തിരുവനന്തപുരം: നെടുമങ്ങാട് നിന്ന് കാണാതായ തമിഴ്നാട് സ്വദേശിയായ യുവതിയെ സത്യമംഗലം വനത്തിന് സമീപത്തുനിന്ന് കാമുകനൊപ്പം കണ്ടെത്തി. കേരള പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് അരശുപറമ്ബ് തോട്ടുമുക്ക് പണയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുത്തുകുമാറിന്റെ ഭാര്യ ഇസക്കി അമ്മാളിനെയാണ്(29) പൊലീസ് പിടികൂടിയത്. ഒന്നരയും ഏഴും വയസുള്ള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് ഇസക്കി അമ്മാൾ തൂത്തുക്കുടി സ്വദേശിയായ കാമുകനൊപ്പം പോയത്. സ്കൂൾകാലത്തെ സഹപാഠികളായ ഇരുവരും അടുത്തിടെ തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് സൌഹൃദം പുതുക്കുകയും പ്രണയത്തിലാകുകയും ചെയ്തത്.
സ്ക്കൂട്ടര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന തമിഴനാട് സ്വദേശി മുത്തുകുമാർ കഴിഞ്ഞ മാസം 28നാണ് ഭാര്യയെ കാണാനില്ലന്ന പരാതിയുമായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തുന്നത്. മുലകുടി മാറാത്ത കുഞ്ഞിനെ അയൽവീട്ടിലാക്കി മാർക്കറ്റിലേക്ക് എന്ന് പറഞ്ഞാണ് ഇസക്കി അമ്മാൾ പോയത്. നാട്ടിലെ ബന്ധുവിന് ശസ്ത്രക്രിയയ്ക്ക് അയക്കാനാണെന്ന് പറഞ്ഞ് കുറച്ചു പണവും ഇവർ അയൽവീട്ടിൽനിന്ന് കടമായി വാങ്ങിയിരുന്നു. എന്നാൽ മാർക്കറ്റിലേക്ക് പോയ ഇസക്കി അമ്മാൾ ഏറെ നേരം കഴിഞ്ഞും തിരിച്ചുവരാതായതോടെയാണ് അയൽവീട്ടുകാർ മുത്തുകുമാറിനെ വിവരം അറിയിച്ചത്. ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് മുത്തുകുമാർ പൊലീസിൽ പരാതി നൽകിയത്.
ഇസക്കി അമ്മാളിന്റെ ഫോൺ വിളിയുടെ വിശദാംശങ്ങൾ എടുത്തതോടെയാണ് പൊലീസിന് അന്വേഷണത്തിൽ തുമ്പ് ലഭിച്ചത്. തൂത്തൂക്കുടി ശങ്കരപ്പേരി പണ്ടാരംപട്ടി 3/191/3ല്‍ താമസിച്ചിരുന്ന സെളെരാജന്റെ മകന് അശോക് കുമാറുമായി(32) ഇസക്കി അമ്മാൾ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നതായി വ്യക്തമായി. തുടർന്ന് പൊലീസ് സംഘം തൂത്തുക്കുടിയിൽ എത്തിയപ്പോഴാണ് ഇസക്കി അമ്മാളും അശോക് കുമാറും കുട്ടിക്കാലം മുതൽക്കേ സഹപാഠികളായിരുന്നുവെന്ന് വ്യക്തമായത്. എന്നാല്‍ അശോക് കുമാറിന്റെ മൊബൈലും സ്വിച്ച് ഓഫ് ആയതു കേസ് അന്വേഷണത്തെ തടസപ്പെടുത്തി.
Also Read-
Murder | മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം അറിയണം;വൈദ്യനെ കൊന്ന് കഷണങ്ങളാക്കി പുഴയില്‍ തള്ളി, പ്രതികള്‍ പിടിയില്‍
തുടർന്ന് ഇരുവരുടെയും ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷണം നടത്തി. സ്കൂൾകാലത്തുള്ള സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. പൊലീസ് സംഘം കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. അതിനിടെ അശോക് കുമാര്‍ ഉപയോഗിച്ചിരുന്ന മൊബൈലില്‍ പുതിയ സിം ഉപയോഗിച്ച് ഒന്നു രണ്ടു തവണ ഫോണ്‍ വിളിച്ചതായി സൈബര്‍ സെൽ കണ്ടെത്തി. ഇതിന്റെ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് പൊലീസ് ഞെട്ടിയത്. ഒരുകാലത്ത് വീരപ്പനും സംഘവും അടക്കിഭരിച്ച സത്യമംഗലം വനത്തിനോട് ചേർന്നാണ് ഇരുവരും ഉള്ളതെന്ന് വ്യക്തമായി.
വനത്തിനോട് ചേർന്ന ഗ്രാമത്തിൽ അത്രയെളുപ്പം പുറത്തുനിന്നുള്ളവർക്ക് എത്തിച്ചേരാൻ കഴിയില്ലില്ലായിരുന്നു. എന്നാൽ ഏറെ ശ്രമപ്പെട്ട് കേരള പൊലീസ് അവിടെ എത്തുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ സമയം ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്ത് ഇരുവരും താമസം തുടങ്ങിയിരുന്നു. തുടർന്ന് ഇരുവരെയും നെടുമങ്ങാടേക്ക് കൊണ്ടുവന്നു. നെടുമങ്ങാട് സിഐ എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ സൂര്യ, എഎസ്ഐ നൂറുല്‍ ഹസന്, പൊലീസുകാരായ പ്രസാദ്, ബാദൂഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.