• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊണ്ടോട്ടി പീഡനശ്രമം; പ്രതിക്ക് കടുത്ത ശിക്ഷ കിട്ടാന്‍ സാധ്യതകുറവെന്ന് നിയമ വിദഗ്ദര്‍; പ്രായക്കുറവ് നിര്‍ണായക ഘടകമാകാം

കൊണ്ടോട്ടി പീഡനശ്രമം; പ്രതിക്ക് കടുത്ത ശിക്ഷ കിട്ടാന്‍ സാധ്യതകുറവെന്ന് നിയമ വിദഗ്ദര്‍; പ്രായക്കുറവ് നിര്‍ണായക ഘടകമാകാം

16 വയസിൽ താഴെ ഉള്ളവർക്ക് കടുത്ത ശിക്ഷ നൽകാൻ ബാല നീതി നിയമ പ്രകാരം സാധിക്കില്ല.

  • Share this:
കൊണ്ടോട്ടി പീഡന ശ്രമ കേസിൽ പിടിയിലായ 15 കാരനെതിരെ കടുത്ത ശിക്ഷകൾ ലഭിക്കാൻ സാധ്യത കുറവെന്ന് നിയമവിദഗ്ധർ. പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയുടെ കാഠിന്യം കുറയുമെന്ന് തന്നെ ഇവർ വിലയിരുത്തുന്നു. മലപ്പുറം ജില്ലയിൽ ഇത് വരെ സംഭവിച്ചതിൽ പ്രായപൂർത്തിയാകാത്ത ആൾ പ്രതിയായ ഏറ്റവും ക്രൂരമായ കുറ്റങ്ങളിൽ ഒന്ന് ആണ് കൊണ്ടോട്ടിയിൽ നടന്നത്. എന്നാല് പ്രതിക്ക് 15 വയസ് മാത്രമാണ് പ്രായം എന്നത് കൊണ്ട് തന്നെ കടുത്ത ശിക്ഷ കിട്ടാൻ സാധ്യത കുറവ് ആണെന്ന് വിദഗ്ദ്ധർ പറയുന്നു.

മൂന്ന് തരത്തിൽ ആണ് ബാലനീതി നിയമ പ്രകാരം കുറ്റങ്ങളെ കണക്കാക്കുക. പെറ്റി കേസ് അഥവാ നിസാര കുറ്റം. സീരിയസ് കേസ് അഥവാ ഗുരുതരം, ഹീനിയസ് അഥവ ഹീനമായ, ക്രൂരമായ കുറ്റം. 16 വയസിൽ താഴെ പ്രായം ഉളളവർ ഏറ്റവും ഹീനമായ കുറ്റ കൃത്യത്തിൽ ഏർപ്പെട്ടാലും അതിനെ ഗുരുതര കുറ്റം എന്ന നിലയിൽ ആണ് നിയമ പ്രകാരം കാണുക. അഡ്വ. ഷാജേഷ് ഭാസ്കർ പറഞ്ഞു.
ഗുരുതര ഗണത്തിൽ പെട്ട കുറ്റത്തിന് മൂന്ന് മുതൽ ഏഴു വരെ വർഷം തടവ് ആണ് ശിക്ഷ. തടവ് എന്നാല് ജയിലിൽ അല്ല മറിച്ച് തിരുത്തൽ കേന്ദ്രത്തിൽ ആണ്. ഇവിടെ കൊണ്ടോട്ടിയിലെ പതിനഞ്ചുകാരൻ മൂന്നാമത്തെ ഗണത്തിൽ പെട്ട  ക്രൂരമായ കുറ്റം ആണ് ചെയ്തത് എങ്കിലും പ്രായം കണക്കിലെടുത്ത് അതിനെ ഗുരുതര കുറ്റം ആയിട്ട് ആയിരിക്കും കണക്കാക്കുക.

" ഈ കേസിൽ ഇത് വരെ ലഭിച്ച വിശദാംശങ്ങൾ വെച്ച് നോക്കുമ്പോൾ കൊടും ക്രൂരമായ ഒരു കുറ്റം ആയി തന്നെ ആണ് കാണേണ്ടത്. പക്ഷെ പ്രതിയുടെ പ്രായം ഇവിടെ ഒരു ഘടകമാണ്. 16 വയസിന് താഴെ മാത്രമാണ് പ്രതിക്ക് പ്രായം എന്നത് കൊണ്ട് രണ്ടാമത്തെ ലെവലിൽ ഉള്ള കുറ്റമായി, അതായത് ഗുരുതര സ്വഭാവം ഉള്ള കുറ്റമായി ആകും ഇതിനെ കാണുക. മൂന്ന് മുതൽ ഏഴു വർഷം വരെ ആണ് ഈ ഗണത്തിൽ പെടുന്ന കുറ്റങ്ങൾക്ക് ഉള്ള ശിക്ഷ."

പ്രതിയുടെ കുടുംബ പശ്ചാത്തലം, കുറ്റ കൃത്യ ചരിത്രം എന്നിവ എല്ലാം ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിശോധിക്കും. കൊണ്ടോട്ടിയിലെ 15 കാരന് മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ചരിത്രം ഇല്ലെന്ന് ആണ് ഇത് വരെ ഉള്ള കണ്ടെത്തൽ. ഇന്നലെ മലപ്പുറം ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയ 15 കാരനെ കോഴിക്കോട് വെളളിമാട് കുന്നിലെ കേന്ദ്രത്തിലേക്ക് മാറ്റി.

തിങ്കളാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം നടന്നത്. ആളൊഴിഞ്ഞ വഴിയിൽ വെച്ച് ആണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. വീട്ടിൽ നിന്നും പ്രധാന റോഡിലേക്ക് വരുന്ന വഴി പിറകിൽ നിന്നും വായും മൂക്കും പൊത്തിപ്പിടിച്ച് 50 മീറ്ററോളം ദൂരം പെൺകുട്ടിയെ വലിച്ചിഴച്ചു. തുടർന്ന് വാഴത്തോപ്പിലേക്ക് തള്ളിയിട്ടാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കുട്ടിയുടെ കൈകൾ കെട്ടിയ ശേഷം പ്രതി കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിച്ചു. കുതറി മാറി ഓടിയ പെൺകുട്ടി അടുത്ത വീട്ടിൽ കയറി ആണ് രക്ഷപ്പെട്ടത്.

ആദ്യം കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ച പെൺകുട്ടിയെ പിന്നീട് വീട്ടിലേക്ക് കൊണ്ട് വന്നു. പെൺകുട്ടിക്ക് നേരെ ക്രൂരമായ ആക്രമണം ആണ് നടന്നത് എന്ന് എസ് പി സുജിത്ത് ദാസ് എസ് പറഞ്ഞിരുന്നു. പ്രതി ബലപ്രയോഗത്തിനിടെ പെൺകുട്ടിയുടെ കഴുത്തിൽ അമർത്തിയിരുന്നു. പെൺകുട്ടിയുടെ ജീവനു അപായം സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണ് എന്നും എസ് പി വിശദീകരിച്ചിരുന്നു. കുറ്റകൃത്യം നടന്ന് 24 മണിക്കൂർ പിന്നിടും മുൻപ് പ്രതിയെ പിടികൂടിയത് പോലീസിൻ്റെ മികവ് തന്നെ ആണ്. മലപ്പുറം എസ് പി സുജിത്ത് ദാസിൻ്റെ നിർദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫിൻ്റെ കീഴിൽ സിഐ പ്രമോദിൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പെൺകുട്ടി നൽകിയ മൊഴിയും പ്രതിയുടെ ശരീരത്തിലെ പരിക്കുകളും ആണ് കേസിൽ നിർണായകം ആയത്.
Published by:Sarath Mohanan
First published: