കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വ്യാപാരിയുടെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് കണ്ടെത്തല്‍. വ്യാപാരിയുടെ സ്വര്‍ണാഭരണവും പണവും ബൈക്കും തട്ടിയെടുത്തവരെ കണ്ടെത്താന്‍ സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അടക്കാത്തെരു പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജന്(62)നാണ് മരിച്ചത്. രാത്രി വൈകി കടയടക്കുന്നയാളാണ് രാജന് . ഇത് മനസിലാക്കിയാണ് കവര്‍ച്ച നടത്തിയതെന്നാണ് അനുമാനം. രാത്രി 9 മണിക്ക് മുമ്പ് വ്യാപാരി മറ്റൊരാളുടെ കൂടെ പുറത്തേക്ക് പോകുന്നതും പിന്നീട് തിരിച്ച് വരുന്നതും ഒരു കടയില്‍ നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.
സമയം കഴിഞ്ഞിട്ടും രാജന് രാത്രിയില്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന് സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു.
കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ മോട്ടോര്‍ ബൈക്കും കാണാതായിട്ടുണ്ട്. വടകര സി.ഐ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതേ സമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് സംസ്കരിക്കും. വിദേശത്തുള്ള മകന് എത്തിയ ശേഷമായിരിക്കും സംസ്കാരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.