തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകളുടെ (pocso cases)അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘം (special investigation team) രൂപീകരിക്കുന്നു. ഓരോ ജില്ലയിലും ഡിവൈഎസ്പിമാരുടെ(dysp) നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്. ക്രമസമാധാന ചുമതലയിൽ നിന്നും 44 സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ പോക്സോ സംഘത്തിലേക്ക് പുനർ വിന്യസിക്കാനും തീരുമാനമായി.
സംസ്ഥാനത്തെ പോക്സോ കേസുകളിൽ കുറ്റപത്രവും വിചാരണയുമെല്ലാം വൈകുന്നത് ചൂണ്ടികാട്ടി പ്രത്യേക സംഘങ്ങളെ രൂപീകരിക്കാൻ ഒരു വർഷം മുമ്പ് സുപ്രീം കോടതിയും നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോക്സോ കേസുകളുടെ അന്വേഷണം ഊർജ്ജിതമാക്കാനായി പ്രത്യേക സംഘം രൂപീകരിക്കുന്നത്. സിഐ റാങ്കിലുളള സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് പോക്സോ കേസുകള്‍ അന്വേഷിക്കുന്നത്. ക്രമസമാധാന ചുമതലയ്ക്കൊപ്പം കേസന്വേഷണം കൂടി നടക്കുന്നതിനാൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ കഴിയുന്നില്ല.
വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനുവരെ കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പോക്സോ കേസുകള്‍ രജിസ്റ്റർ ചെയ്ത് അത് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ക്രൈം ബ്രാഞ്ച് എഡിപിജി റിപ്പോർട്ട് നൽകി.
എന്നാല്‍ പുതിയ സംഘം രൂപീകരിക്കാനുള്ള തസ്തികളില്ലാത്തിനാൽ പ്രത്യേക സംഘത്തിൻെറ രൂപീകരണം ചർച്ചകളിലൊതുങ്ങുകയായിരുന്നു. പ്രതിവർഷം 500 താഴെ കേസുകള്‍ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതയിൽ നിന്നും ഇൻസ്പെക്ടർമാരെ ഒഴിവാക്കാൻ ഇപ്പോള്‍ തീരുമാനിച്ചതോടെയാണ് പോക്സോ പ്രത്യേക സംഘത്തിൻെറ രൂപീകരണം സാധ്യമാകുന്നത്.
പ്രതിവർഷം 500ൽ താഴെ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്ന സി- കാറ്റഗറിയിലുള്ള 112 സ്റ്റേഷനുകളാണ് സംസ്ഥാത്തുള്ളത്. ഈ സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് നൽകിയ ശേഷം ഇൻസ്പെക്ടർമാരെ മറ്റ് മേഖലയിലേക്ക് പുനർ വിന്യസിക്കാൻ ഉന്നതപോലീസ് യോഗം തീരുമാനിച്ചിരുന്നു. ഇതിൽ 44 എസ്.എച്ച്.ഒമാരെ പ്രത്യേക പോക്സോ സംഘത്തിലേക്ക് നിയോഗിക്കാനാണ് തീരുമാനം. ഇവർക്ക് പ്രത്യേക പരിശീലനം നൽകും. സ്റ്റേഷനുകളിൽ കുട്ടികള്‍ക്കെതിരായ പീഡനകേസ് രജിസ്റ്റർ ചെയ്താൽ പ്രത്യേക സംഘത്തിന് കൈമാറും.
ശാസ്ത്രീയ തെളിവുകൾ ഉള്‍പ്പെടെ ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പ്രത്യേക സംഘത്തിലൂടെ ലക്ഷ്യമിടുന്നത്. പോക്സോ കേസുകള്‍ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക സംഘത്തിൽ ഘടനയിൽ മാറ്റമുണ്ടാകും. സി-കാറ്റഗറി സ്റ്റേഷനുകളിൽ നിന്നും ഒഴിവാക്കുന്ന മറ്റ് എസ്.എച്ച്.ഒമാരെ ജില്ലാ ക്രൈം ബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സേന, ക്രൈം ബ്രാഞ്ച് എന്നിവടങ്ങളിലേക്ക് പുനർവിന്യസിക്കും. സ്റ്റേഷനകളുടെ ഭരണം എസ് ഐമാരിൽ നിന്നും ഇൻസ്പ്ക്ടമാരിലേക്ക് മാറ്റിയത് ഒന്നാം പിണറായി സർക്കാരിൻെറ പോലീസിലെ വലിയ തീരുമാനമായിരുന്നു. പുതിയ സംഘത്തിന്റെ രൂപീകരണത്തോടെ ഈ ഘടനയില്‍ ഭാഗികമായെങ്കിലും മാറ്റംവരും.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.