കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ വെട്ടിപ്പ് നടത്തിയത് മാനേജറായിരുന്ന റിജില്‍ തനിച്ചെന്ന് പൊലീസ്. സീനിയര്‍ മാനേജറുടെ ഐഡി ഹാക്ക് ചെയ്താണ് റിജിൽ 15 കോടി തട്ടിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. 18 ലക്ഷം കാണാനില്ലെന്ന് കാണിച്ച് ബാങ്കിനെതിരെ സ്വകാര്യ വ്യക്തിയും രംഗത്ത് വന്നിട്ടുണ്ട്. സംഭവശേഷം ഒളിവില്‍ പോയ റിജിലിന്റെ മുൻകൂർ ജാമ്യപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
2021 മുതലാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ നിന്ന് മാനേജറായിരുന്ന റജില്‍ കോടികള്‍ ക്രമവിരുദ്ധമായി പിന്‍വലിച്ചത്. ലിങ്ക് റോഡ് ശാഖ, പിഎന്‍ബി എരഞ്ഞിപ്പാലം ശാഖ എന്നിവിടങ്ങളിലെ ഐഡിയില്‍ നിന്നാണ് പണം വെട്ടിപ്പ് നടത്തിയത്. ബള്‍ക്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ സീനിയര്‍ മനേജറുടെ അംഗീകാരം വേണ്ടതുണ്ട്. എന്നാല്‍ സീനിയര്‍ മാനേജറുടെ ഡിസ്ക്രിപ്ഷന്‍ ഐഡി എഡിറ്റ് ചെയ്താണ് തട്ടിപ്പ്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വേണ്ടിയാണ് റിജില്‍ കോടികള്‍ വെട്ടിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. റിജിലിന്റെ കമ്പ്യൂട്ടറും ലാപ് ടോപ്പും പരിശോധിച്ചപ്പോള്‍ ഓണ്‍ലൈന്‍ റമ്മിയുടെയും മറ്റ് ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
വായ്പയുടെ തിരിച്ചടവില്‍ നിന്ന് 18 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയും ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട് . തട്ടിപ്പ് നടത്താന്‍ റിജിലിന് സഹായമൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. അതേസമയം റിജിലിൻറെ മുൻകൂർ ജാമ്യപേക്ഷ തിങ്കളാഴ്ച്ചയാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.