പെരിന്തല്‍മണ്ണയില്‍ അഗളി സ്വദേശി പ്രവാസി യുവാവ് അബ്ദുൽ ജലീൽ കൊലക്കേസിൽ (murder case) മുഖ്യപ്രതി യഹിയ പോലീസ് കസ്റ്റഡിയിൽ. തിങ്കളാഴ്ചയാണ് യഹിയ പോലീസ് പിടിയിൽ ആയത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. സ്വർണക്കടത്ത് സംബന്ധിച്ച പ്രശ്നങ്ങളാണ് ജലീലിനെ തട്ടിക്കൊണ്ടു പോകുന്നതിലേക്കും പിന്നീട് മർദിച്ചു കൊല്ലുന്നതിലേക്കും വഴിവെച്ചത്.
നാല് ദിവസം നീണ്ട മർദ്ദനത്തെ തുടർന്ന് മൃതപ്രായനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച ശേഷം യഹിയ ഒളിവിൽ പോകുകയായിരുന്നു. യഹിയയെ ഒളിവിൽ പോകാൻ സഹായിക്കുകയും സൗകര്യങ്ങൾ നൽകുകയും ചെയ്ത മൂന്നു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇത് വരെ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിക്കഴിഞ്ഞു.
സ്വർണത്തിൻ്റെ കാരിയർ ആയിരുന്നു ജലീൽ. ജിദ്ദയിൽ നിന്നും കൊടുത്തുവിട്ട സ്വർണം പക്ഷേ യഹിയക്കും സംഘത്തിനും കിട്ടിയില്ല. ഇതിന് വേണ്ടിയായിരുന്നു ജലീലിനെ യഹിയയും സംഘവും മർദ്ദിച്ച് കൊന്നത്.
കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍ (34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കല്‍ അജ്മൽ എന്ന റോഷന് (23) എന്നിവരെയാണ് യഹിയക്ക് ഒളിവിൽ പോകാൻ സഹായം നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്തത്.
കൃത്യത്തിന് ശേഷം യഹിയക്ക് ഒളിവില്‍ പോകുന്നതിന് അങ്ങാടിപുറത്ത് മൊബൈല്‍ ഫോണും സിംകാര്‍ഡും എടുത്ത് കൊടുത്ത് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതിനുമാണ് മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 19-ാം തിയതി യഹിയയ്ക്ക് പുതിയ സിം കാര്‍ഡും മൊബൈല്‍ ഫോണും എടുത്ത് കൊടുത്തത് നബീലാണ്. നബീലിന്റെ ഭാര്യാസഹോദരനായ അജ്മലാണ് സിം കാര്‍ഡ് സ്വന്തം പേരില്‍ എടുത്ത് കൊടുത്തത്.
പാണ്ടിക്കാട് വളരാട് രഹസ്യകേന്ദ്രത്തില്‍ ഒളിത്താവളമൊരുക്കിക്കൊടുത്തതിനും പാര്‍പ്പിച്ചതിനുമാണ് മരക്കാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മരക്കാര്‍ പാണ്ടിക്കാട് സ്റ്റേഷനില്‍ പോക്സോ കേസില്‍ പ്രതിയായി ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയതാണ്. മുഖ്യപ്രതി യഹിയ അടക്കമുള്ള മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി. പ്രതികളെ സംരക്ഷിക്കുന്നവര്‍ക്കെതിരേയും സഹായം ചെയ്യുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണസംഘത്തലവന്‍ കൂടിയായ ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.
അലിമോന്, അല്‍ത്താഫ്, റഫീഖ്, എന്നിവര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത്. കുറ്റകൃത്യത്തിൽ പങ്കാളികളായ, സഹായങ്ങൾ ചെയ്തു കൊടുത്ത അനസ് ബാബു, മണികണ്ഠന് എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. സ്വർണക്കടത്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ. ഇവരെ പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
മെയ് 15ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ജലീലിനെ യഹിയ അടക്കം ഉള്ളവരുടെ സംഘം മൂന്നു ദിവസം തടഞ്ഞു വെച്ച് അതിക്രൂരമായി മർദ്ദിച്ച് കൊന്നു എന്നാണ് കേസ്. ജലീലിനെ 15 മുതൽ പെരിന്തൽമണ്ണ ആക്കപ്പറമ്പ്, ജൂബിലി റോഡ്, പൂപ്പലം തുടങ്ങിയ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി തടങ്കലിൽ വച്ച് അതി ക്രൂരമായി ദേഹോപദ്രവം ചെയ്തിരുന്നു. മൃതപ്രായനായ ജലീലിനെ 19-ാം തീയതി രാവിലെ യഹിയ ആണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി തന്നെ ജലീൽ മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.