കൊൽക്കത്ത: വൃദ്ധയുടെ ജീർണിച്ച മൃതദേഹവുമായി ദക്ഷിണ കൊൽക്കത്തയിൽ ഒരു കുടുംബം. ഏകദേശം ആറുമാസം മുൻപ് ഇവരുടെ മകന്റെ മൃതദേഹവുമായി ഇതേ കുടുംബം ദിവസങ്ങൾ വീട്ടിനുള്ളിൽ കഴിഞ്ഞിരുന്നു. സർസുന മേഖലയിലെ 1/1 എ രാഖൽ മുഖർജി റോഡ് റസിഡൻസിലാണ് ഛായ ചാറ്റർജി (82)യുടെ ജീർണിച്ച മൃതദേഹം ഞായറാഴ്ച കണ്ടത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഛായ ചാറ്റർജി ഭർത്താവ് രബീന്ദ്രനാഥ് ചാറ്റർജിക്കൊപ്പം ഈ വീട്ടിലാണ് താമസം. ഇവർ മരിച്ച വിവരം പുറത്താരോടും പറയുകയോ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയോ ചെയ്യാതെ മൃതദേഹം വീട്ടിനുള്ളിൽ തന്നെ സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 'രണ്ടോ മൂന്നോ ദിവസം മുൻപ് മരണം സംഭവിച്ചുവെന്നാണ് മനസിലാക്കുന്നത്. ഭൗതികശരീരം സംസ്കരിക്കുന്നതിന് ഒരു നടപടിയും കുടുംബം എടുത്തിരുന്നില്ല'- കൊൽക്കത്ത പൊലീസിലെ ഒരു മുതിർന്ന ഓഫീസർ പറഞ്ഞു. മൃതദേഹം മാറ്റുന്നതിനും സംസ്കരിക്കുന്നതിനുമുള്ള നടപടികൾ ചെയ്തതായും പൊലീസ് വ്യക്തമാക്കി.
കുടുംബാംഗങ്ങളാരും തങ്ങളുമായി ഇടപഴകാറില്ലെന്ന് അയൽക്കാർ പറഞ്ഞു. ആറുമാസം മുൻപ് 57കാരനായ മകൻ ദേബാഷിഷ് ചാറ്റർജിയുടെ മരണശേഷം അയൽക്കാരുമായുള്ള അടുപ്പം തീരെയില്ലാതെയായി. ആറുമാസം നടന്ന സംഭവത്തെ പോലെ തന്നെയാണ് ഇതെന്ന് പൊലീസ് പറയുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് സമീപവാസികൾ തങ്ങളെ വിവരം അറിയിച്ചതെന്നും പൊലീസ് പറഞ്ഞു. ദുർഗന്ധം പുറത്തുപോകാതിരിക്കാൻ എല്ലാ വാതിലുകളും ജനാലകളും അടച്ചിട്ടിരിക്കുകയായിരുന്നു. ഭക്ഷണസാധനങ്ങൾ വാങ്ങാൻപോലും പുറത്തിറങ്ങാതെയായിരുന്നു കുടുംബം വീട്ടിനുള്ളിൽ മൃതദേഹവുമായി കഴിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Crime news, Kolkata Police Chief, കൊൽക്കത്ത പൊലീസ് കമ്മീഷണർ, ക്രൈം