നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Marriage Fraud | വിവാഹത്തട്ടിപ്പിലൂടെ 11 പേരുടെ പണവും സ്വർണവും കവർന്ന സഹോദരിമാർക്ക് തടവും പിഴയും

  Marriage Fraud | വിവാഹത്തട്ടിപ്പിലൂടെ 11 പേരുടെ പണവും സ്വർണവും കവർന്ന സഹോദരിമാർക്ക് തടവും പിഴയും

  സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ച് പണം മോഷ്ടിച്ച് മുങ്ങുകയായിരുന്നു ഇവരുടെ തന്ത്രം

  മേഘ ഭാർഗവ (ഇടത്), പ്രചി ശർമ ഭാർഗവ (വലത്)

  മേഘ ഭാർഗവ (ഇടത്), പ്രചി ശർമ ഭാർഗവ (വലത്)

  • Share this:
   കൊച്ചി: സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ച് കബളിപ്പിച്ച് (Fraud) പണവും ആഭരണങ്ങളും കവരുന്ന കേസിൽ മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ സഹോദരിമാരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച് മജിസ്‌ട്രേറ്റ് കോടതി (Magistrate Court). മൂന്ന് വർഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയുമാണ് കേസിലെ ഒന്നാമത്തെയും രണ്ടാമത്തെയും പ്രതികളും സഹോദരിമാരുമായ മേഘ ഭാർഗവ (30) പ്രചി ശർമ ഭാർഗവ (32) എന്നിവർക്കെതിരെ കോടതി വിധിച്ചത്. ഇവർ തട്ടിയെടുത്ത പണം പരാതിക്കാരന് തിരികെ നൽകാനും കോടതി വിധിച്ചു. കൂടുതൽ പ്രതികൾ ഉണ്ടായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ അവരെ വിട്ടയയ്ക്കുകയായിരുന്നു.

   വൈറ്റിലയിൽ (Vyttila) മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഇതരസംസ്ഥാനക്കാരനായ വ്യക്തി സമർപ്പിച്ച പരാതിയിൽ കടവന്ത്ര (Kadavanthra) പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനൊടുവിലാണ് പ്രതികൾ പിടിയിലായത്. തട്ടിപ്പിന് ഇരയായി പണം നഷ്ട്ടപെട്ടതിനെ തുടർന്ന് പരാതിക്കാരന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചത് കേസിന്റെ ഗൗരവും വർധിപ്പിച്ചിരുന്നു.

   വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ചാണ് മേഘ പരാതിക്കാരൻ അടക്കമുള്ള എല്ലാവരെയും ഇവർ കബളിപ്പിച്ചത്. അംഗ പരിമിതരായ വ്യക്തികളെയാണ് സഹോദരിമാർ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ഭർത്താവിന്റെ വീട്ടിൽ കുറച്ച് ദിവസം കഴിഞ്ഞ ശേഷം അവിടെയുള്ള പണവും സ്വർണവും ആഭരണങ്ങളും മോഷ്ടിച്ച് കടന്നുകളയുകയാണ് ഇവർ ചെയ്തിരുന്നത്.

   പരാതിക്കാരനായ വൈറ്റില സ്വദേശിയെ 2015 സെപ്റ്റംബറിലാണ് മേഘ വിവാഹം ചെയ്തത്. വിവാഹാലോചനയുമായി വന്നത് മേഘയുടെ വീട്ടുകാർ ആയിരുന്നു. നഗരത്തിലെ ഒരു അമ്പലത്തിൽ വെച്ചായിരുന്നു താലികെട്ട് നടന്നത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പരാതിക്കാരന്റെ വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും വസ്ത്രങ്ങളും അഞ്ചര ലക്ഷം രൂപയുമടക്കം മൊത്തം 9.5 ലക്ഷം രൂപയുടെ മുതൽ മോഷ്ടിച്ച് മേഘ ഇൻഡോറിലേക്ക് കടക്കുകയായിരുന്നു. മേഘയെ തിരികെകൊണ്ടുവരാൻ പരാതിക്കാരൻ ശ്രമിച്ചെങ്കിലും പദ്ധതി പരാജയപ്പെട്ടതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

   Also read- നവവധുവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം

   ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലുള്ള അംഗ പരിമിതരായ യുവാക്കളെയാണ് പ്രതികൾ തട്ടിപ്പിനിരയായി തിരഞ്ഞെടുത്തിരുന്നത്. തട്ടിപ്പിന് ഇരയാകുന്ന ഇവർ നാണക്കേട് ഭയന്ന് പരാതി നൽകാതിരുന്നത് പ്രതികൾക്ക് കൂടുതൽ തട്ടിപ്പ് നടത്താനുള്ള പ്രചോദനം നൽകുകയായിരുന്നു.

   Also Read- വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ; തടയാൻ ശ്രമിച്ച ഭർത്താവിനെ മർദ്ദിച്ചതായും പരാതി

   സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച സിറ്റി പൊലീസ് മേഘ, പ്രചി, വിവാഹത്തിന് ഇടനിലക്കാരായ മഹേന്ദ്ര ബുണ്ടേല, ദേവേന്ദ്ര ശർമ എന്നിവരെ അറസ്റ്റ് ചെയ്തു. കടവന്ത്ര എസ്ഐ ടി ഷാജി കുറ്റപത്രം സമർപ്പിച്ച കേസിൽ മജിസ്ട്രേട്ട് എൽദോസ് മാത്യൂസ് പ്രതികൾക്ക് ശിക്ഷ വിധിക്കുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടർമാരായ ലെനിൻ പി സുകുമാരൻ, എസ് സൈജു എന്നിവർ ഹാജരായി.
   Published by:Naveen
   First published: