പത്തനംതിട്ട: ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്താത്തതിൽ പ്രകോപിതനായ യാത്രക്കാരൻ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ മർദിച്ചു. ബസിന്റെ ചില്ല് എറിഞ്ഞുടച്ച പ്രതി ബസിൽ നിന്നിറങ്ങി ഓടുകയായിരുന്നു. ഈയാളെ യാത്രക്കാരും ഡ്രൈവറും ചേർന്ന് പിടികൂടി പോലീസിൽ ഏല്പിച്ചു. മാടപ്പള്ളി പെരുമ്പനച്ചി പനത്തിൽ സുബിൻ (22) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് എം.സി.റോഡിൽ പെരുന്തുരുത്തിയിലാണ് സംഭവം.
തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ പി.ശരത്ചന്ദ്രനാണ് മർദനമേറ്റത്. കോട്ടയത്തുനിന്നും തിരുവല്ലയിലേക്ക് വരികയായിരുന്നു ബസ്.പെരുന്തുരുത്തിയിലെ സ്റ്റോപ്പിന് പിന്നിലായി ബസ് നിർത്തണമെന്ന് സുബിൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ യഥാർഥ സ്റ്റോപ്പിൽത്തന്നെ നിർത്തിയതാണ് മർദനത്തിനു കാരണം.
ഇതോടെ ബസിനുള്ളിൽവെച്ച് സുബിൻ അസഭ്യവർഷം തുടങ്ങി. വനിതാ കണ്ടക്ടർക്കുനേരെയും തട്ടിക്കയറി. ഇതിനിടെ ഡ്രൈവറെ അടിച്ചശേഷം ബസിൽനിന്നിറങ്ങി ഓടി. ഓട്ടത്തിനിടെ വഴിയരികിൽ കിടന്ന ഇഷ്ടിക കഷണം ഉപയോഗിച്ച് ബസിന്റെ പിന്നിലെ ചില്ല് എറിഞ്ഞുടച്ചു. യാത്രക്കാരിൽ ചിലരും ഡ്രൈവറും പിന്നാലെ ഓടിയാണ് സുബിനെ പിടിച്ചത്. ഈ സമയത്ത് ശരത്ചന്ദ്രന്റെ ഇടത് കൈയിൽ സുബിൻ കടിക്കുകയും ചെയ്തു. സുബിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.