• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നീനു മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന് പിതാവ്: തുടര്‍ ചികിത്സ നല്‍കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി

News18 Malayalam
Updated: June 5, 2018, 7:28 PM IST
നീനു മാനസിക രോഗത്തിന് ചികിത്സ തേടിയിട്ടുണ്ടെന്ന് പിതാവ്: തുടര്‍ ചികിത്സ നല്‍കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി
News18 Malayalam
Updated: June 5, 2018, 7:28 PM IST
കോട്ടയം: കെവിന്‍ കൊലക്കേസില്‍ നീനുവിനെതിരെ ആരോപങ്ങളുമായി പിതാവ് ചാക്കോ ജോണ്‍ കോടതിയില്‍. മകള്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്നും തുടര്‍ ചികിത്സയ്ക്ക് കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോ ഹേര്‍ജി നല്‍കിയത്.

ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കു മുന്നിലാണ് വിചിത്രമായ വെളിപ്പെടുത്തലുകളുമായി ചാക്കോ ഹര്‍ജി നല്‍കിയത്. അതേസമയം കേസന്വേഷണം വഴിതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണോ ഇത്തരമൊരു ഹര്‍ജിയെന്ന സംശയത്തിലാണ് അന്വേഷണസംഘം.

മാനസിക രോഗത്തിന് നീനു ചികിത്സ തേടിയിട്ടുണ്ടെന്നാണ് പിതാവ് ചാക്കോ കോടതിയെ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിലെ ഡോ. വൃന്ദയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഇപ്പോള്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്നും ചാക്കോ ആവശ്യപ്പെടുന്നു.

മകള്‍ മറ്റൊരു വീട്ടില്‍ ആയതിനാലാണ് ചികിത്സ മുടങ്ങിയത്. താന്‍ കസ്റ്റഡിയില്‍ ആയതും മകള്‍ക്ക് തുടര്‍ ചികിത്സ നല്‍കാന്‍ തടസമായിട്ടുണ്ട്. അതിനാല്‍ കോടതി ഇടപെട്ട് നീനുവിന് ചികിത്സ നല്‍കണമെന്നതാണ് ചാക്കോയുടെ ആവശ്യം. അതേസമയം കെവിന്റെ മാതാപിതാക്കളില്‍ നിന്നും നീനുവിനെ കോടതി ഇടപെടലിലൂടെ അകറ്റാനാണോ ചാക്കോയുടെ ശ്രമമെന്ന സംശയവും ശക്തമായിട്ടുണ്ട്.

കെവിന്‍ കൊലക്കേസില്‍ ചാക്കോയുടെ മകന്‍ ഷാനു ചാക്കോയും അറസ്റ്റിലാണ്. ഷാനു ഒന്നാം പ്രതിയും ചാക്കോ അഞ്ചാം പ്രതിയുമാണ്. കെവിനെ കൊലപ്പെടുത്താന്‍ പ്രേരണ നല്‍കിയതിന് മാതാവ് രഹ്നയെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസ് സംഘമെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനു ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ രഹ്നയെ ഇപ്പോള്‍ കസ്റ്റഡിയില്‍ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. താന്‍ കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടില്ലെന്നും കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്ന ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. വേണ്ടിവന്നാല്‍ അന്വേഷണസംഘവുമായി സഹകരിക്കാന്‍ തയാറാണെന്ന ഉറപ്പും ഇവരുടെ ഹര്‍ജിയിലുണ്ട്. ഈ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.

കോട്ടയത്തെ ബിരുദ പഠനത്തിനിടെയാണ് കൊല്ലം തെന്മല സ്വദേശിയായ നീനു ചാക്കോ കെവിനുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ കെവിനുമായുള്ള പ്രണയം അംഗീകരിക്കാന്‍ ചാക്കോയും കുടുംബവും തയാറായില്ല. മറ്റൊരാളുമായി വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നതിനിടെ നീനു കോട്ടയത്തെത്തുകയും കെവിനുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കെവിനെ വിവാഹം കഴിച്ചകാര്യം നീനു ഫോണില്‍ വീട്ടുകാരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വിദേശത്തായിരുന്ന സഹോദരന്‍ ഷാനു ചാക്കോ നാട്ടിലെത്തുകയും ബന്ധുവായ നിയാസിനെയും ഗുണ്ടാസംഘത്തെയും കൂട്ടി കോട്ടയത്തെത്തി. വാതില്‍ തകര്‍ത്ത് മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്നാണ് കൊലയാളി സംഘം കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
First published: June 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...