• HOME
  • »
  • NEWS
  • »
  • crime
  • »
  • KERALA POLICE TAKEN FIVE YOUTH FROM JAMMU AND KASHMIR FOR ALLEGEDLY POSSESSING FAKE GUN LICENSE NJ TV

തിരുവനന്തപുരത്ത് കള്ളത്തോക്ക് പിടിച്ചെടുത്ത കേസന്വേഷണം കശ്മീരിലേക്ക്

തോക്കും ലൈസൻസും പണം കൊടുത്ത് വാങ്ങിയതെന്ന് യുവാക്കളുടെ മൊഴി

news18 malayalam

news18 malayalam

  • Share this:
തിരുവനന്തപുരം: കരമനയിൽ കശ്മീരി സ്വദേശികളിൽ നിന്ന് കള്ളത്തോക്ക് പിടിച്ചെടുത്ത സംഭവത്തിൽ അടിമുടി ദുരൂഹത സംശയിച്ച് പൊലീസ്. കേസ് അന്വേഷണം പ്രതികളുടെ ജന്മനാടായ കശ്മീരീലേക്കും യുവാക്കൾക്ക് ജോലി നൽകിയ സ്ഥാപനത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം.

പ്രതികൾ ഹാജരാക്കിയ ലൈസൻസ് വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇതു സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണത്തിനും തീരുമാനമുണ്ട്. പ്രതികളുടെ സ്വദേശമായ കശ്മീരിലെ രജൗരി ജില്ലാ കളക്ടർക്ക് അന്വേഷണ സംഘം കത്തു നൽകും. ലൈസൻസുകളിൽ വിശദ പരിശോധന നടത്തണം എന്നാണ് ആവശ്യം. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലൈസൻസും മറ്റു രേഖകളും സീൽ ചെയ്ത് രജൗരി ജില്ലാ കളക്ടർക്ക് കൈമാറും.

കശ്മീർ സ്വദേശികളായ യുവാക്കൾക്കെതിരെ ആയുധ നിയമം, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ലൈസൻസ് അനുവദിച്ചെന്ന് അവകാശപ്പെട്ട് പ്രതികൾ ഹാജരാക്കിയ രേഖയിലെ പൊലീസ് സ്റ്റേഷൻ മേൽവിലാസം വ്യാജമെന്നും കരമന പൊലീസ് സ്ഥിരീകരിക്കുന്നു. കശ്മരീലെ കോട്ടെരത്ന എന്ന പൊലീസ് സ്റ്റേഷൻ വിലാസം പ്രതികൾ ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു പൊലീസ് സ്റ്റേഷൻ കശ്മീരിൽ ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു.

മഹാരാഷ്ട്രയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എസ്.വി എന്ന കമ്പനിയാണ് ഇവരെ സുരക്ഷാ ഗാർഡുകളായി റിക്രൂട്ട് ചെയ്തത്. തോക്കും തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസും പണം നൽകി സംഘടിപ്പിച്ചതാണെന്നാണ് പ്രതികളുടെ മൊഴി. ലൈസൻസിന് മാത്രം പതിനായിരത്തോളം രൂപ ചെലവായി. എടിഎമ്മിൽ പണം നിറയ്ക്കുന്നതിന് സുരക്ഷ ഒരുക്കുന്ന ജോലി വേണമെങ്കിൽ തോക്കും ലൈസൻസും വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു.
Also Read-പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച അച്ഛന് മൂന്നു ജീവപര്യന്തം ശിക്ഷ

ജോലിക്കു വേണ്ടിയാണ് പണം നൽകി തോക്കും ലൈസൻസും വാങ്ങിയതെന്നും യുവാക്കളുടെ മൊഴിയിൽ പറയുന്നു. ഇതും പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൾ വ്യക്തത വരുത്താൻ പ്രതികളെ കസ്റ്റിഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.

Also Read-'സാർ', 'മാഡം' വിളിയില്ല; ഈ പഞ്ചായത്തിൽ പേരുകളോ സ്ഥാനങ്ങളോ വിളിച്ച് അഭിസംബോധന ചെയ്യാം

കശ്മീർ സ്വദേശികളായ ഷൗക്കത്തലി, ഷാക്കൂർ അഹമ്മദ്, ഗുൽസമാൻ, മുഷ്താഖ് ഹുസൈൻ, മുഹമ്മദ് ജാവേദ് എന്നിവരാണ് കള്ളത്തോക്ക് കൈവശം വച്ചതിന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ളവർ തോക്കു ഹാജരാക്കാൻ പൊലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ ലൈസൻസ് ഇല്ലാതെ ഈ യുവാക്കൾ തോക്ക് ഉപയോഗിക്കുന്നു എന്ന് പൊലീസിന് രഹസ്യ വിവരം കിട്ടി. അതിന്റെ അടിസ്ഥാനത്തിൽ ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു.

യുവാക്കൾ ഹാജരാക്കിയ ലൈസൻസിൽ സംശയം തോന്നിയ പൊലീസ് സ്ഥിരീകരണത്തിന് രജൗരി എഡിഎമ്മിനെ സമീപിച്ചു. എഡിഎം കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടിൽ ലൈസൻസ് വ്യാജമാണെന്നു വ്യക്തമാക്കി. തുടർന്നാണ് യുവാക്കളെ പൊലീസ് കസ്റ്റ‍ഡിയിൽ എടുത്തത്. ഇവർ ഉപയോഗിച്ചിരുന്ന അഞ്ച് ഇരട്ടക്കുഴൽ തോക്കുകളും 25 വെടിയുണ്ടകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കള്ളത്തോക്കുമായി കശ്മീർ സ്വദേശികൾ അറസ്റ്റിലായ സംഭവം കേന്ദ്ര ഏജൻസികളും ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്ര രഹസ്വാന്വേഷണ വിഭാഗങ്ങളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Published by:Naseeba TC
First published:
)}