• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച്; പാക് ബന്ധത്തിൽ കോടികളുടെ ഹവാല ഇടപാട്: ക്രൈംബ്രാഞ്ച്

കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച്; പാക് ബന്ധത്തിൽ കോടികളുടെ ഹവാല ഇടപാട്: ക്രൈംബ്രാഞ്ച്

10 കോടിയിലധികം രൂപം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടവർക്കായി കൈമാറി.

  • Share this:

    കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ മറവിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകളെന്ന് ക്രൈംബ്രാഞ്ച്. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ഭീഷണിയായ ഇടപാടുകളാണ് നടന്നത്. ചൈനീസ് കമ്പനികൾ നിർമിച്ച സെർവറുകൾ ഉപയോഗിച്ചുനടന്ന ഇടപാടുകളുടെ പൂർണവിവരം കണ്ടെത്താനായിട്ടില്ല. പണമിടപാടുകളെക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

    പ്രതികൾ ഉപയോഗിച്ച സെർവറിൽ ഒന്നിന്റെ ഐപി നമ്പർ ലഭിച്ചതിനാലാണ് ഇത്തരം വിവരങ്ങൾ ലഭ്യമായതെന്നും കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി എ ആന്റണി നൽകിയ റിപ്പോർട്ടിൽ പറയുന്നു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി നാരായണൻ വഴിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

    Also Read- പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകന് 53 വര്‍ഷം കഠിനതടവ്

    അഞ്ചാംപ്രതി മലപ്പുറം കിഴക്കേത്തല സ്വദേശി നിയാസ് കുറ്റശ്ശേരിയുടെ മുൻകൂർ ജാമ്യഹർജിയെ എതിർത്തുനൽകിയ റിപ്പോർട്ടിലാണ് പാകിസ്ഥാനടക്കമുള്ള വിവിധ രാജ്യങ്ങൾ കണ്ണികോർക്കുന്ന ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ക്ലൗഡ് സെർവറും കോൾ റൂട്ടുകളും പ്രതികൾക്ക് ലഭ്യമാക്കിയത് നിയാസ് കുറ്റശ്ശേരിയാണ്. വെർച്വൽ സെർവർ കൈകാര്യം ചെയ്തിരുന്നതും നിയാസാണ്.

    അന്വേഷണ ഉദ്യോഗസ്ഥർ സെർവർ കണ്ടെത്തി എന്ന് മനസ്സിലായതോടെ നിയാസ് 2021 ഡിസംബർ ആറിന് രാജ്യംവിട്ടു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് കൊളത്തറ സ്വദേശി ജുറൈസ്, മൂരിയാട് സ്വദേശി ഷബീർ, പൊറ്റമ്മൽ സ്വദേശി കൃഷ്ണപ്രസാദ്, ബേപ്പൂർ സ്വദേശി അബ്ദുൾ ഗഫൂർ എന്നിവരാണ് ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾ.

    കൈമാറിയത് വിദേശ കറൻസികളും

    യുഎസ് ഡോളറും പാകിസ്ഥാൻ, ബംഗ്ലാദേശ്, ഒമാൻ, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ കറൻസികളും ഇത്തരത്തിൽ കൈമാറിയിട്ടുണ്ട്. 10 കോടിയിലധികം രൂപം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടവർക്കായി കൈമാറിയെന്നാണ് വിവരം. കോൾ റൂട്ട് വാങ്ങുന്നതിനായി 23.69 ലക്ഷം രൂപ ഷബീറിന്റെ അക്കൗണ്ടിലേക്കും കൈമാറിയിട്ടുണ്ട്.

    അന്താരാഷ്ട്ര കോളുകളെ ലോക്കൽ കോളുകളായി മാറ്റാൻ ഉപയോഗിച്ച 29 ജിഎസ്എം ഗേറ്റ് വേ ഉപകരണളും 794 വ്യാജ സിം കാർഡുകളും പിടിച്ചെടുത്തു. ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ മേല്‍വിലാസങ്ങളിലാണ് സിം എടുത്തിരിക്കുന്നത്.

    Also Read- മലപ്പുറത്ത് 14കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾക്ക് 16 വര്‍ഷം കഠിന തടവ് ശിക്ഷ

    മലപ്പുറം, എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. മുംബൈ, ഡൽഹി, ബെംഗളൂരു, പൂനെ തുടങ്ങിയ സ്ഥലങ്ങളിലും ഇവ സജീവമാണ്. കേന്ദ്ര രഹസ്യാന്വേഷണ എജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2021 ജൂലൈ രണ്ടിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

    Published by:Rajesh V
    First published: