പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കാമുകനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് മര്‍ദിച്ച യുവതി അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവിന്‍റെ മുന്‍ കാമുകിയും കേസിലെ ഒന്നാം പ്രതിയുമായ ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. ലക്ഷ്മിപ്രിയ അടക്കം 8 പ്രതികളാണ് കേസിലുള്ളത്. വര്‍ക്കല അയിരൂരില്‍ നിന്ന് തട്ടികൊണ്ടുപോയ യുവാവിന് നേരെ ക്രൂരമായ മര്‍ദ്ദനമാണ് സംഘം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ഏപ്രിൽ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വര്‍ക്കല സ്വദേശിയായ ലക്ഷ്മി പ്രിയയും അയിരൂര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയ ശേഷം മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറായില്ല.
ഒടുവിൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂര്‍വ്വം യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. പിന്നീട് കാറിൽ വച്ച് ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദിച്ചു. സ്വര്‍ണ മാലയും കൈവശമുണ്ടായിരുന്ന 5500 രൂപയും ഐ ഫോൺ വാച്ചും കവര്‍ന്നു. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു മര്‍ദനം.
എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ എത്തിച്ച ലക്ഷ്മിപ്രിയയും പുതിയ കാമുകനുൾപ്പെട്ട സംഘവും യുവാവിനെ കെട്ടിയിട്ട് നഗ്‍നനാക്കി മര്‍ദ്ദിച്ചു. യുവാവിന്‍റെ ഐഫോണിൽ ലക്ഷ്മിപ്രിയയാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ച ശേഷം നീക്കം ചെയ്തു. പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
മൊബൈൽ ഫോണിന്‍റെ ചാര്‍ജര്‍ നാക്കിൽ വച്ച് ഷോക്കടിപ്പിച്ചെന്നും കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. എറണാകുളത്തെ ബന്ധുക്കളെത്തി യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചു.
കേസിലെ എട്ടാം പ്രതി അമലിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.