കൊച്ചി: കൊച്ചിയിലെ ടാറ്റൂ പീഡനക്കേസ് പ്രതി പി.എസ് സുജീഷിന്റെ ഐ ഫോൺ തിരഞ്ഞ് പോലീസ്. സുജീഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. സുജീഷിൻ്റെ ഫോൺ ശാസ്ത്രീയമായി പരിശോധിക്കണം എന്നതാണ് പോലീസിൻറെ നിലപാട്. ഇയാളുടെ വീട്ടിലും പരിശോധന നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. ഇത് അംഗീകരിച്ചു കൊണ്ടാണ് സുജീഷിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ഇയാളുടെ ചേരാനല്ലൂരിൽ സ്റ്റുഡിയോയിൽ തുടർ പരിശോധന നടത്തേണ്ടതുണ്ട്. സ്റ്റുഡിയോയിൽ നിന്ന് പിടിച്ചെടുത്ത സി സി ടി വി വി, ഡി വി ആർ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് എന്നിവ സൈബർ സെല്ലിന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രാഥമികമായ വിവരങ്ങൾ ഇതിൽ നിന്ന് ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ആണ് ഐ ഫോൺ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ഒരുങ്ങുന്നത്. ഇയാളുടെ പല സ്ഥാപനങ്ങളുടെയും സി സി ടി വി യുടെ ലിങ്ക് ഈ ഫോണിൽ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഫോണിൽ കൂടുതൽ ദൃശ്യങ്ങൾ ഉണ്ടാകുമെന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. ചേരാനല്ലൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും പരാതിക്കാരായ യുവതികളുടെ വൈദ്യപരിശോധന റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട് .
കൊച്ചിയിലെ ടാറ്റൂ പീഡനക്കേസിൽ പ്രതി പി.എസ്.സുജീഷ് കുറ്റം ചെയ്തിട്ടുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുജീഷിനെ ടാറ്റൂ സ്റ്റുഡിയോയിലെത്തിച്ച് തെളിവെടുത്തു. നിലവിൽ ആറ് കേസുകളാണ് ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പെരുമ്പാവൂരിൽ നിന്നുമാണ് കൊച്ചിയിലെ ഇൻക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെ ചേരാനെല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ടാറ്റൂ സ്റ്റുഡിയോയിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് യുവതികൾ പരാതി നൽകിയതിനെ തുടർന്ന് പെരുമ്പാവൂരിൽ സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്കെതിരെ 4 കേസുകൾ പാലാരിവട്ടം സ്റ്റേഷനിലും 2 കേസുകൾ ചേരാനെല്ലൂർ സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ കൃത്യമായ തെളിവ് ലഭിച്ചുവെന്ന് കൊച്ചി ഡി.സി.പി വി.യു.കുര്യാക്കോസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സുജീഷിനെ ചേരാനല്ലൂർ കുന്നുംപുറത്തെ ഇൻക്ഫെക്ട് സ്റ്റുഡിയോയിലെത്തിച്ച് തെളിവെടുത്തു. കൊച്ചിയിലെ മറ്റു ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്.
സെലിബ്രറ്റി ടാറ്റൂ ആർട്ടിസ്റ്റായ സുജീഷിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ആയിരുന്നു ആദ്യം യുവതി പരാതി പങ്കുവെച്ചത്. ഇതിന് ശേഷം ആദ്യ വെളിപ്പെടുത്തൽ നടത്തിയ യുവതി രക്ഷിതാക്കൾക്കൊപ്പം പൊലീസിൽ കാര്യങ്ങൾ അറിയിച്ചെങ്കിലും പരാതി രേഖാമൂലം നൽകിയിരുന്നില്ല. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ നിരവധി യുവതികൾ വീണ്ടും പരാതിയുമായി എത്തി. ലൈംഗിക പീഡന പരാതികളിൽ പൊലീസിന് നേരിട്ട് പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് ഉള്ള സാഹചര്യത്തിൽ പൊലീസ് കേസ് എടുക്കാൻ ഒരുങ്ങുകയായിരുന്നു. അതിനിടയിലാണ് യുവതികൾ ചേരാനല്ലൂർ പാലാരിവട്ടം പോലീസ് സ്റ്റേഷനുകളിൽ എത്തി ഇയാൾക്കെതിരെ പരാതി നൽകിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.