ഭോപാല്‍: മുപ്പതിനായിരം രൂപ ശമ്പളമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഏഴ് കോടി രൂപയുടെ വസ്തുവകകൾ. മധ്യപ്രദേശിലെ മദ്ധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അസിസ്‌റ്റന്റ് എഞ്ചിനീയര്‍ ഹേമ മീണ(36)യുടെ വീട്ടിൽ നടത്തിയ റെയ്ഡാണ് ഇപ്പോൾ രാജ്യമൊട്ടാകെ ശ്രദ്ധനേടുന്നത്. ഹേമ മീണയുടെയും ബന്ധുക്കളുടെയും പേരിലാണ് അഴിമതി വിരുദ്ധ വിഭാഗം കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുക്കൾ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ലോകായുക്ത സ്‌പെഷ്യല്‍ പൊലീസ് എസ്‌റ്റാബ്ളിഷ്‌മെന്റ് (എല്‍ എസ് പി ഇ) സംഘം സോളാര്‍ പാനല്‍ അറ്റകുറ്റപണിക്കെന്ന പേരില്‍ വേഷംമാറി ഹേമയുടെ പടുകൂറ്റന്‍ ബംഗ്ളാവിനുള്ളില്‍ കയറിപ്പറ്റിയത്. വളരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ബംഗ്ലാവ് വളപ്പിൽ ഉദ്യോഗസ്ഥർ ആദ്യം ദിവസം തന്നെ കണ്ടെത്തിയത്.
രണ്ട് ഡസനോളം വിലയേറിയ ഗീര്‍ പശുക്കള്‍, വിവിധ കൂടുകളിലായി നൂറുകണക്കിന് നായ്‌ക്കള്‍, 30 ലക്ഷം രൂപ വില വരുന്ന98 ഇഞ്ചിന്റെ ടി.വി എന്നിവ കണ്ടെത്തി. തുടർന്നുള്ള വിശദമായ പരിശോധനയിൽ വീടും പരിസരവും മുഴുവൻ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും മൊബൈല്‍ ജാമറുകളും ഉൾപ്പടെയുള്ള ഇലക്ട്രോണിക് അത്യാധുനിക ഉപകരങ്ങളും കണ്ടെത്തി.
അത്യാധുനിക സംവിധാനങ്ങളെല്ലാം ഉൾപ്പെടുന്ന ഹേമ മീണയുടെ വീടിന് ഏകദേശം ഒരു കോടി രൂപ വിലമതിപ്പുണ്ടെന്ന് വിജിലൻസ് കണക്ക് കൂട്ടുന്നു. 20,000 ചതുരശ്രയടി സ്ഥലത്താണ് ഈ പടുകൂറ്റൻ ബംഗ്ലാവ് നിര്‍മ്മിച്ചത്. പിതാവിന്റെ പേരിലാണ് സ്ഥലംവാങ്ങിയത്. ഈ ബംഗ്ളാവിന് പുറമെ റയ്‌സെന്‍,വിദിഷ എന്നീ ജില്ലകളിലും ഇവര്‍ക്ക് ഭൂമിയുണ്ടെന്നും കണ്ടെത്തി.
ഒരേസമയം മൂന്നിടത്താണ് പരിശോധന നടത്തിയത്. ആദ്യദിവസത്തെ പരിശോധനയിൽ കണ്ടെത്തിയ വസ്തുവകകൾക്ക് അഞ്ച് മുതൽ ഏഴ് കോടി രൂപ വിലമതിപ്പുണ്ടെന്ന് വ്യക്തമായി. ഹേമ മീണയുടെ വരുമാനത്തേക്കാൾ 232 ശതമാനം കൂടുതലാണ് അവരുടെ വസ്തുവകകളുടെ മതിപ്പെന്നും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.