• HOME
  • »
  • NEWS
  • »
  • crime
  • »
  • കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസ് അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ക്വട്ടേഷൻ; മുഖ്യപ്രതി തൊരപ്പൻ റഫീഖ് പിടിയിൽ

കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസ് അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ക്വട്ടേഷൻ; മുഖ്യപ്രതി തൊരപ്പൻ റഫീഖ് പിടിയിൽ

പോലീസ് സംഘം വേഷപ്രച്ഛന്നരായി നിരവധി ദിവസം പ്രതിക്ക് വേണ്ടി പല മേഖലകളിലും അന്വേഷണം നടത്തിയിരുന്നു

തൊരപ്പൻ റഫീഖ്

തൊരപ്പൻ റഫീഖ്

  • Share this:
കരിപ്പൂർ സ്വർണ്ണക്കവർച്ചാ അസൂത്രണ കേസിലെ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിൽ. സൗത്ത് കൊടുവള്ളി മദ്രസ്സാ ബസാർ പിലാത്തോട്ടത്തിൽ റഫീഖ് എന്ന തൊരപ്പൻ റഫീഖ് ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലായത്. സ്വർണ്ണക്കവർച്ച ആസൂത്രണ കേസ് അന്വേഷിക്കുന്ന പോലീസുകാരെ അപായപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത കേസിലെ മുഖ്യ പ്രതിയുമാണ് റഫീഖ്.

ഒളിയിടത്തിൽ നിന്ന് പോലീസിനെക്കണ്ട് ഭയന്നോടിയ ഇയാളെ ഓടിച്ചിട്ട് സാഹസികമായാണ് പിടികൂടിയത് എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ജില്ലക്കകത്തും പുറത്തും നിരവധി ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്ന ഇയാൾ ഒളിവിൽക്കഴിയാൻ ഇത്തരം ബന്ധങ്ങൾ ഉപയോഗിച്ചിരുന്നോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.

ഒളിവിൽ കഴിയുമ്പോഴും ഇയാൾ കുഴൽപ്പണ ഇടപാടുകൾ നടത്തിയിരുന്നതായി ചോദ്യംചെയ്യലിൽ പോലീസിന് മനസ്സിലായിട്ടുണ്ട്. ഒളിവിൽ കഴിയാൻ സഹായിച്ചവരെ  കുറിച്ചും, ഇയാൾക്ക് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിച്ചു നൽകിയവരെകുറിച്ചും പോലീസിന് വ്യക്തമായവിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്കുവാഹനങ്ങളിൽ ലഹരിയെത്തിക്കുന്ന സംഘങ്ങളുമായി ഇയാൾക്കുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവദിവസം മുഖ്യപ്രതിയായ സൂഫിയാന്റെ സഹോദരൻ ജസീറിന്റെ വാഹനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഇവരുടെ വാഹനമാണ് കരിപ്പൂർ റോഡിൽ വെച്ച് അർജുൻ ആയങ്കിയുടെ കാറിന് കുറുകെ ഇട്ട് സോഡാകുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപായപ്പെടുത്താൻ ഉപയോഗപ്പെടുത്തിയത്.

പോലീസിന് തന്നെ പിടിക്കാൻ കഴിയില്ല എന്ന് വെല്ലുവിളിച്ചയാളാണ് റഫീഖ് എന്ന് അന്വേഷണ സംഘം പറയുന്നു. പോലീസ് സംഘം വേഷപ്രച്ഛന്നരായി നിരവധി ദിവസം പ്രതിക്ക് വേണ്ടി പല മേഖലകളിലും അന്വേഷണം നടത്തിയിരുന്നു. ഇയാൾ വന്നുപോകുന്ന ഇടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തെ അപായപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതിന്റെ മുഖ്യ നേതാവ് റഫീഖ് ആണ് എന്നും പോലീസ് പറഞ്ഞു.അറസ്റ്റ് ചെയ്ത ഒരു പ്രതിയിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണിലെ വാട്ട്സ്ആപ് ചാറ്റിൽ നിന്നാണ് പോലീസുകാരെ അപായപ്പെടുത്താൻ നടത്തിയ നീക്കം അന്വേഷണ സംഘം അറിഞ്ഞത്.  തൃശൂരിൽ നിന്നും വ്യാജരേഖകളുള്ള കാർ സംഘടിപ്പിച്ച്  അന്വേഷണസംഘാംഗത്തെ വകവരുത്താനായിരുന്നു പദ്ധതി.

റഫീഖിന്റെ അറസ്റ്റോടെ പ്രസ്തുത കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘത്തിന് സാധിച്ചു. ഇയാളുടെ ബിസിനസ് പങ്കാളി കൂടിയായ പെരുച്ചാഴി ആപ്പുവാണ് ആ കേസിലെ മറ്റൊരു പ്രധാന പ്രതി. അടിവാരം സ്വദേശിയെ തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ചതിന് താമരശ്ശേരി സ്റ്റേഷനിലും, മൂന്നരക്കോടിയുടെ കുഴൽപ്പണ ഇടപാടിൽ ബത്തേരി സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്.  ഇതിന് പുറമെ  കൊടുവള്ളി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകളും നിരവധി പരാതികളും ഉണ്ട്.

പോലീസ് പിടിയിലായ പ്രതികളുടെ എണ്ണം അൻപത്  കഴിഞ്ഞു. കരിപ്പൂർ സ്വർണ്ണക്കവർച്ചാ ആസൂത്രണ കേസുമായിബന്ധപ്പെട്ട് കരിപ്പൂർ സ്റ്റേഷനിൽ ക്രൈം നമ്പർ175/21 ആയി രജിസ്റ്റർ  ചെയ്ത  കേസിൽ അൻപത് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വളരെ അപൂർവമായിട്ടാണ് ഇത്രയുംപേരെ ഒരു കേസിൽ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് ജില്ലകളിൽ നിന്നായി മികവ് പുലർത്തിയ അന്വേഷണ സംഘത്തെയാണ് മലപ്പുറം എസ്.പി. സുജിത്ത്ദാസ് ഐപിഎഎസിൻ്റെ മേൽനോട്ടത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിൽ നിയോഗിച്ചത്.

തമിഴ്നാട്, കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തിന്റെ വിവിധ ജില്ലകളിലും ഒളിവിൽ കഴിഞ്ഞ പ്രതികളെ സാഹസികമായി പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ പോലീസിന് സാധിച്ചു.
Published by:user_57
First published: