കൊല്ലം: ആയൂർ സ്വദേശി അജയകുമാറിന്റെ ആത്മഹത്യയിൽ പൊലീസ് കേസെടുത്തു. മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് മദ്യപസംഘം മർദിച്ചതിന്റെ മനോവിഷമത്തിലാണ് അജയകുമാർ ജീവനൊടുക്കിയത്. മകളുടെ പരാതിയിൽ അഞ്ച് പേർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച വീട്ടിലേക്ക് വരുന്ന വഴിക്കാണ് അഞ്ച് പേരടങ്ങിയ സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം ചോദ്യം ചെയ്യാൻ തിരിച്ചുചെന്ന അജയകുമാറിനെ സംഘം ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. മർദ്ദനത്തിൽ അജയകുമാറിന്റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു.
പൊലീസിൽ പരാതിപ്പെടാൻ ആവശ്യപ്പെട്ടെങ്കിലും വീണ്ടും മർദ്ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാൻ അജയകുമാർ തയ്യാറായില്ല. മർദ്ദനമേറ്റതിന് ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങാനോ ഭക്ഷണമൊന്നും കഴിക്കാനോ കൂട്ടാക്കിയിരുന്നില്ലെന്ന് ഭാര്യ പറഞ്ഞു. വൈകിട്ട് പുറത്തേക്ക് പോയ അജയകുമാർ തിരിച്ച് വന്നശേഷമാണ് ജീവനൊടുക്കിയത്. മദ്യപസംഘത്തിന്റെ മർദ്ദനത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് കുടുംബത്തിന്റെ ആരോപണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.