ന്യൂഡൽഹി: കിഷൻ ഭർവാദ് കൊലപാതകവുമായി (Kishan Bharwad Murder Case) ബന്ധപ്പെട്ട് മതപുരോഹിതനായ മൗലാന ഖമർ ഗനി ഉസ്മാനിയെ ഡൽഹിയിൽ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (ATS) ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഗുജറാത്ത് എടിഎസ് എസ്പി ഇംതിയാസ് ഷെയ്ഖ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ കേസിൽ ഇതുവരെ ആറ് പേരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അഹമ്മദാബാദിലെ ധന്ദുകയിൽ 30 കാരനായ കിഷൻ ഭർവാദ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിലാണ് ഇദ്ദേഹത്തെ വെടിവച്ച് കൊന്നത്.
എടിഎസ് പറയുന്നതനുസരിച്ച്, അറസ്റ്റിലായ മത പുരോഹിതൻ ഖമർ ഗനി, തഹ്രീഖ് ഫറോഗ്-ഇ-ഇസ്ലാമി എന്ന പേരിൽ ഒരു സംഘടന നടത്തുകയും ഇസ്ലാമിനെ അപമാനിക്കുന്നവരെ ലക്ഷ്യമിട്ട് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട യുവാക്കളെ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ എടിഎസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ജനുവരി 25ന് ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ധന്ദുക പ്രദേശത്ത് വച്ചാണ് കിഷൻ ഭർവാദിനെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ ചേർന്ന് കൊലപ്പെടുത്തിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള "ആക്ഷേപകരമായ" ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കിഷൻ ഭർവാദ് കൊല്ലപ്പെട്ടത്.
Also read-
Liquor Raid | ലോക്ഡൗണിനായി കരുതൽ; 211 കുപ്പി വിദേശമദ്യവുമായി ഹോട്ടലുടമ പിടിയിൽ
കിഷൻ ഭർവാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷബീർ (25), ഇംതിയാസ് (27) എന്നിവരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പുറമെ അഹമ്മദാബാദിൽ നിന്ന് മൗലവി അയ്യൂബ് എന്ന പുരോഹിതനെയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൗലവി അയ്യൂബ് ആണ് ഷബീറിനും ഇംതിയാസിനും ആയുധം നൽകിയതെന്നും ആരോപണമുയർന്നിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന് മൗലാന ഖമർ ഗനിയുമായി ബന്ധമുണ്ടെന്നാണ് വിവരം.
പ്രതികളായ ഷബീറിനെയും ഇംതിയാസിനെയും ശനിയാഴ്ച സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയി. സംഭവ സ്ഥലത്ത് നിന്ന് കൃത്യം ചെയ്യാൻ ഉപയോഗിച്ച തോക്കും മോട്ടോർ ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കേസിലെ പ്രതി ഷബീറിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചെന്നതാണ് മൗലാന ഖമർ ഗനി ഉസ്മാനെതിരെയുള്ള ആരോപണം. മൗലാന ഖമർ ഗനി ഉസ്മാനിയുടെ പ്രസംഗം കേട്ട ശേഷം ഷബീർ അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. ഖമർ ഗനി ഉസ്മാനിയ്ക്ക് TFI (തഹ്രീഖ് ഫറോഗ്-ഇ-ഇസ്ലാം) മായി ബന്ധമുണ്ട്. കഴിഞ്ഞ വർഷം ത്രിപുര കലാപവുമായി ബന്ധപ്പെട്ട് ഖമർ അറസ്റ്റിലായിരുന്നു.
Also Read-
Drug Seized | ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; യുവാക്കള്‍ പിടിയില്‍
ജനുവരി 6 ന് കിഷൻ ഭർവാദ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു, തുടർന്ന് മുസ്ലീം സമുദായത്തിലുള്ള ചിലർ ഇത് തങ്ങളുടെ മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് എഫ്ഐആർ ഫയൽ ചെയ്തിരുന്നു.
ഇതിനെ തുടർന്ന് ജനുവരി 25ന് ബൈക്കിലെത്തിയ ഷബീർ, ഇംതിയാസ് എന്നിവർ ചേർന്ന് കിഷനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ പ്രതികൾ ഖമർ ഗനിയുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തിയതായി ഗുജറാത്ത് എടിഎസ് കണ്ടെത്തി. ആരെങ്കിലും തങ്ങളുടെ മതത്തിനെതിരെ സംസാരിച്ചാൽ ആ വ്യക്തിയെ ഉന്മൂലനം ചെയ്യണമെന്ന് കൂടിക്കാഴ്ച്ചയിൽ ഖമർ ഗനി പ്രതികളോട് പറഞ്ഞിരുന്നതായാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.