കൊച്ചി: വൈപ്പിനിൽ ഭാര്യയെ ഭർത്താവ് കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ കുടുതൽ വെളിപ്പെടുത്തൽ. ഒന്നര വർഷം മുമ്പ് ഭാര്യ രമ്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടതിന് ഭർത്താവ് സജീനാണ് അറസ്റ്റിലായത്. രമ്യ ബെംഗളുരുവിലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതിൽ സംശയം തോന്നി സഹോദരൻ നൽകിയ പരാതിയിലാണ് ക്രൂരകൃത്യം നാട് അറിയുന്നത്.
രമ്യയെ കാണാതായി ആറുമാസം കഴിഞ്ഞാണ് സഹോദരൻ പരാതി നൽകിയത്. മക്കളും സജീവനും പറഞ്ഞതിലെ പൊരുത്തക്കേടാണ് സംശയമുണ്ടാക്കിയത്. 2021 ഓഗസ്റ്റ് 16നാണ് സജീവൻ രമ്യയെ കൊലപ്പെടുത്തുന്നത്. സജീവന്റെ സംശയത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം രമ്യയ്ക്ക് വന്ന ഫോൺ കോളിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തര്‍ക്കത്തിനൊടുവിൽ രമ്യയെ സജീവൻ കയർ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്നു രാത്രി തന്നെ മൃതദേഹം വീടിനോട് ചേർന്ന് കുഴിച്ചിടുകയും ചെയ്തു. തുടർന്ന് മക്കളെ ഉൾപ്പെടെ കള്ളക്കഥ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. രമ്യ ബംഗളൂരുവിൽ ബ്യൂട്ടിഷൻ കോഴ്സ് പഠിക്കാൻ പോയെന്നായിരുന്നു സജീവൻ വിശദീകരണം നൽകിയിരുന്നത്. എന്നാൽ പിന്നീട് രമ്യ മറ്റൊരാളോടൊപ്പം പോയെന്ന് പറഞ്ഞുണ്ടാക്കി.
സജീവന്റെ വീട്ടിലായിരുന്ന മക്കളോട് അമ്മ മറ്റൊരാളുമായി ഇഷ്ടത്തിലായതിനാൽ അയാൾക്കൊപ്പമാണ് താമസമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ബന്ധുക്കളോ അയൽക്കാരോ ചോദിച്ചാൽ ബെംഗളൂരുവിൽ ഒരു കോഴ്സ് പഠിക്കുകയാണെന്നും ഉടൻ വിദേശത്തേക്ക് പോകുമെന്ന് പറയാനും പറഞ്ഞ് പഠിപ്പിച്ചു.
പ്ലസ് ടുവിനും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കൾ പറയുന്നതിൽ വൈരുദ്ധ്യം തോന്നിയ രമ്യയുടെ സഹോദരൻ രാത്ത് ലാൽ ആണ് ഒടുവിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സജീവനെ വിളിപ്പിച്ചതോടെ ഭാര്യയെ കാണാതായതിൽ തനിക്കും പരാതിയുണ്ടെന്ന് എഴുതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.
ഇലന്തൂരിലെ നരബലിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കാണാതായ സ്ത്രീകൾക്കായി നടത്തിയ അന്വേഷണത്തിലാണ് രമ്യയുടെ തിരോധാവും കൊലപാതകമാണെന്ന് മറനീക്കി പുറത്തുവന്നത്. സജീവന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ ശ്രദ്ധിച്ച പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
കേസന്വേഷണത്തിൽ കാര്യമായ താൽപര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടർന്നു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ കൊലപാതകം വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തു കുഴിച്ചു നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. 19 വർഷം മുൻപാണ് വൈപ്പിൻ സ്വദേശികളായ ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ഏതാനും വർഷങ്ങളായി എടവനക്കാട്ടെ ഈ വാടകവീട്ടിലായിരുന്നു താമസം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.