കണ്ണൂര്‍: വൈദ്യുത പോസ്റ്റ് മാറ്റുന്നതിന് 1000 രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി സബ് എഞ്ചിനിയറെ വിജിലൻസ് സംഘം ഓടിച്ചിട്ട് പിടികൂടി. കെ.എസ്.ഇ.ബി. അഴീക്കോട് സെക്ഷനിലെ സബ് എന്‍ജിനിയര്‍ ജിയോ എം. ജോസഫ് (37) ആണ് പിടിയിലായത്. എന്നാൽ പിടികൂടുന്നതിനിടെ ഇയാൾ കൈക്കൂലി വാങ്ങിയ നോട്ട് വായിലിട്ട് വിഴുങ്ങുകയായിരുന്നു. എന്നാല്‍, നോട്ടില്‍ ഫിനാഫ്തലിന്‍ പുരട്ടിയിരുന്നതിനാല്‍ കൈയില്‍ ചുവപ്പ് പടര്‍ന്നിരുന്നു. ഇയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
എറണാകുളം സ്വദേശിയായ ജിയോ എം ജോസഫിന് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം കിട്ടിയ ദിവസമാണ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. പൂതപ്പാറ സ്വദേശി അബ്ദുള്‍ ഷുക്കൂറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്.
പരാതിക്കാരന്റെ വീടിന് മുന്നിലെ വൈദ്യുത പോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ ജിയോ 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു അബ്ദുൾ ഷുക്കൂർ വിജിലൻസിന് പരാതി നൽകിയത്. വീടിനോട് ചേര്‍ന്ന് കാര്‍ ഷെഡ് നിര്‍മിക്കാന്‍ വൈദ്യുത പോസ്റ്റ് തടസമായതിനാലാണ് അത് മാറ്റി സ്ഥാപിക്കാൻ ശ്രമിച്ചത്.
പോസ്റ്റ് മാറ്റുന്നതിനായി 5550 രൂപ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അടച്ചെങ്കിലും നടപടിക്രമങ്ങൾ വൈകുകയായിരുന്നു. ഇതേത്തുടർന്നാണ് ജിയോ എം ജോസഫിനെ അബ്ദുൾ ഷുക്കൂർ കണ്ടത്. 1000 രൂപ തന്നാല്‍ ഉടന്‍ പോസ്റ്റ് മാറ്റിയിടാമെന്ന് ജിയോ, അബ്ദുള്‍ ഷുക്കൂറിനെ അറിയിച്ചു. ഇക്കാര്യം അബ്ദുള്‍ ഷുക്കൂര്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
വീട്ടിലെത്തി പണം വാങ്ങി മടങ്ങുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ജിയോയെ വളഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിന്നാലെ ഓടിയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. ഓട്ടത്തിനിടയില്‍ കൈക്കൂലിയായി വാങ്ങിയ നോട്ട് ഇദ്ദേഹം വിഴുങ്ങിയതായി സംശയിക്കുന്നു.
എന്നാല്‍, നോട്ടില്‍ ഫിനാഫ്തലിന്‍ പുരട്ടിയിരുന്നതിനാല്‍ കൈയില്‍ ചുവപ്പ് പടര്‍ന്നു. ആശുപത്രിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയനാകാന്‍ ഇദ്ദേഹം വിസമ്മതിച്ചു. കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ. പങ്കജാക്ഷന്‍, എ.എസ്.ഐ.മാരായ നാരായണന്‍, പി.പി. നിജേഷ്, ഇ.വി. ജയശ്രീ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bribe, Kerala news, Kseb, Vigilance