറിഞ്ഞതോടെയാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്. തുടർന്നുള്ള അന്വേഷണത്തിൽ മൊഹിജുൽ ഇസ്ലാം ഏപ്രിൽ 12ന് നാട്ടിലേക്ക് പോയതായി സൂചനലഭിച്ചു. ഇയാൾ ഗുവാഹത്തിയിലെത്തിയതായും മറ്റു മൂന്ന് പ്രതികളും കൂടെയുണ്ടെന്നും വ്യക്തമായതോടെ അന്വേഷണസംഘം ഇവിടേക്ക് പുറപ്പെടാനുള്ള തീരുമാനമെടുത്തു. എന്നാൽ പ്രതികളുടെ പൂർണവിലാസമോ, കൂടുതൽ വിവരങ്ങളോ കൈയിലില്ലാത്തത് വലിയ വെല്ലുവിളിയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Wayanad